കിടപ്പുരോഗികള്‍ക്ക് വീടുകളിലെത്തി പരിചരണവും ആശ്വാസവും പകരുന്ന പാലിയേറ്റീവ് പരിചരണപ്രവര്‍ത്തനങ്ങള്‍ പ്രതിസന്ധിയിലേക്ക്. ലോക്ഡൗണിനെത്തുടര്‍ന്ന് സാമ്പത്തികസഹായങ്ങള്‍ കുറഞ്ഞതാണ് ഈ ജീവകാരുണ്യപ്രവര്‍ത്തനങ്ങളെ പ്രയാസത്തിലാക്കിയത്. പ്രതിസന്ധി തുടര്‍ന്നാല്‍ സംസ്ഥാനത്തെ 15,000-ലധികം വരുന്ന കിടപ്പുരോഗികളെയും അവരുടെ കുടുംബങ്ങളെയും അത് വലിയ ബുദ്ധിമുട്ടിലേക്ക് നയിക്കും. 

350-ല്‍പരം സര്‍ക്കാരിതര സന്നദ്ധസംഘടനകള്‍ സാന്ത്വനപരിചരണ മേഖലയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.  ഓരോ പാലിയേറ്റീവ് യൂണിറ്റിലും ഡോക്ടര്‍മാര്‍, നഴ്സുമാര്‍, ഫിസിയോതെറാപ്പിസ്റ്റ് എന്നിവരുടെ സേവനം ലഭ്യമാക്കുന്നുണ്ട്. ഒന്നിലധികം ഹോംകെയര്‍ യൂണിറ്റുകളുണ്ട്. രോഗികള്‍ക്കാവശ്യമായ മരുന്നുകളും മെഡിക്കല്‍ ഉപകരണങ്ങളും ഹോംകെയര്‍ യൂണിറ്റ് വഴി വീട്ടിലെത്തിച്ചുനല്‍കുന്നുമുണ്ട്. ഇതുകൂടാതെ ഹോംകെയര്‍ നല്‍കാന്‍ വാഹനവുംവേണം. ഇതെല്ലാംകൂടി ഒരു യൂണിറ്റ് പ്രവര്‍ത്തിക്കാന്‍ ഒരുമാസം 50,000 രൂപമുതല്‍ ഒന്നരലക്ഷത്തോളം രൂപ ചെലവുവരുന്നുണ്ടെന്ന് മലപ്പുറത്തെ പാലിയേറ്റീവ് കെയര്‍ പ്രവര്‍ത്തകര്‍ പറയുന്നു.  

കടകളിലും ബസ്സ്റ്റാന്‍ഡുകളിലുമൊക്കെവെച്ച കളക്ഷന്‍ ബോക്സുകളിലൂടെ ജനകീയമായി ലഭിക്കുന്ന വരുമാനം പാലിയേറ്റീവ് പ്രവര്‍ത്തനങ്ങള്‍ക്ക് വലിയ സഹായമായിരുന്നു. എന്നാല്‍ ലോക്ഡൗണിലേക്ക് പേകേണ്ടിവന്നതോടെ ഈ സഹായം പൂര്‍ണമായും നിലച്ചു. സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന പാലിയേറ്റീവ് കെയര്‍ യൂണിറ്റുകള്‍ സാമ്പത്തികപ്രതിസന്ധി നേരിടുകയാണെന്ന് ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് പാലിയേറ്റീവ് കെയര്‍ സംസ്ഥാന കമ്മിറ്റി അംഗം കെ. പി. നാരായണന്‍ പറഞ്ഞു. പരമാവധി പ്രവര്‍ത്തനം മുന്നോട്ടുകൊണ്ടുപോകുന്നുണ്ടെന്ന് കാസര്‍കോട് ഇനീഷ്യേറ്റീവ് ഇന്‍ പാലിയേറ്റീവ് കെയര്‍ ജില്ലാ സെക്രട്ടറി ബി. അജയ് കുമാര്‍ പറഞ്ഞു.

Content Highlights: Corona lockdown affected palliative care units