പെരിന്തൽമണ്ണ: പെരിന്തൽമണ്ണ ഒബ്സ്റ്റെട്രിക് ആൻഡ് ഗൈനക്കോളജിക്കൽ സൊസൈറ്റിയുടെ (പി.ഒ.ജി.എസ്) വാർഷിക സമ്മേളനം ആരംഭിച്ചു.
യഥാർഥ മെഡിക്കൽ സമ്മേളനങ്ങളുടെ പ്രതീതിയുണ്ടാകുന്ന വെർച്വൽ കൺവെൻഷൻ സെന്ററാണ് ഇതിനായി ഒരുക്കിയിട്ടുള്ളത്.
പ്രസവം, ഫീറ്റൽ മെഡിസിൻ, ഗൈനക്കോളജി, ഓങ്കോളജി, വന്ധ്യത ചികിത്സ എന്നിവയിലെ ഏറ്റവും പുതിയ നേട്ടങ്ങൾ ചർച്ച ചെയ്യുന്ന സമ്മേളനത്തിൽ കോവിഡ് പ്രതിസന്ധിക്കിടെ ഏറ്റവും കൂടുതൽ വിദഗ്ധരെയും ദേശീയ അന്തർദേശീയ ഫാക്കൽറ്റികളെയും 3000ത്തിലധികം പ്രതിനിധികളെയും ഒരുമിച്ച് കൊണ്ടുവരുന്നു എന്നതാണ് പ്രത്യേകത.
ഫെഡറേഷൻ ഓഫ് ഒബ്സ്റ്റട്രിക് ആൻഡ് ഗൈനക്കോളജിക്കൽ സൊസൈറ്റീസ് ഓഫ് ഇന്ത്യ (ഫോഗ്സി) പ്രസിഡന്റ് ഡോ. അൽപേഷ് ഗാന്ധി സമ്മേളനം ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ കോളേജ് ഓഫ് ഒബ്സ്റ്റട്രീഷ്യൻസ് ആൻഡ് ഗൈനക്കോളജിസ്റ്റുകളുടെ (ഐ.സി.ഒ.ജി.) ചെയർപേഴ്സൺ മന്ദാകിനി മേഗ് മുഖ്യാതിഥിയായി.
ഫോഗ്സിയുടെയും അതിന്റെ 258 അംഗ സൊസൈറ്റികളുടെയുംപ്രവർത്തനങ്ങൾ ഡോ. അൽപേഷ് ഗാന്ധി വിശദീകരിച്ചു.'അന്താരാഷ്ട്ര വനിതാദിനത്തിൽ നടന്ന മെഗാ കാൻസർ സ്ക്രീനിങ് ക്യാമ്പ് വനിതാ പോലീസ് സ്റ്റാഫുകളും സിആർപിഎഫ് കുടുംബങ്ങളിൽ നിന്നുള്ള നാല്പതിനായിരം സ്ത്രീകളും ഉൾപ്പെടെ ഒരു ലക്ഷത്തോളം സ്ത്രീകൾക്ക് പ്രയോജനപ്പെട്ടു. മാതൃദിനത്തിൽ നടന്ന 'വനിതാ ശാക്തീകരണവും സുരക്ഷയും' പരിപാടിയിൽ വിവിധ സംസ്ഥാനങ്ങളിൽ നിന്നായി 42 ആയിരത്തിലധികം സ്ത്രീകൾ പങ്കെടുത്തു. മുലയൂട്ടലിന്റെ പ്രാധാന്യത്തെക്കുറിച്ചുള്ള പരിപാടിയിൽ വലിയ തോതിൽ സ്ത്രീപങ്കാളിത്തമുണ്ടായി'- അദ്ദേഹം പറഞ്ഞു.
പി.ഒ.ജി.എസ്. പ്രസിഡന്റ് ഡോ.കെ.യു. കുഞ്ഞിമൊയ്തീൻ, സെക്രട്ടറി ഡോ. അബ്ദുൾ വഹാബ്, ഡോ. രമണിദേവി ടി, ഡോ. കെ. അംബുജം, ഡോ. എം. വേണുഗോപാൽ, ഡോ. ജിതേന്ദ്ര ബെഹറ, ഡോ. അശ്വത് കുമാർ, ഡോ. ഫെസ്സി ലൂയിസ്, ഡോ. പി. മുംതാസ് എന്നിവർ ഉദ്ഘാടന ചടങ്ങിൽ സംസാരിച്ചു.
ജനസംഖ്യയുടെ പകുതിവരുന്ന സ്ത്രീകളുടെ ആരോഗ്യപ്രശ്നങ്ങൾക്ക് ലഭിക്കേണ്ട പ്രത്യേക പരിഗണനയ്ക്ക് ഒരു പ്രതിസന്ധിയും തടസ്സമാവരുതെന്ന് ഡോ. കെ. യു. കുഞ്ഞിമൊയ്തീൻ പറഞ്ഞു. മെഡിക്കൽ അപ്ഡേറ്റുകളും വൈദഗ്ധ്യം പങ്കിടലും മാറ്റിവെക്കാവുന്ന ഒന്നല്ല.' അദ്ദേഹം പറഞ്ഞു.
ഡിജിറ്റൽ ലോകം ഡോക്ടർമാർക്കായി ഒരുക്കിയ കൺവെൻഷൻ സെന്റർ ഒരു ദൃശ്യ വിസ്മയമാണ്. സാധാരണ വെബിനാർ അല്ല ഇത്. വെബ്സൈറ്റിൽ രജിസ്ട്രേഷൻ പൂർത്തിയാക്കുമ്പോൾ,ഗ്ലാസ് വാതിലുകൾ തുറന്നാണ് വിര്‍ച്വല്‍ കൺവെൻഷൻ സെന്ററിലേക്കുള്ള പ്രവേശനം.
ലോബിയിൽ ഇൻഫർമേഷൻ ഫീഡ്ബാക്ക് ഡെസ്കുകൾ ഉണ്ട്. താഴത്തെ നിലയിൽ രണ്ട് കവാടങ്ങൾ. ഒന്ന് പ്രധാന കോൺഫറൻസ് ഹാളിലേക്ക് നയിക്കുന്നു. അവിടെ അന്താരാഷ്ട്ര, ദേശീയ ഫാക്കൽറ്റികളുടെ ശാസ്ത്രീയ സെഷനുകളും പാനൽ ചർച്ചകളും നടക്കുന്നു. രണ്ടാമത്തെ പ്രവേശന കവാടം മെഡിസിനും, മെഡിക്കൽ സാങ്കേതികവിദ്യകൾക്കുമുള്ള ഒരു എക്സിബിഷൻ ഹാളിലേക്ക് നയിക്കുന്നു.
എസ്കലേറ്റർ വഴിയുള്ള ഒന്നാം നിലയിൽ ഇപോസ്റ്റർ അവതരണങ്ങൾക്കായി ഹാൾ സജ്ജമാണ്. റിസ്ക് കൂടിയ ഗർഭാവസ്ഥ മാനേജ്മെന്റ്, ഫീറ്റൽ മെഡിസിൻ,ഗൈനക് ഓങ്കോളജി, പ്രത്യുൽപ്പാദന മരുന്നുകൾഎന്നിവയിലെ നൂതന കാൽവെപ്പുകളാണ് ഇ-പോസ്റ്ററുകൾ.
ഡിജിറ്റൽ യുഗത്തിന്റെ മുഴുവൻ സാധ്യതകളും അന്താരാഷ്ട്ര സമ്മേളനത്തിനും ഫെയറിനുമായി പ്രയോജനപ്പെടുത്തിയിട്ടുണ്ടെന്ന് ഡോ. കുഞ്ഞിമൊയ്തീൻ പറഞ്ഞു.
ശാസ്ത്ര സെഷനുകൾ: മെറ്റേണൽ മെഡിസിൻ, ഫീറ്റൽ മെഡിസിൻ, ഹിസ്റ്ററോസ്കോപ്പി ടെക്നിക്കുകൾ, ഹിസ്റ്റെറെക്ടമി, ഓവറിയൻ സിസ്റ്റുകൾക്കുള്ള ചികിത്സ, അസാധാരണമായ ആർത്തവം, ഗൈനക്കോളജിക്കൽ ഓങ്കോളജി, ആർത്തവവിരാമ ജീവിതശൈലി, വന്ധ്യതാ മാനേജ്മെന്റ്, ലൈംഗിക ശേഷിക്കുറവ്, കോസ്മെറ്റിക് ഗൈനക്കോളജി തുടങ്ങിയ വിഷയങ്ങളിൽ രണ്ട് ദിവസങ്ങളിലായി പ്രധാന വേദിയിൽ ചർച്ച ചെയ്യും.
അസാധാരണമായ ഗർഭാശയ രക്തസ്രാവം, മെറ്റേണൽ കൊളാപ്സ്, പുരുഷ വന്ധ്യത എന്നീ വിഷയങ്ങളിൽപാനൽ ചർച്ചകൾ നടക്കുന്നുണ്ട്. വളർച്ച കുറഞ്ഞ ഗർഭസ്ഥ ശിശുവിന്റെ നിരീക്ഷണം, റിസ്ക് കൂടിയ ഗർഭാവസ്ഥ വരുന്നവർക്കുള്ള മെഡിക്കൽ പരിചരണം, കേരളത്തിലെ മാതൃമരണങ്ങളുടെ വിശകലനം, ആവർത്തിച്ചുള്ള ഗർഭഛിദ്രംഎന്നിവയിൽ പ്രത്യേക സെഷനുകളും സമ്മേളനത്തിലുണ്ടെന്ന് സെക്രട്ടറി ഡോ. അബ്ദുൽ വഹാബ് പറഞ്ഞു.
യു.കെ. യിൽനിന്നുള്ള ഗൈനക്കോളജിക് ഓങ്കോളജിസ്റ്റ് ഡോ. ആൻഡ്രൂ ഫിലിപ്സ്, റീപ്രൊഡക്ടീവ്മെഡിസിൻ വിദഗ്ധൻ ഡോ. കൊ ജയപ്രകാശൻ, സ്പെയിനിലെ ഫീറ്റൽ മെഡിസിൻ വിദഗ്ധൻ ഡോ. ഫ്രാൻസിസ് ഫിഗ്യൂറസ്, മലേഷ്യയിലെ ഒബ്സ്റ്റട്രിക്സ് വിദഗ്ധൻ ഡോ. ജെ. രവിചന്ദ്രൻ എന്നിവർ സംസാരിക്കും.
ഫെഡറേഷൻ ഓഫ് ഒബ്സ്റ്റട്രിക് ആൻഡ് ഗൈനക്കോളജിക്കൽ സൊസൈറ്റീസ് ഓഫ് ഇന്ത്യ (ഫോഗ്സി), കേരള ഫെഡറേഷൻ ഓഫ് ഒബ്സ്റ്റട്രിക്സ് ആൻഡ് ഗൈനക്കോളജി (കെ.എഫ്.ഒ.ജി.) എന്നിവ സമ്മേളനത്തിന് പിന്തുണ നൽകുന്നു.
Content Highlights:Commencement of the Annual Conference of Gynecologists, Health