Representative Image | Photo: Canva.com
തൃശ്ശൂർ: ഡിസംബർ ആയതോടെ തണുപ്പുമെത്തി. ഒപ്പം പകർച്ചവ്യാധികളും. വിദ്യാലയങ്ങളിൽ കുട്ടികൾക്കിടയിൽ പനിയും അനുബന്ധ അസുഖങ്ങളും വ്യാപകമായിത്തുടങ്ങി. ശ്വാസതടസ്സം, ചെങ്കണ്ണ്, മറ്റ് ത്വഗ്രോഗങ്ങൾ തുടങ്ങിയവയും പടർന്നു പിടിയ്ക്കുന്നുണ്ടെന്ന് ജില്ലാ ആരോഗ്യവകുപ്പ് പറയുന്നു.
ഇടവിട്ടുള്ള വെയിലും മഴയും പെട്ടെന്നുള്ള കാലാവസ്ഥാ മാറ്റവുമാണ് ഇൻഫ്ലുവൻസാ (ഫ്ലൂ) പോലുള്ള വൈറൽ അസുഖങ്ങൾ പടർന്നു പിടിയ്ക്കാൻ കാരണമായി ആരോഗ്യവകുപ്പ് പറയുന്നത്. സാധാരണ പനിയുടെ ലക്ഷണങ്ങളുമായി തുടങ്ങുന്നതാണ് ഫ്ലൂ. പനി, ജലദോഷം, ശരീരവേദന, തലവേദന, തുടങ്ങിയവയാണ് പ്രധാന ലക്ഷണങ്ങൾ.
പടരുന്നു, വേഗം
പ്രധാനമായും വൈറൽ അസുഖങ്ങളാണ് വളരെ വേഗത്തിൽ പടരുന്നത്. പനി, ജലദോഷം, ചെങ്കണ്ണ്, ശ്വാസകോശസംബന്ധ രോഗങ്ങൾ, വൈറൽ ബാധമൂലമുള്ള വയറിളക്കം, മറ്റ് ത്വഗ്രോഗങ്ങൾ രോഗങ്ങൾ എന്നിവയാണ് സാധാരണയായി ഈ കാലാവസ്ഥയിൽ പടർന്നുപിടിക്കുന്നത്. കൊതുക് പരത്തുന്ന രോഗങ്ങളായ ഡെങ്കിപ്പനി, ചിക്കുൻഗുനിയ തുടങ്ങിയവയുടെ കണക്കും ജില്ലയിൽ കൂടിയിട്ടുണ്ട്.
ഇവർ ശ്രദ്ധിക്കണം
കോവിഡിനുശേഷം മിക്കവരിലും രോഗപ്രതിരോധശേഷി കുറഞ്ഞതായി വിദഗ്ധർ അഭിപ്രായപ്പെടുന്നു. അങ്ങനെയുള്ളവർക്ക് പകർച്ചവ്യാധികൾ വളരെ പെട്ടെന്ന് പിടിപെടും. പ്രായമുള്ളവർ, മറ്റ് അസുഖങ്ങളുള്ളവർ എന്നിവരിലാണ് ലക്ഷണങ്ങൾ പലതും നീണ്ടുനിൽക്കുന്നത്. ജലദോഷം കുറഞ്ഞാലും ആഴ്ചകളോളം നീണ്ടുനിൽക്കുന്ന ചുമയും ശ്വാസതടസ്സവും ശ്രദ്ധിക്കണം. ശരിയായ ചികിത്സ ലഭിച്ചില്ലെങ്കിൽ കഫക്കെട്ട് ക്രമേണ ന്യൂമോണിയ ആകും.
ആരും സ്വയം ചികിത്സയ്ക്ക് മുതിരരുതെന്ന് ആരോഗ്യവകുപ്പിന്റെ നിർദേശമുണ്ട്. സാധാരണ പനിയും ചുമയും ആണെങ്കിൽപ്പോലും കൃത്യസമയത്ത് വൈദ്യസഹായം തേടണം. ശ്രദ്ധിയ്ക്കാതെ വിടുന്ന പല ലക്ഷണങ്ങളും പിന്നീട് മറ്റു പല രോഗാവസ്ഥയ്ക്കും കാരണമാകാം.
Content Highlights: climate influences on diseases, types and causes of winter diseases
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..