Representative Image| Photo: Canva.com
കാഞ്ഞങ്ങാട്: നാട് മകരക്കുളിരിൽ വിറയ്ക്കുന്നു. തണുപ്പ് കൂടിയതോടെ അസുഖങ്ങളും വ്യാപകമാകുന്നു. തൊണ്ടവേദനയും ഒച്ചയടപ്പുമാണ് കൂടുതലായും ഉണ്ടാകുന്നത്. പനിയും ചുമയും ജലദോഷവും മൂക്കടപ്പും പിടിപെടുന്നു. കഫക്കെട്ടാണ് മറ്റൊരു പ്രശ്നം. വൈറസും ബാക്ടീരിയയുമെല്ലാം പരത്തുന്ന അണുബാധയെ പ്രതിരോധിക്കാൻ നല്ല മുൻകരുതലുണ്ടാകണമെന്ന മുന്നറിയിപ്പാണ് ഡോക്ടർമാർ നൽകുന്നത്.
മകരമാസം പിറന്നതേയുള്ളൂ. ഇനി രണ്ടാഴ്ചയെങ്കിലും തണുപ്പുണ്ടാകുമെന്നാണ് കാലാവസ്ഥാനിരീക്ഷകർ നൽകുന്ന സൂചന. 21 ഡിഗ്രി സെൽഷ്യസിൽ താഴെയാണ് കാസർകോട്, കണ്ണൂർ ജില്ലകളിലെ താപനില. കഴിഞ്ഞ ആഴ്ച 23 ഡിഗ്രിയും 22 ഡിഗ്രിയും ആയിരുന്ന താപനില അടുത്ത ദിവസങ്ങളിലാണ് 21 ഡിഗ്രിയിലും താഴെയെത്തിയത്. തണുപ്പ് കൂടിയപ്പോൾ കാണുന്ന മറ്റൊരു രോഗം കുട്ടികളുടെ ചെവിവേദനയാണ്.
കോവിഡ് വൈറസ് പരക്കുന്നുണ്ടോയെന്ന സംശയവും ആരോഗ്യവകുപ്പിനുണ്ട്. ആരും പരിശോധന നടത്തുന്നില്ല. പനിയും ചുമയും ദിവസങ്ങളോളം നീണ്ടാലും സ്വയംചികിത്സിച്ചോ വല്ലപ്പോഴും ഡോക്ടറെ കണ്ടോ കഴിച്ചുകൂട്ടുകയാണെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എ.വി. രാംദാസ് പറഞ്ഞു. നവീകരണം നടക്കുന്നതിനാൽ ദേശീയപാതയിൽ വലിയ തോതിൽ പൊടിപടലങ്ങളുണ്ട്. മാസ്ക് ധരിക്കലാണ് പൊടിയെ പ്രതിരോധിക്കാനുള്ള എളുപ്പമാർഗമെന്ന് ഡോക്ടർമാർ നിർദേശിക്കുന്നു. കോവിഡ് കാലത്ത് നൽകിയ നിർദേശങ്ങൾ, അതു കൈകഴുകുന്നതിൽ തുടങ്ങി സാമൂഹിക അകലം പാലിക്കുന്നതിൽവരെ കൃത്യമായി കൈക്കൊള്ളണമെന്ന് ആരോഗ്യവകുപ്പ് ആവർത്തിക്കുന്നു. ആസ്ത്മയും മറ്റു ശ്വാസംമുട്ടലുമുള്ളവർ ജാഗ്രത പുലർത്തണമെന്ന നിർദേശവും ഡോക്ടർമാർ നൽകുന്നു.
തണുത്തത് ഒഴിവാക്കൂ; ചൂടുള്ളത് കഴിക്കൂ
തണുത്ത ഭക്ഷണം കഴിയുന്നതും ഒഴിവാക്കണമെന്ന് ഡോക്ടർമാർ പറയുന്നു. തണുത്തവെള്ളം കുടിക്കുന്നതും ഒഴിവാക്കണം. തിളപ്പിച്ചാറ്റിയ വെള്ളം ഇളം ചൂടോടെ കുടിക്കണം. വെള്ളം ധാരാളം കുടിക്കണം. നേരിയ ചൂടുവെള്ളത്തിൽ ഉപ്പിട്ട് കവിൾക്കൊള്ളണം. ഇതു ഇടയ്ക്കിടെ ചെയ്യുന്നത് നല്ലതാണ്.
ചുണ്ടുകൾ വിണ്ടുകീറുന്നതും ശരീരത്തിന്റെ പലഭാഗത്തും ചൊറിച്ചലുണ്ടാകുന്നതും തണുപ്പുകാലത്ത് പതിവാണ്. വെള്ളം ചൂടാക്കി കുളിക്കുന്നത് ഇത്തരം പ്രശ്നങ്ങളെ ഇല്ലാതാക്കുമെന്നും ഡോക്ടർമാർ പറയുന്നു.
കൂടുതൽ ശ്രദ്ധപുലർത്തണം
അണുബാധ തണുപ്പുകാലത്ത് കൂടുതലാണ്. രോഗപ്രതിരോധശേഷിയുണ്ടാക്കേണ്ട സമയമാണിത്. കോവിഡ് പൂർണമായും പോയിട്ടില്ല. പ്രതിരോധ കുത്തിവയ്പ്പെടുത്തതിനാൽ കോവിഡ് വന്നാലും അത് വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നില്ല. എങ്കിലും ജാഗ്രത കൈവിടരുത്. കോവിഡ്കാലത്തെ ആരോഗ്യവകുപ്പിന്റെ നിർദേശങ്ങളൊന്നും മിക്കയാളുകളും പാലിക്കുന്നില്ല. ചൂടുവെള്ളത്തിൽ ഉപ്പിട്ട് കവിൾക്കൊള്ളുന്നതടക്കമുള്ള കാര്യങ്ങൾ നിർബന്ധമായും ചെയ്യണം. കുട്ടികളിൽ പ്രത്യേകിച്ച്. ശ്വാസകോശസംബന്ധമായ അസുഖമുള്ളവർ മാസ്ക് ഒഴിവാക്കാനേ പാടില്ല. കഫത്തിന് നിറവ്യതാസമുണ്ടായാലോ ചുമ കൂടുതലാണെങ്കിലോ വൈകാതെ ചികിത്സ തേടണം
ഡോ. എ.ടി. മനോജ്, മുൻ ജില്ലാ കോവിഡ് സെൽ നിരീക്ഷണ ഓഫീസർ
പിത്തവും വാതവും കൂടുന്ന കാലം
ഇപ്പോൾ ഹേമന്ത ഋതുവാണ്. ഇക്കാലത്ത് വാതവും പിത്തവുമാണ് കൂടിയിരിക്കുന്നത്. അതിനാൽ വാതസംബന്ധമായ വേദനകളും പിത്തം കൊണ്ടുള്ള ത്വക് രോഗവും കൂടും. ശിരസ്സിലും ദേഹത്തും ഉചിതമായ എണ്ണതേച്ച് ചൂടുവെള്ളത്തിൽ കുളിക്കുന്നതും ആവിപിടിക്കൽ, ധാരകൾ ഇവയൊക്കെ ചെയ്യുന്നതും നല്ലതാണ്. ഭക്ഷണകാര്യത്തിൽ മധുര-അമ്ല-രസ പ്രധാനമായവായാണ് ഉചിതം. പോഷകസമ്പുഷ്ടമായ ഭക്ഷണം നന്നായി കഴിക്കണം. പിത്തം ഉണ്ടാക്കുന്ന എരിവ്, മസാല, മറ്റു ജങ്ക് ഫുഡ് എന്നിവ കുറയ്ക്കണം. ശർക്കര, തേൻ, നെയ്യ്, മാംസരസം, ധാന്യങ്ങൾ, പയർവർഗങ്ങൾ ഇവ ഭക്ഷണത്തിൽ ധാരാളം ഉൾപ്പെടുത്താം. ആവശ്യത്തിന് വെയിൽ കൊള്ളുക, വിയർപ്പിക്കുക, വ്യായാമം ചെയ്യുക, നന്നായി ഉറങ്ങുക.
ഡോ. ജി.കെ. സീമ, മെഡിക്കൽ ഓഫീസർ, ഗവ. ആയുർവേദ ഡിസ്പെൻസറി, നീലേശ്വരം
രോഗാണുക്കൾക്ക് അനുകൂല സാഹചര്യം
മനുഷ്യന് രോഗപ്രതിരോധശേഷി കുറയുന്നതിനോടൊപ്പം രോഗാണുക്കൾക്ക് അനുകൂല സാഹചര്യവുമാണിത്. തണുപ്പും പൊടിപടലവും കൂടുന്നതിനാൽ ജലദോഷം, സൈനസൈറ്റിസ്, അലർജി പ്രശ്നങ്ങൾ, ത്വക് രോഗങ്ങൾ എന്നിവ വർധിക്കുന്നു. ശരീരത്തിന്റെ താപനില വ്യത്യാസംവരാതെ ശ്രദ്ധിക്കുകയാണ് വേണ്ടത്. തണുപ്പുള്ള സമയം കട്ടിയുടുപ്പുകൾ ഉപയോഗിക്കുക. അതേസമയം ഉച്ചസമയത്തടക്കമുള്ള കൊടുംചൂടിൽനിന്ന് അകന്നുനിൽക്കുക. വൈറസ് രോഗങ്ങൾക്ക് തുടക്കത്തിൽതന്നെ ആവശ്യമായ ചികിത്സ നടത്തണം.
ഡോ. ടി.ജി. മനോജ് കുമാർ, ഹോമിയോ മെഡിക്കൽ ഓഫീസർ, കണ്ണൂർ
Content Highlights: cold and cough during winter, how to prevent cold and cough in the winter
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..