ജാസ്മിൻ ഡേവിഡും കുടുംബവും | Photo: christie.nhs.uk/
കാന്‍സര്‍ ചികിത്സാരംഗത്ത് വലിയ പ്രതീക്ഷകള്‍ നല്കിയ വാര്‍ത്തയായിരുന്നു ഡോസ്ടാര്‍ലിമാബ് എന്ന മരുന്നിന്റെ കണ്ടുപിടിത്തും. അര്‍ബുദ ചികിത്സാ രംഗത്ത് ചരിത്രം സൃഷ്ടിക്കാനെത്തുന്ന മരുന്ന് എന്ന വിശേഷണത്തോടെ എത്തിയ ഈ മരുന്ന് പരീക്ഷിച്ച യു.എസിലെ 18 പേരിലും അര്‍ബുദം പൂര്‍ണമായും ഭേദമായെന്ന് കണ്ടെത്തി. ഇതോടെയാണ് ഈ മരുന്ന് വാര്‍ത്തകളില്‍ ഇടം നേടിയത്. ചരിത്രത്തില്‍ ആദ്യമായാണ് മരുന്നു പരീക്ഷണത്തില്‍ പങ്കെടുത്തവരില്‍ മുഴുവന്‍പേരുടെയും അര്‍ബുദം പൂര്‍ണമായും ഭേദമാകുന്ന വാര്‍ത്ത പുറത്തുവരുന്നത്.
ഇപ്പോഴിതാ ഇതിന് സമാനമായി ഇംഗ്ലണ്ടിൽ നിന്ന് മറ്റൊരു മരുന്നും വാര്‍ത്തകളില്‍ ഇടം നേടിയിരിക്കുകയാണ്. നിലവില്‍ കാന്‍സര്‍ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന 'അറ്റെസോലിസുമാബ്' എന്ന മരുന്നും മറ്റ് ചില മരുന്നുകളും കൂട്ടിച്ചേര്‍ത്തുള്ള സംയുക്തമാണ് ഇന്ത്യക്കാരിയായ ജാസ്മിന് ഡേവിഡില്‍ പരീക്ഷിച്ചത്.
മാഞ്ചസ്റ്ററിന് സമീപം ഫാളോഫീല്‍ഡില്‍ താമസമാക്കിയ 51 വയസ്സുകാരി ജാസ്മിന് 2017 നവംബറിലാണ് ഗുരുതരമായ ട്രിപ്പിള്‍ നെഗറ്റീവ് ബ്രെസ്റ്റ് കാന്‍സര്‍(ടി.എന്‍.ബി.സി.) സ്ഥിരീകരിക്കുന്നത്. തുടര്‍ന്ന് ആറ് മാസം നീളുന്ന കീമോതെറോപ്പി, സര്‍ജറി, റേഡിയേഷന് എന്നീ ചികിത്സാമാര്ഗങ്ങളെല്ലാം പിന്തുടര്ന്നു. 2019 ൽ ജാസ്മിന്റെ ശരീരം വീണ്ടും കാന്‍സര്‍ രോഗലക്ഷണങ്ങള്‍ കാട്ടിത്തുടങ്ങി. ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ കാന്‍സര്‍ പടര്‍ന്ന് തുടങ്ങിയിരുന്നു. ശ്വാസകോശം, ലിംഫ് ഗ്രന്ഥികള്‍, നെഞ്ചിനോട് ചേര്‍ന്ന അസ്ഥികള്‍ എന്നിവയെയെല്ലാം കാന്‍സര്‍ പിടികൂടിയിരിക്കുന്നു. ഒരു വർഷത്തിൽ താഴെയായിരുന്നു ഡോക്ടർമാർ ജാസ്മിന് ആയുസ്സ് വിധിച്ചത്.
രണ്ട് മാസത്തിന് ശേഷം ജാസ്മിന് ഗവേഷണത്തിന്റെ ഭാഗമായ മരുന്ന് പരീക്ഷണത്തിന് പങ്കെടുക്കാന്‍ അവസരം ലഭിച്ചു. 2019 ഡിസംബറില്‍ രണ്ട് വര്‍ഷം നീളുന്ന ക്ലിനിക്കല്‍ ട്രയലിന് തുടക്കം കുറിച്ചു. മാഞ്ചസ്റ്ററിലെ ദ ക്രിസ്റ്റി എന്‍.എച്ച്.എസ്. ഫൗണ്ടേഷന് ട്രസ്റ്റിന് കീഴില്‍ യു.കെ. സര്‍ക്കാരിന്റെ കീഴിലുള്ള ഗവേഷണങ്ങള്‍ക്ക് ഫണ്ട് നല്കുന്ന ഏജന്‍സിയായ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഹെല്‍ത്ത് ആന്‍ഡ് കെയര്‍ റിസേര്‍ച്ചും(എന്‍.ഐ.എച്ച്.ആര്.) മാഞ്ചെസ്റ്റര്‍ ക്ലിനിക്കല്‍ റിസേര്‍ച്ച് ഫെസിലിറ്റി(സി.ആര്.എഫ്.)യും ചേര്‍ന്നാണ് മരുന്ന് പരീക്ഷണത്തിന് നേതൃത്വം നല്‍കിയത്. മൂന്ന് ആഴ്ചകള്‍ കൂടുമ്പോഴാണ് അറ്റെസോലിസുമാബ് ചേര്‍ന്ന ഇമ്യൂണോതെറാപ്പി മരുന്ന് നല്‍കിയത്.
''രോഗം കണ്ടുപിടിച്ചയുടനെയുള്ള ചികിത്സയിലൂടെ ഏകദേശം 15 മാസത്തോളം രോഗത്തിന് ശമനമുണ്ടായിരുന്നു. ഞാന്‍ രോഗത്തെക്കുറിച്ച് മറന്നുപോയിരുന്നു. എന്നാല്‍, രോഗം തിരിച്ച് വന്നപ്പോള്‍ ക്ലിനിക്കല്‍ ട്രയലിന് സമ്മതിക്കുകയായിരുന്നു. മറ്റുള്ളവരെ സഹായിക്കാന്‍ എന്തെങ്കിലും ചെയ്യാമെന്നും അടുത്ത തലമുറയ്ക്കുവേണ്ടി എന്റെ ശരീരം നല്‍കാമെന്നും കരുതുകയായിരുന്നു. മരുന്ന് പരീക്ഷണത്തിന്റെ തുടക്കത്തില്‍ അതിഭീകരമായ പര്‍ശ്വഫലങ്ങളാണ് ഉണ്ടായത്. തലവേദനയും പനിയും ഉണ്ടായി. കുറേയേറെത്തവണ ആശുപത്രിയില്‍ അഡ്മിറ്റായി. പതിയെ പതിയെ ചികിത്സയോട് ശരീരം പ്രതികരിച്ചുതുടങ്ങി''-ജാസ്മിന് പറഞ്ഞു.
''ചികിത്സയ്ക്കിടെ 2020 ഫെബ്രുവരിയില്‍ ഞാന്‍ എന്റെ 50-ാം പിറന്നാള്‍ ആഘോഷിച്ചു. എന്റെ ഭാവി എന്തായിരിക്കുമെന്ന് അപ്പോഴും ഒരു നിശ്ചയമില്ലായിരുന്നു. രണ്ടര വര്‍ഷം മുമ്പ് എല്ലാം അവസാനിച്ചു എന്നാണ് ഞാന്‍ കരുതിയിരുന്നത്. എന്നാല്‍, ഇപ്പോള്‍ പുനര്ജന്മം പോലെയാണ് തോന്നുന്നത്. സെപ്റ്റംബറില്‍ 25-ാം വിവാഹ വാര്‍ഷികം ആഘോഷിക്കും''- ജാസ്മിന് പറഞ്ഞു.
2021 ജൂണില്‍ ജാസ്മിന്റെ ശരീരത്തില്‍ കാന്‍സര്‍ കോശങ്ങളൊന്നും ഇല്ലെന്ന് സ്കാനിങ്ങിലൂടെ കണ്ടെത്തി. 2023 ഡിസംബര്‍ വരെ ചികിത്സ തുടരും. ''ജാസ്മിനില്നിന്ന് മികച്ചൊരു ഫലം പുറത്തുവന്നതില്‍ ഏറെ സന്തോഷമുണ്ട്. കൂടുതല്‍ ആളുകളിലേക്ക് നേട്ടം എത്തിക്കുന്നതിന് പുതിയ മരുന്നുകളുടെ പരീക്ഷണവും ചികിത്സകളും നടത്തുന്നത് തുടരും''-ക്രിസ്റ്റിയിലെ മാഞ്ചസ്റ്റര്‍ സി.ആര്.എഫിലെ ക്ലിനിക്കല്‍ ഡയറക്ടറും മെഡിക്കല്‍ ഓങ്കോളജിസ്റ്റുമായ പ്രൊഫസര്‍ ഫിയോണ തിസ്റ്റില്ത്വെയ്റ്റെ പറഞ്ഞു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..