ലോക്ഡൗണിനെത്തുടര്‍ന്ന് വീടുകളില്‍ തളയ്ക്കപ്പെട്ട കുട്ടികളില്‍ പിടിവാശിയും അനുസരണക്കേടും വര്‍ധിച്ചതായി പഠനം. പഞ്ചായത്തിലെ അങ്കണവാടികളിലും പ്രീ- സ്‌കൂളിലും പഠിക്കുന്ന കുട്ടികളില്‍ ഐ.സി.ഡി.എസ്. സൂപ്പര്‍വൈസര്‍ ഡോ. ടീന ജോസഫ് നടത്തിയ പഠനത്തിലാണ് ലോക്ഡൗണ്‍ കാലത്ത് കുട്ടികളില്‍ സ്വഭാവവൈകല്യങ്ങള്‍ വര്‍ധിച്ചതായി കണ്ടെത്തിയത്. 

29 അങ്കണവാടികളിലെ വര്‍ക്കര്‍മാരും 326 കുട്ടികളുടെ അമ്മമാരുമാണ് സര്‍വേയില്‍ പങ്കെടുത്തത്. സാധാരണ സമയത്തും ലോക്ഡൗണ്‍ സമയത്തും കുട്ടികളില്‍ പ്രകടമായിക്കണ്ട മാറ്റങ്ങളാണ് പഠനവിധേയമാക്കിയത്. 38 ശതമാനം കുട്ടികള്‍ക്ക് പിടിവാശി വര്‍ധിച്ചതായാണ് സര്‍വെയില്‍ കണ്ടെത്തിയത്. 

അനുസരണയില്ലായ്മ വര്‍ധിച്ചത് 26 ശതമാനം കുട്ടികള്‍ക്കാണ്. 31 ശതമാനം കുട്ടികള്‍ കുറഞ്ഞസമയത്തേക്കുപോലും അടങ്ങിയിരിക്കുന്നവരല്ല. 23 ശതമാനം കുട്ടികള്‍ സ്വന്തമായി ആഹാരംകഴിക്കാന്‍ മടിയുള്ളവരാണ്. അക്രമസ്വഭാവമുള്ളവര്‍- 14 ശതമാനം, ഉറക്കത്തില്‍ മൂത്രമൊഴിക്കുന്നവര്‍- ഏഴുശതമാനം, ഉച്ചത്തില്‍ അമിതമായി കരയുന്നവര്‍- 14 ശതമാനം, പഠനപ്രശ്‌നങ്ങള്‍ കാണപ്പെട്ടത്- ഏഴ്ശതമാനം, പ്രത്യേക വസ്തുക്കളോട് അമിതഭയം- എട്ട് ശതമാനം, മറ്റുള്ളവരെ പറ്റിക്കുന്നവര്‍- ആറ് ശതമാനം, അശ്രദ്ധ- എട്ട് ശതമാനം, ഉള്‍വലിഞ്ഞ് നില്‍ക്കാന്‍ പ്രവണത- നാല്ശതമാനം പേര്‍ക്ക് എന്നിങ്ങനെയാണ് കണ്ടെത്തിയത്. 

ടീന ജോസഫ് കാലിക്കറ്റ് സര്‍വകലാശാലയില്‍നിന്ന് സൈക്കോളജിയില്‍ ഡോക്ടറേറ്റ് നേടിയിട്ടുണ്ട്.

Content Highlights: Corona lock down affected child mental health