
-
കൊല്ലം : ചങ്ങാതിയെ രക്ഷിക്കാന്‍ 33 കുരുന്നുകള്‍ മന്ത്രിയമ്മയ്ക്ക് കത്തെഴുതിയത് വെറുതെയായില്ല. ചങ്ങാതി അശ്വിന് മധുവിന് ആരോഗ്യമന്ത്രി കെ.കെ.ശൈലജയുടെ നിര്‍ദേശപ്രകാരം സാമൂഹിക സുരക്ഷാ മിഷന്റെ വി കെയര്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി സൗജന്യ ചികിത്സ നല്കുകയാണിപ്പോള്. വെസ്റ്റ് കല്ലട ഗവ. എല്‍.പി. സ്കൂളിലെ മൂന്നാംക്ലാസുകാരായ കുരുന്നുകളാണ് സെറിബ്രല്‍ പാള്‍സി രോഗം ബാധിച്ച അശ്വിന് മധുവിന്റെ ചികിത്സയ്ക്കാവശ്യമായ സഹായങ്ങള്‍ നല്‍കണമെന്നാവശ്യപ്പെട്ട് മന്ത്രിക്ക് കത്തയച്ചത്.
തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഫിസിക്കല്‍ മെഡിസിന് ആന്‍ഡ് റിഹാബിലിറ്റേഷന്‍ സെന്ററില്‍ ചികിത്സയിലാണ് കുട്ടിയിപ്പോള്‍. മന്ത്രി കെ.കെ.ശൈലജ ആശുപത്രിയിലെത്തി അശ്വിനെക്കണ്ടു. ഒപ്പം അശ്വിന്റെ മാതാപിതാക്കളെ ആശ്വസിപ്പിക്കുകയും കത്തെഴുതാന്‍ നേതൃത്വം നല്കിയ വിദ്യാര്‍ത്ഥിനി ആര്.നിളയെ അഭിനന്ദിക്കുകയും ചെയ്തു.
സാമ്പത്തികമായി ഏറെ ബുദ്ധിമുട്ടുന്ന പടിഞ്ഞാറേ കല്ലട ഐത്തോട്ടുവ തീണ്ടാത്തറയില്‍ മധുവിന്റെയും സുനിലയുടെയും മകനാണ് ഒന്‍പതു വയസ്സുകാരന് അശ്വിന്. രണ്ടുവയസ്സുകാരന്റെ വളര്ച്ചമാത്രമുള്ള അശ്വിന് എഴുന്നേറ്റ് നില്‍ക്കാനോ, നടക്കാനോ, സംസാരിക്കാനോ കഴിയില്ല. ജനിച്ചപ്പോള്‍ താഴെവീണതാണ് ഈ അവസ്ഥയിലെത്താന്‍ കാരണം. ഡിസംബര്‍ പകുതിയോടെയാണ് കൂട്ടുകാര്‍ മന്ത്രിക്ക് കത്തെഴുതിയത്. കത്തുകിട്ടിയ ഉടന്‍ മന്ത്രി പ്രശ്നത്തില്‍ ഇടപെട്ടു.
സ്കൂളിലെ ഹെഡ്മിസ്ട്രസുമായി സംസാരിച്ച് കാര്യങ്ങള്‍ മനസ്സിലാക്കി. തൊട്ടടുത്തദിവസം സാമൂഹിക സുരക്ഷാ മിഷന് റീജണല്‍ ഡയറക്ടര്‍ ഡോ. ഡയാന വീട്ടിലെത്തി കുട്ടിയെ പരിശോധിച്ചു. സെറിബ്രല്‍ പാള്‍സി ബാധിച്ച അശ്വിനെ മികച്ച ചികിത്സയിലൂടെയും തെറാപ്പിയിലൂടെയും മെച്ചപ്പെടുത്താനാകുമെന്ന് വിലയിരുത്തി. ഇതിന്റെ അടിസ്ഥാനത്തിലാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ പി.എം.ആറില്‍ എത്തിച്ചത്.
ഒരുകൂട്ടം കുട്ടികളുടെ നല്ല മനസ്സാണ് അശ്വിന് വിദഗ്ധ ചികിത്സ ലഭിക്കുന്നതിന് കാരണമായതെന്ന് മന്ത്രി കെ.കെ.ശൈലജ പറഞ്ഞു. പി.എം.ആര്. വിഭാഗം മേധാവി ഡോ. അബ്ദുള്‍ ഗഫൂര്‍, ഡോ. സുരേഷ്, ഡോ. സഖറിയ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധനയും തുടര്‍ചികിത്സയും നടക്കുന്നത്. ചികിത്സ, തെറാപ്പി, മരുന്നുകള്‍, സഹായ ഉപകരണങ്ങള്‍, ആവശ്യമെങ്കില്‍ സര്‍ജറി എന്നിവ വി കെയര്‍ പദ്ധതിവഴി സൗജന്യമായി കുട്ടിക്ക് ചെയ്തുകൊടുക്കുമെന്നും മന്ത്രി പറഞ്ഞു.
മെഡിക്കല്‍ കോളേജ് ആശുപത്രി സൂപ്രണ്ട് ഡോ. എം.എസ്.ഷര്‍മ്മദ്, എസ്.എ.ടി. ആശുപത്രി സൂപ്രണ്ട് ഡോ. എ.സന്തോഷ് കുമാര്‍, സാമൂഹിക സുരക്ഷാ മിഷന് ഡയറക്ടര്‍ ഡോ. മുഹമ്മദ് അഷീല്‍ എന്നിവര്‍ മന്ത്രിയോടൊപ്പമുണ്ടായിരുന്നു.
Content Highlights: Classmates write to minister shailaja teacher, Ashwin gets free treatment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..