പ്രതീകാത്മക ചിത്രം. Photo: Gettyimages.in
ന്യൂഡൽഹി: ചികിത്സപ്പിഴവ് ഉൾപ്പെടെ ഡോക്ടർമാരെക്കുറിച്ചുള്ള പരാതികൾ ഉന്നയിക്കാൻ ദേശീയതലത്തിൽ സംവിധാനങ്ങളില്ലാത്തത് രോഗികളെ വലയ്ക്കുന്നു. ദേശീയ മെഡിക്കൽ കൗൺസിലിന് പകരമായി 2019-ൽ ദേശീയ മെഡിക്കൽ കമ്മിഷൻ രൂപവത്കരിച്ചപ്പോൾ വരുത്തിയ നിയമഭേദഗതികളാണ് തിരിച്ചടിയാകുന്നത്.
മെഡിക്കൽ കൗൺസിലിൽ ഡോക്ടർമാരെക്കുറിച്ചുള്ള പരാതികൾ പൊതുജനങ്ങൾക്ക് നേരിട്ട് അറിയിക്കാൻ സംവിധാനമുണ്ടായിരുന്നു.
സംസ്ഥാന കൗൺസിലിൽ പരിഹാരം ലഭിക്കാതെ തള്ളപ്പെടുന്ന പരാതികളിൽ 60 ദിവസത്തിനുള്ളിൽ പൊതുജനങ്ങൾക്ക് കൗൺസിലിൽ അപ്പീൽ നൽകാമായിരുന്നു. സംസ്ഥാനത്ത് പരാതി പരിഗണിക്കാൻ ആറുമാസത്തിലേറെ സമയം എടുത്താൽ അതും കൗൺസിലിൽ ഉന്നയിക്കാമായിരുന്നു. എന്നാൽ, 2019-ൽ ദേശീയ മെഡിക്കൽ കമ്മിഷൻ പ്രാബല്യത്തിൽ വന്നതോടെ ഡോക്ടർമാർ മാത്രമേ നേരിട്ട് പരാതികളുമായി കമ്മിഷനെ സമീപിക്കാൻ പാടുള്ളൂവെന്ന ചട്ടം (എൻ.എം.സി. നിയമം സെക്ഷൻ 30 (3) ) നിലവിൽ വന്നു. ഇതോടെ, സംസ്ഥാനതലത്തിൽ ലഭിക്കാത്ത നീതിക്കായി സുപ്രീംകോടതി കയറേണ്ട അവസ്ഥയിലാണ് രോഗികൾ.
ഡോക്ടർമാരോട് പ്രതികരിക്കാതെ കമ്മിഷൻ
വിവരാവകാശ നിയമപ്രകാരം വിവിധ ആവശ്യങ്ങളുന്നയിച്ച് ഡോക്ടർമാർ സമർപ്പിക്കുന്ന അപേക്ഷകളോട് ദേശീയ മെഡിക്കൽ കമ്മിഷൻ പ്രതികരിക്കുന്നില്ലെന്ന ആരോപണമുണ്ട്. 150 വിവരാവകാശ അപേക്ഷകൾ രണ്ട് വർഷത്തിനുള്ളിൽ സമർപ്പിക്കപ്പെട്ടെങ്കിലും ഒന്നിനുപോലും മറുപടിയില്ലെന്ന് കണ്ണൂരിലെ നേത്രരോഗവിദഗ്ധനായ ഡോ. കെ.വി. ബാബു പറഞ്ഞു. മെഡിക്കൽ കൗൺസിലിനെക്കുറിച്ച് ഒട്ടറെ പരാതികളും അഴിമതിയാരോപണങ്ങളും ഉയർന്ന പശ്ചാത്തലത്തിലാണ് കേന്ദ്രം മെഡിക്കൽ കമ്മിഷൻ രൂപവത്കരിച്ചത്. എന്നാൽ, കാര്യങ്ങൾ പഴയപടി തുടരുന്നതായും ഡോ. ബാബു പറഞ്ഞു.
Content Highlights: complaints against doctors, national medical commission, national medical council, medical negligenc
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..