തൃശ്ശൂർ: സംസ്ഥാനത്ത് ക്ലിനിക്കൽ സ്ഥാപന നിയമം നടപ്പാക്കുന്നതിനുള്ള നടപടികൾ തുടരുന്നു. സ്ഥാപനങ്ങളുടെയും പൊതുജനങ്ങളുടെയും പരാതികൾ പരിഹരിക്കുന്നതിനുള്ള മൂന്നംഗസമിതിയെ സർക്കാർ നിയമിച്ചു. പൊതുജനാരോഗ്യരംഗത്തിന്റെ സുതാര്യത ഉറപ്പുവരുത്താൻ നിയമം വേണമെന്നത് ഏറെക്കാലമായുള്ള ആവശ്യമായിരുന്നു.

സമിതിയുടെ അധ്യക്ഷൻ നിയമബിരുദധാരിയും സർക്കാർ സർവീസിൽ അഡീഷണൽ സെക്രട്ടറിയായെങ്കിലും വിരമിച്ചയാളായിരിക്കണമെന്നാണ് നിബന്ധന. ഇതനുസരിച്ച് സി.കെ. പത്മാകരനെയാണ് നിയമിച്ചിരിക്കുന്നത്.

രണ്ടാമത്തെ അംഗം ഡോ.വി. രാജീവനാണ്. മൂന്നാമത്തെ അംഗമായി നിയമിക്കപ്പെട്ടത് ഡോ.വി.ജി.പ്രദീപ് കുമാറാണ്. ഐ.എം.എ. മുൻ സംസ്ഥാന പ്രസിഡന്റായ ഇദ്ദേഹം സംസ്ഥാന മെഡിക്കൽ കൗൺസിൽ വൈസ് ചെയർമാനാണ്. മൂന്നുവർഷമാണ് കാലാവധി.

സർക്കാർ, സ്വകാര്യ മേഖലയിലുള്ള എല്ലാ ചികിത്സാകേന്ദ്രങ്ങളും പരിശോധനാകേന്ദ്രങ്ങളും നിയമപരിധിയിൽവരും. ഒറ്റയാൾ ക്ലിനിക്കുകൾക്ക് കിഴിവുണ്ട്. ആരോഗ്യ, നിയമവകുപ്പ് സെക്രട്ടറിമാരും ആരോഗ്യവകുപ്പ് മേധാവിയും അംഗങ്ങളായ അപ്പലേറ്റ് അതോറിറ്റി നിലവിലുണ്ട്. തുടർന്ന് ജില്ലാതലത്തിലെ സമിതികളുടെ നേതൃത്വത്തിൽ സ്ഥാപനങ്ങൾ രജിസ്റ്റർചെയ്യുന്ന നടപടി പുരോഗമിക്കുകയാണ്. ഇതുപൂർത്തിയായാൽ സ്ഥാപനങ്ങളിൽ ജില്ലാതല വിലയിരുത്തൽ സമിതി പരിശോധന നടത്തും. ഇതിനുശേഷമാകും രജിസ്‌ട്രേഷൻ കൊടുക്കുക.

എൻ.എ.ബി.എൽ. അക്രെഡിറ്റേഷനുള്ള ലാബുകൾക്ക് രജിസ്‌ട്രേഷൻ ആവശ്യമില്ല. ആരോഗ്യസേവനരംഗത്ത് ഗുണമേന്മയും സുതാര്യതയും ഉറപ്പുവരുത്തുകയാണ് നിയമത്തിന്റെ ലക്ഷ്യം.

Content Highlights: Clinical Institutional Law Management: Grievance Redressal Committee formed, Health