-
കൊച്ചി: കോവിഡ്കാലത്ത് നേത്രദാനത്തിനും നേത്രരോഗ ചികിത്സയ്ക്കും നേരേ ആരോഗ്യമേഖല കണ്ണടയ്ക്കുന്നു. നേത്രദാതാക്കൾ എത്താത്തതും കോവിഡ് ഭീതിയും പ്രോട്ടോക്കോൾ നിർദേശങ്ങളുമാണ് നേത്രദാനം നടക്കാതിരിക്കാൻ കാരണം.
നേത്രദാനവും ഐ ബാങ്ക് പ്രവർത്തനങ്ങളും നിർത്തിവെക്കണമെന്ന് കോവിഡ് ആരംഭിച്ച സമയത്ത് ഐ ബാങ്ക് അസോസിയേഷൻ ഓഫ് ഇന്ത്യ നിർദേശിച്ചിരുന്നു. മേയ് പകുതിയോടെ പ്രവർത്തനങ്ങൾ പുനരാരംഭിച്ചു. എന്നാൽ, കോവിഡ് പ്രോട്ടോക്കോളുകൾ മൂലം നേത്രദാനം സുഗമമായില്ല.
ആശുപത്രികളിൽ കോവിഡേതര മരണങ്ങൾ കുറയുന്നതും കാരണമായി. മുമ്പ് മാസം 15 ശസ്ത്രക്രിയകൾ നടന്നിടത്ത്, ഇപ്പോൾ മൂന്നെണ്ണം മാത്രമാണ് നടക്കുന്നതെന്ന് കൊച്ചി ഗിരിധർ ഐ ഹോസ്പിറ്റൽ മെഡിക്കൽ സൂപ്രണ്ട് ഡോ. എസ്.ജെ. സാസ്കുമാർ പറഞ്ഞു.
കഴിഞ്ഞവർഷം ജനുവരി മുതൽ ഓഗസ്റ്റ് വരെ 58 കോർണിയയാണ് ഗിരിധർ ആശുപത്രിയിൽ ദാനം ചെയ്തത്.
നേത്രദാനത്തിനുള്ള കോവിഡ് മാനദണ്ഡങ്ങൾ
- കോവിഡ് പരിശോധന നിർബന്ധം
- മരണവീടുകളിൽ ചെന്ന് കോർണിയ ശേഖരിക്കരുത്
- ക്വാറന്റീൻ മേഖലയിലുള്ളവരെ തിരഞ്ഞെടുക്കരുത്
- അടുത്തകാലത്ത് കോവിഡ് ലക്ഷണങ്ങൾ ഉണ്ടായവർ പാടില്ല
- ദാതാവിന്റെ കുടുംബാംഗങ്ങൾക്ക് യാത്രാചരിത്രം ഉണ്ടാകരുത്
- കോവിഡ് ആശുപത്രിയിലെ കോവിഡ് ഇതര മരണങ്ങൾ ആണെങ്കിൽക്കൂടി ഉപയോഗിക്കരുത്.
നേത്രദാനം ചെയ്യുന്നയാളുടെ കോവിഡ് പരിശോധനാ ഫലം വൈകിയാൽ, കോർണിയ ശേഖരിച്ച് 14 ദിവസം വരെ പ്രത്യേക സംവിധാനത്തിൽ സൂക്ഷിക്കും. 48 മണിക്കൂർ കഴിഞ്ഞാൽ വൈറസിന് അതിജീവിക്കാനാകില്ല. 48 മണിക്കൂറിനുശേഷം ഇവ അണുവിമുക്തമാക്കി ഉപയോഗിക്കാനാകും.
Content Highlights: Corneal donation in times of the COVID 19
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..