Representative Image| Photo: Canva.com
പൊന്നാനി: മലപ്പുറം ജില്ലയില്‍ പലയിടത്തും ചെങ്കണ്ണ് പടരുന്നു. ചെങ്കണ്ണിന് സര്‍ക്കാര്‍ ആശുപത്രികളിലുള്‍പ്പെടെ വിദഗ്ധ ചികിത്സ ലഭിക്കുമെങ്കിലും ആശുപത്രികളില്‍ ചികിത്സതേടാന്‍ ആളുകള്‍ മടിക്കുകയാണ്. പലരും സ്വയം ചികിത്സ നടത്തിയാണ് ഈ രോഗത്തെ നേരിടുന്നത്. എന്നാല്‍, ശ്രദ്ധിച്ചില്ലെങ്കില്‍ ഗുരുതര പ്രത്യാഘാതമുണ്ടാക്കുന്ന അസുഖമാണ് ഇതെന്നാണ് നേത്രരോഗവിദഗ്ധര്‍ പറയുന്നത്. കണ്ണിന്റെ മുന്നിലുള്ള നേര്‍ത്ത പാടയായ കണ്‍ജങ്ടൈവയില്‍ അണുബാധകൊണ്ടുണ്ടാകുന്ന രോഗമാണ് ചെങ്കണ്ണ്. ബാക്ടീരിയ, വൈറസ്, അലര്‍ജി തുടങ്ങിയവയാണ് രോഗകാരണം. വേഗത്തില്‍ പകരുന്ന ഈ രോഗത്തെ വേണ്ടപോലെ ചികിത്സിക്കാതിരുന്നാല്‍ നേത്രപടല അന്ധതവരെ സംഭവിക്കാം. രോഗംബാധിച്ചാല്‍ സാധാരണ അഞ്ചുമുതല്‍ ഏഴ് ദിവസം വരെയും സങ്കീര്‍ണമായാല്‍ 21 ദിവസം വരെയും നീണ്ടുനില്‍ക്കാം. ആശാവര്‍ക്കര്‍മാരും ജെ.പി.എച്ച്.എന്‍.മാരും വീടുകളില്‍ പോയി മറ്റ് രോഗങ്ങള്‍ അന്വേഷിക്കുന്നതോടൊപ്പം ചെങ്കണ്ണിന്റെ വിവരങ്ങളും ശേഖരിക്കാന്‍ ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കുട്ടികളിലാണ് കൂടുതലായും അസുഖം കണ്ടുവരുന്നത്. രോഗമുള്ള കുട്ടികളെ സ്കൂളില്‍ വിടരുതെന്നും കുട്ടികളുള്‍പ്പെടെ എല്ലാവരും രോഗം ഭേദമാകുന്നതുവരെ വീട്ടില്‍ വിശ്രമിക്കണമെന്നും ആരോഗ്യവകുപ്പ് അറിയിച്ചിട്ടുണ്ട്.
രോഗം പിടിപെടാതിരിക്കാന്‍
രോഗമുള്ളവര്‍ ആള്‍ക്കൂട്ടങ്ങളില്‍നിന്ന് സ്വയം മാറിനില്‍ക്കുന്നതാണ് നല്ലത്. രോഗമുള്ള വ്യക്തി ഉപയോഗിക്കുന്ന സാധനങ്ങള്‍ സ്പര്‍ശിച്ചാല്‍ രോഗാണുക്കള്‍ കണ്ണിലെത്താം. രോഗംബാധിച്ച വ്യക്തികളില്‍നിന്ന് അകലംപാലിക്കണം. രോഗി ഉപയോഗിക്കുന്ന തോര്‍ത്ത്, കിടക്ക, തലയണ, പേന, പേപ്പര്‍, പുസ്തകം, തൂവാല, സോപ്പ്, ചീര്‍പ്പ്, മൊബൈല്‍ഫോണ്‍, മുതലായവ മറ്റുള്ളവര്‍ ഉപയോഗിക്കരുത്. ഇടക്കിടയ്ക്ക് സോപ്പും വെള്ളവും ഉപയോഗിച്ച് കൈ കഴുകണം. വൃത്തിയായി കഴുകുന്നതിന് മുന്‍പ് കണ്ണിലോ മൂക്കിലോ വായിലോ ഒരു കാരണവാശാലും തൊടരുത്. വീട്ടില്‍ ചെങ്കണ്ണ് ബാധിച്ച വ്യക്തിയുണ്ടെങ്കില്‍ കുട്ടികള്‍ക്ക് രോഗം ബാധിക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. കണ്ണിന് ആയാസമുണ്ടാകുന്ന ജോലികള്ചെയ്യരുത്. ചികിത്സതേടി വിശ്രമമെടുത്താല് ചെങ്കണ്ണ് ഭേദമാകും.
Also Read
ഇക്കാര്യങ്ങള്‍ മറക്കരുത്
രോഗിയുടെ കണ്ണില്‍ നോക്കിയതുകൊണ്ട് രോഗം പകരില്ല. ചെങ്കണ്ണ് പൂര്‍ണമായും ഭേദമാകാതെ കുട്ടികള്‍ സ്കൂളില്‍ പോകരുത്. മുലപ്പാല്‍, പച്ചില മരുന്നുകള്‍, ഇളനീര്‍ക്കുഴമ്പ് എന്നിവ കണ്ണിലൊഴിക്കാതിരിക്കുക. ഡോക്ടര്‍ നിര്‍ദേശിക്കാതെ വാങ്ങുന്ന മരുന്നുകളും മറ്റൊരാള്‍ക്ക് കുറിച്ചുനല്‍കിയ മരുന്നുകളും ഉപയോഗിക്കാതിരിക്കുക രാവിലെ കണ്ണ് തുറക്കാന്‍ ബുദ്ധിമുട്ടുണ്ടെങ്കില്‍ തിളപ്പിച്ചാറ്റിയ വെള്ളത്തില്‍ തുണിയോ പഞ്ഞിയോ മുക്കിപ്പിഴിഞ്ഞെടുത്ത് കണ്‍പോളയും പീലിയും തുടച്ചെടുക്കുക.
ലക്ഷണങ്ങള്‍
- കണ്ണിന് ചുവപ്പ്
- അമിത കണ്ണുനീര്
- കണ്പോളകളില് വീക്കം
- ചൊറിച്ചില്‍
- മഞ്ഞയോ വെള്ളയോ നിറത്തിലുള്ള പീള
- രാവിലെ എഴുന്നേല്ക്കുമ്പോള് പീലികള്‍ തമ്മില്‍ ഒട്ടിപ്പിടിച്ചിരിക്കുക
- കണ്ണിനുവേദന
- പ്രകാശത്തില്‍ നോക്കാന്‍ ബുദ്ധിമുട്ട്
Content Highlights: conjunctivitis pink eye symptoms causes and types
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..