കോട്ടയം: അടച്ചിട്ടിരിക്കുന്നത് സ്കൂൾ മാത്രമല്ല അവരുടെ മനസ്സുമാണെന്ന് തെളിയിക്കുകയാണ് ‘ചിരി.’ കുട്ടികളുടെ മനഃസംഘർഷം പരിഹരിക്കാൻ സർക്കാർ തുടങ്ങിയ ചിരി ഹെൽപ്പ് ലൈനിലേക്ക് ദിവസവും വിളിക്കുന്നത് 60 പേർവരെ. കുഞ്ഞുങ്ങൾക്കാണ് വേദിയെങ്കിലും അവരുടെ രക്ഷിതാക്കളും ഇവിടേക്ക് വിളിക്കുന്നു. കുഞ്ഞുമനസ്സിലെ സങ്കടവും നിരാശയുമെല്ലാം തുറന്നുപറയാൻ ഇനിയും വിളിക്കാൻ അഭ്യർഥിക്കുകയാണ് സർക്കാർ.

9497900200 എന്ന നമ്പരിലാണ് വിളിക്കേണ്ടത്. വിഷമങ്ങൾ പങ്കുവെയ്ക്കാം. പരിഹാരം തേടാം. ലോക്ഡൗൺ കാലത്ത് കുട്ടികളുടെ മാനസിക സംഘർഷം കുറയ്ക്കുന്നതിന് രണ്ടാഴ്ച മുമ്പ് മുഖ്യമന്ത്രി പ്രഖ്യാപിച്ച കൗൺസലിങ് പദ്ധതിയാണ് 'ചിരി'.

ചിരിയിലേക്കുള്ള വഴി

ലോക്ഡൗൺ കാലത്ത് മാനസികസമ്മർദത്തെത്തുടർന്ന് 66 കട്ടികൾ ആത്മഹത്യ ചെയ്തെന്നാണ് സർക്കാർ കണക്ക്. സമ്മർദമകറ്റി കുട്ടികളെ നേർവഴിയിലേക്ക് നയിക്കുകയെന്നതാണ് ചിരിയിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്. കേരള പോലീസിനാണ് പദ്ധതിയുടെ നടത്തിപ്പ്.

തിരുവനന്തപുരത്ത് ചിൽഡ്രൻ ആൻഡ് പോലീസ് ഓഫീസാണ് പദ്ധതിയുടെ സ്റ്റേറ്റ് റിസോഴ്സ് സെന്റർ. ഹെഡ് ക്വാർട്ടേഴ്സ് ഐ.ജി. പി.വിജയനാണ് പദ്ധതിയുടെ ചുമതല.

പ്രവർത്തനം ഇങ്ങനെ

ചിരിയുടെ സേവനത്തിനായി എല്ലാ ജില്ലകളിലും 20 പേരടങ്ങിയ ഒരു 'മെൻറർടീമി'നെ സജ്ജമാക്കിയിട്ടുണ്ട്.

സൈക്കോളജിസ്റ്റുകളും സൈക്യാട്രിസ്റ്റുകളുമായ അഞ്ച് പേരും 15 എസ്.പി.സി.കേഡറ്റുകളുമാണ് സംഘത്തിലുള്ളത്. ഹെൽപ്പ് ലൈൻ നമ്പരിലേക്ക് വിളിച്ചാൽ തിരുവനന്തപുരത്തെ റിസോഴ്സ് സെൻററിലാണ് കിട്ടുക. വിളിക്കുന്നയാളുടെ വിവരങ്ങൾ സെൻററിൽനിന്ന് അതാത് ജില്ലയിലെ മനഃശാസ്ത്രജ്ഞന് കൈമാറും.

അവർ കുട്ടികളുമായും മാതാപിതാക്കളുമായും സംസാരിച്ച് പരിഹാരം നിർദേശിക്കും. ചികിത്സ വേണ്ടതാണെങ്കിൽ സൈക്യാട്രിസ്റ്റുമായി കൂടിക്കാഴ്ചയ്ക്ക് സൗകര്യമൊരുക്കും.

പരാതികൾ ഒട്ടേറെ

"അവൻ ഫുൾടൈം മൊബൈലിൽ ഗെയിം കളിയാ സാറേ.." കഴിഞ്ഞദിവസം "ചിരി''യിലേക്ക് വിളിച്ച ഒരു രക്ഷാകർത്താവിന്റെ പരാതി ഇങ്ങനെയായിരുന്നു. കുട്ടികളും മാതാപിതാക്കളും പരാതി പറയാൻ വിളിക്കുന്നുണ്ട്. ഓൺലൈൻ ക്ലാസ് ബോറാണെന്ന് ചില കുട്ടികൾ പരാതിപ്പെടുന്നു.

നന്നായി പഠിക്കാൻ പറ്റുന്നില്ലെന്ന് മറ്റു ചിലർ. നല്ലൊരു മൊബൈൽ ഫോണില്ലെന്ന് പരാതി പറയുന്നവരുമുണ്ട്. ഫോണില്ലെന്ന പരാതി ജനമൈത്രി പോലീസുമായി ബന്ധപ്പെട്ടും പരിഹരിക്കാൻ ശ്രമിക്കുന്നു. കുട്ടികൾ പഠനത്തിൽ ശ്രദ്ധിക്കുന്നില്ലെന്ന പരാതിയും ചില രക്ഷാകർത്താക്കൾ ഉന്നയിക്കുന്നു.

Content Highlights: chiri counselling project to resolve children's stress