കോവിഡ് ബാധിതരുടെ എണ്ണം ഉയരുമ്പോഴും 80 ശതമാനം പേരും വീടുകളില്‍ ചികിത്സയില്‍ തുടരുകയാണ്.പ്രകടമായ ലക്ഷണങ്ങള്‍ ഇല്ലാത്തവര്‍ വീട്ടില്‍ ചികിത്സ മതിയെന്നാണ് ആരോഗ്യവകുപ്പിന്റെ നിര്‍ദേശം.ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെ മാര്‍ഗനിര്‍ദേശങ്ങളും ഇതിനുണ്ട്. ലക്ഷണങ്ങളില്ലാത്തതും ഗുരുതര സാഹചര്യമില്ലാത്തതുമായ എല്ലാ രോഗികള്‍ക്കും വീട്ടില്‍ പരിചരണം തേടാം. രോഗികളെ എ, ബി, സി വിഭാഗത്തില്‍പ്പെടുത്തിയാണ് ചികിത്സ നിര്‍ദേശിക്കുന്നത്. കോവിഡ് ബാധിതര്‍ എല്ലാവരും ആശുപത്രിയിലേക്ക് ഓടേണ്ട, പോകേണ്ടവര്‍ ആരൊക്കെയെന്ന് അറിയാം.

എ വിഭാഗം

പ്രകടമായ ലക്ഷണങ്ങളില്ലാത്തവരാണ് ഈ വിഭാഗത്തിലുള്ളത്. കോവിഡ് ലക്ഷണങ്ങളുണ്ടെങ്കിലും ഇവര്‍ക്ക് പ്രകടമായിരിക്കില്ല. തീവ്രമല്ലാത്ത തൊണ്ടവേദന, ചുമ, മൂക്കൊലിപ്പ്, പനി, വയറിളക്കം എന്നിവ ഉണ്ടാകാമെങ്കിലും ഇവര്‍ക്ക് വീട്ടില്‍ വിശ്രമിക്കാം.

ലക്ഷണങ്ങള്‍ ഒരു ഡയറിയില്‍ കൃത്യമായി എഴുതിവെയ്ക്കണം. പള്‍സ്ഓക്സിമീറ്റര്‍ ഉപയോഗിച്ച് ശ്വസനം അളക്കണം, അസ്വാഭാവികമായ എന്ത് ലക്ഷണം കണ്ടാലും ആരോഗ്യപ്രവര്‍ത്തകരെ ബന്ധപ്പെടണം. ലക്ഷണങ്ങള്‍ അസ്വാഭാവികമായി തോന്നുകയാണെങ്കില്‍ ഇവര്‍ക്ക് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളില്‍ ചികിത്സ തേടാം.

ബി വിഭാഗം

എ വിഭാഗത്തില്‍ പറഞ്ഞിരിക്കുന്ന എല്ലാ ലക്ഷണങ്ങള്‍ക്കൊപ്പം ശ്വാസകോശരോഗം, അനിയന്ത്രിതമായ പ്രമേഹം, ഹൃദയ, കരള്‍, വൃക്ക, നാഡീരോഗികള്‍, രക്തസര്‍മ്മദം, അര്‍ബുദം, എയ്ഡസ് രോഗികള്‍, സ്റ്റിറോയിഡുകള്‍ കഴിക്കുന്നവര്‍, ഗര്‍ഭിണികള്‍, അറുപത് വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ എന്നിവരെയാണ് ഈ വിഭാഗത്തില്‍പെടുത്തിയിരിക്കുന്നത്. അവര്‍ക്ക് സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ പ്രവേശനം തേടാം.

സി വിഭാഗം

ശ്വസിക്കാന്‍ ബുദ്ധിമുട്ട്, നെഞ്ചുവേദന, മയക്കം, കഫത്തില്‍ രക്തം കാണുന്ന അവസ്ഥ, ശരീരത്തില്‍ നീലനിറം, രക്തസമ്മര്‍ദത്തിലുള്ള കുറവ്, അപസ്മാരം, ദീര്‍ഘകാലമായുള്ള മറ്റ് രോഗങ്ങള്‍ വഷളാവുന്ന അവസ്ഥ എന്നീ ലക്ഷണങ്ങളുള്ളവര്‍ കോവിഡ് ചികിത്സാകേന്ദ്രങ്ങളില്‍ ചികിത്സ തേടണം. ഇവരില്‍ സ്ഥിതി ഗുരുതരമാകുന്നവര്‍ക്കാണ് ശ്വസനസഹായികളുടെ സഹായം വേണ്ടിവരുന്നത്. ഇവര്‍ സൗകര്യങ്ങളുള്ള കോവിഡ് ആശുപത്രിയില്‍ എത്തണം.

പരിശോധിക്കാം ശ്വസനനിരക്ക്

വീടുകളില്‍ വിശ്രമിക്കുന്നവര്‍ക്ക് ഓക്സിജന്‍ അളവ് പരിശോധിക്കാന്‍ പള്‍സ് ഓക്സിമീറ്റര്‍ വാങ്ങി സൂക്ഷിക്കാന്‍ ആരോഗ്യവകുപ്പ് നിര്‍ദേശിക്കുന്നു. വിരലുകളില്‍ ഘടിപ്പിക്കാന്‍ കഴിയുന്ന ഉപകരണമാണിത്. ഘടിപ്പിച്ചതിനുശേഷം പത്ത് സെക്കന്‍ഡിനുള്ളില്‍ റീഡിങ് നോക്കാം.

ശ്രദ്ധിക്കേണ്ടത്

  1. വീട്ടിലെ മറ്റ് അംഗങ്ങളുമായി (വാകിസ്‌നെടുത്തവരാണെങ്കിലും) സമ്പര്‍ക്കം പാടില്ല.
  2. അത്യാവശ്യഘട്ടത്തില്‍ വിളിക്കാന്‍ വാഹനസൗകര്യം നേരത്തേ ഏര്‍പ്പെടുത്തുക.
  3. സ്ഥിരമായി കഴിക്കുന്ന മറ്റ് മരുന്നുകള്‍ മുടക്കരുത്.
  4. സംശയങ്ങള്‍ക്ക് ദിശയില്‍ വിളിക്കാം-1056.

തരംതിരിക്കാം

വീടിന് പുറത്ത് തരംതിരിച്ചാണ് രോഗികള്‍ക്ക് ചികിത്സ ഉറപ്പാക്കുന്നത്. ഡൊമസ്സിലിറി കെയര്‍ സെന്റര്‍(ഡി.സി.സി.), ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്റര്‍, സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്മെന്റ് സെന്റര്‍, കോവിഡ് ആശുപത്രികള്‍ എന്നിങ്ങനെ തിരിച്ചാണ് രോഗികളെ പരിചരിക്കുന്നത്. ലക്ഷണങ്ങളില്ലാത്ത, വീടുകളില്‍ വിശ്രമിക്കാന്‍ സൗകര്യമില്ലാത്ത രോഗികളെയാണ് ഡൊമസ്സിലിറി കെയര്‍ സെന്ററില്‍ (ഡി.സി.സി.) പ്രവേശിപ്പിക്കുക.

വിവരങ്ങള്‍ക്ക് കടപ്പാട്: ഡോ. കെ.പി. വേണുഗോപാല്‍,
അഡീഷണല്‍ പ്രൊഫ
സര്‍, ശ്വാസകോശ രോഗ വിഭാഗം, മെഡിക്കല്‍ കോളേജ്, കോട്ടയം

Content Highlights: corona pandemic precautions for corona patients