അല്‍ഷിമേഴ്‌സ് സാധ്യത; അഭിനയത്തിന് ഇടവേള നല്‍കി കുടുംബത്തിനൊപ്പം സമയം ചിലവഴിക്കാനൊരുങ്ങി 'തോര്‍'


വാനിറ്റി ഫെയറിന് നൽകിയ അഭിമുഖത്തിലാണ് ക്രിസ് ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്. രോഗസാധ്യത തന്നെ അഭിനയത്തില്‍ നിന്ന് താത്കാലിക ഇടവേളയെടുക്കാന്‍ പ്രേരിപ്പിച്ചുവെന്നാണ് താരം പറയുന്നത്...

ക്രിസ് ഹെംസ്വർത്ത് | Photos: instagram.com/chrishemsworth

'തോര്‍' എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷകഹൃദയങ്ങള്‍ കീഴടക്കിയ ഹോളിവുഡ് താരമാണ് ക്രിസ് ഹെംസ്വര്‍ത്ത്. എന്നാല്‍ ആരാധകരെ ഞെട്ടിച്ചുകൊണ്ട് താന്‍ അഭിനയത്തില്‍ നിന്ന് ഇടവേളയെടുക്കാന്‍ തീരുമാനിച്ചതായി വ്യക്തമാക്കിയിരിക്കുകയാണ് ക്രിസ്. ഭാവിയില്‍ അല്‍ഷിമേഴ്സ് ഉണ്ടാവാന്‍ സാധ്യതയുണ്ട് എന്ന തിരിച്ചറിവാണ് ഇത്തരമൊരു തീരുമാനത്തിലേക്ക് നയിച്ചതെന്ന് താരം പറയുന്നു.

പുതിയ ചിത്രങ്ങളുടെ ഭാ​ഗമായി സ്ഥിരം ചെക്കപ്പുകൾ നടത്തുന്നതിനിടെയാണ് അൽഷിമേഴ്സ് സാധ്യതയെക്കുറിച്ച് ക്രിസ് തിരിച്ചറിഞ്ഞത്. അൽഷിമേഴ്സ് രോ​ഗം ഭാവിയിൽ വരാനിടയാക്കിയേക്കാവുന്ന APOE4 ജീനിന്റെ സാന്നിധ്യം പരിശോധനയിൽ കണ്ടെത്തുകയായിരുന്നു. എന്നാൽ തനിക്ക് നിലവിൽ അൽഷിമേഴ്സ് ഉണ്ട് എന്നോ അല്ലെങ്കിൽ ഭാവിയിൽ നിശ്ചയമായും രോ​ഗം ബാധിക്കുമെന്നോ അല്ല ഇതിനർഥം എന്നും പക്ഷേ ആശങ്കയുളവാക്കുന്ന കാര്യമാണ് ഇതെന്നും ക്രിസ് പറയുന്നു.വാനിറ്റി ഫെയറിന് നൽകിയ അഭിമുഖത്തിലാണ് ക്രിസ് ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്. രോഗസാധ്യത തന്നെ അഭിനയത്തില്‍ നിന്ന് താത്കാലിക ഇടവേളയെടുക്കാന്‍ പ്രേരിപ്പിച്ചുവെന്നാണ് താരം പറയുന്നത്. ഇപ്പോള്‍ കരാറെടുത്ത കാര്യങ്ങളെല്ലാം ചെയ്തു തീര്‍ക്കുകയാണെന്നും ശേഷം ഭാര്യയ്ക്കും മക്കള്‍ക്കുമൊപ്പം കുറച്ചുനാള്‍ സമയം ചെലവഴിക്കാനാണ് തീരുമാനിച്ചിരിക്കുന്നതെന്നും ക്രിസ് വ്യക്തമാക്കുന്നു.

അതേസമയം, അല്‍ഷിമേഴ്‌സ് സാധ്യത ഉണ്ടെന്ന പരിശോധനാഫലം തന്നെ ഞെട്ടിക്കുന്നില്ലെന്നും തന്റെ മുത്തച്ഛനും ഇതേ രോഗം ഉണ്ടായിരുന്നുവെന്നും ക്രിസ് പറയുന്നു. ഈ വാര്‍ത്ത വളച്ചൊടിക്കപ്പെടുകയോ അതിനാടകീയമാക്കി സഹാനുഭൂതിക്കോ വിനോദത്തിനോ ആയി ഉപയോഗിക്കുകയോ ചെയ്യപ്പെടരുത് എന്നത് സംബന്ധിച്ച് തനിക്ക് ആശങ്കയുണ്ടെന്നും താരം വ്യക്തമാക്കുന്നു.

എന്തുകൊണ്ടാണ് അൽഷിമേഴ്സ് രോഗം ഉണ്ടാകുന്നത് ?

തലച്ചോറിലെ കോശങ്ങൾക്ക് കാലക്രമേണയുണ്ടാകുന്ന നാശമാണ് അൽഷിമേഴ്സ് എന്ന രോഗാവസ്ഥയ്ക്ക് കാരണം. തലച്ചോറിലെ കോശങ്ങളിൽ രണ്ടു തരം പ്രോട്ടീനുകൾ അടിഞ്ഞുകൂടി കോശങ്ങൾ ദ്രവിക്കാൻ കാരണമാകുന്നു. ആദ്യം അടിഞ്ഞുകൂടുന്നത് അമലോയ്ഡ് ബീറ്റയാണ്. ഇത് തലച്ചോറിലെ കോശമായ ന്യൂറോണിന്റെ അകത്താണ് അടിഞ്ഞുകൂടുന്നത്. ന്യൂറോണിന്റെ പുറത്ത് ടാവു പ്രോട്ടീൻ അടിഞ്ഞു കൂടുന്നു. ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന മരുന്നുപരീക്ഷണങ്ങളൊക്കെ ഈ പ്രോട്ടീനുകൾ എങ്ങനെ അടിഞ്ഞു കൂടുന്നത് തടയാം എന്നതിലാണ് ശ്രദ്ധ ചെലുത്തുന്നത്. എന്നാൽ മാത്രമേ ഈ രോഗാവസ്ഥയെ തടയാൻ കഴിയുകയുളളൂ.

കാരണങ്ങൾ

അൽഷിമേഴ്സ് എന്ന രോഗാവസ്ഥയ്ക്ക് മോഡിഫൈയിബിൾ, നോൺ മോഡിഫൈയിബിൾ എന്നിങ്ങനെ പ്രധാനമായും രണ്ടു കാരണങ്ങളാണുള്ളത്. വ്യായാമമില്ലായ്മ, അമിതവണ്ണം, പുകവലി, മദ്യപാനം, അമിത ഉത്കണ്ഠ, അമിത രക്തസമ്മർദ്ദം, പ്രമേഹം, സമ്പൂർണ്ണാഹാരക്കുറവ്, വിദ്യാഭ്യാസ കുറവ് എന്നിവ മാറ്റം വരുത്താവുന്ന അഥവാ മോഡിഫൈയിബിളിന്റെ കീഴിൽ വരും. പ്രായാധിക്യം, കുടുംബചരിത്രം, ജനതികം എന്നിവ മാറ്റാൻ പറ്റാത്ത കാരണങ്ങൾ അഥവാ നോൺ മോഡിഫൈയിബിളിന്റെ കീഴിൽ വരുന്നത്. ലക്ഷണങ്ങൾ തോന്നിയാലുടനെ ന്യൂറോളജിസ്റ്റിനെ കണ്ട് രോഗം ഉറപ്പ് വരുത്തുക.

ലക്ഷണങ്ങൾ

ഇടയ്ക്കിടെയുള്ള മറവി സാധാരണമാണ്. അതിന്റെ ആവൃത്തി വർധിക്കുകയോ ദൈനംദിന ജീവിതത്തെ തടസപ്പെടുത്തുകയോ ചെയ്യുന്നില്ലെങ്കിൽ ആശങ്കപ്പെടേണ്ടതില്ല. വികസിച്ചുകൊണ്ടിരിക്കുന്ന ഡിമെന്റിങ് രോഗത്തെ സൂചിപ്പിക്കുന്ന ലക്ഷണങ്ങളിൽ ഇവ ഉൾപ്പെടുന്നു:

ഓർമക്കുറവ് - ഉദാഹരണം: വസ്തുക്കൾ തെറ്റായ സ്ഥലത്തുവയ്ക്കൽ അല്ലെങ്കിൽ സംഭവങ്ങൾ ഓർമിക്കുന്നതിലെ ബുദ്ധിമുട്ട്
ഭാഷാ പ്രശ്‌നങ്ങൾ - ഉദാഹരണം: വാക്കുകൾ ആവർത്തിക്കുക അല്ലെങ്കിൽ വാക്കുകൾ കണ്ടെത്താനുള്ള ബുദ്ധിമുട്ട്
സ്ഥലപരമായ ബന്ധങ്ങൾ തിരിച്ചറിയാനുള്ള കഴിവിനുണ്ടാകുന്ന വൈകല്യം - ഉദാഹരണം: പരിചിതമായ സ്ഥലങ്ങളിൽ വഴി മനസിലാകാതിരിക്കുക
മോശം നിർണയവും ആസൂത്രണവും - ഉദാഹരണം: പരിചിതമോ സങ്കീർണമോ ആയ ജോലികൾ ചെയ്യുന്നതിൽ ബുദ്ധിമുട്ട്
മാനസികാവസ്ഥയിലോ വ്യക്തിത്വത്തിലോ പെരുമാറ്റത്തിലോ ഉള്ള മാറ്റം - ഉദാഹരണം: ബഹളം, ഉൾവലിയൽ അല്ലെങ്കിൽ ഉചിതമല്ലാത്ത പെരുമാറ്റം
സമയം, സ്ഥലം അല്ലെങ്കിൽ വ്യക്തി എന്നിവയെക്കുറിച്ചുള്ള ആശയക്കുഴപ്പം
മിഥ്യാഭ്രമം അല്ലെങ്കിൽ മതിഭ്രമം

ഇത്തരം ഏതെങ്കിലും ലക്ഷണം ശ്രദ്ധയിൽപ്പെട്ടാൽ വൈദ്യസഹായം തേടേണ്ടത് പ്രധാനമാണ്.

Content Highlights: chris hemsworth to take time off acting over alzheimers risk


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


04:19

ഇത് കേരളത്തിന്റെ മിനി ശിവകാശി, പടക്കങ്ങളുടെ മായാലോകം

Oct 24, 2022


26:50

മലയാളികളുടെ റിച്ചുക്കുട്ടന് ഹിന്ദിയിലും പിടിയുണ്ടായ ' വല്യ കഥ'

Oct 10, 2022

Most Commented