വീഡിയോയിൽ നിന്ന് | Photo: twitter.com/songpinganq
ഇപ്പോഴും ലോകം കൊറോണയുടെ ഭീതിയിൽ നിന്ന് വിട്ടൊഴിഞ്ഞിട്ടില്ലെന്നും ജാഗ്രത കൈവിടാറായിട്ടില്ലെന്നും അടുത്തിടെയാണ് ലോകാരോഗ്യ സംഘടന വ്യക്തമാക്കിയത്. ലോകത്തെ പല ഭാഗങ്ങളിലും ഇപ്പോഴും കൊറോണയുടെ പുതിയ വകഭേദങ്ങൾ കണ്ടെത്തിക്കൊണ്ടിരിക്കുകയാണ്. ചിലയിടങ്ങളിലൊക്കെ കൊറോണ കുറഞ്ഞതോടെ ടെസ്റ്റുകളുടെ കാര്യത്തിലും പിന്നോട്ടു പോയെങ്കിലും മറ്റു ചില ഇടങ്ങളിൽ കർശനമായിതന്നെ അവ പാലിക്കുന്നുണ്ട്. ഇപ്പോൾ ചൈനയിൽ നിന്ന് പുറത്തുവന്നിരിക്കുന്നത് ബലംപ്രയോഗിച്ച് കോവിഡ് ടെസ്റ്റ് ചെയ്യുന്നതിന്റെ വീഡിയോ ആണ്.
ബലംപ്രയോഗിച്ച് ഒരു യുവതിയെ നിലത്തുകിടത്തി കോവിഡ് ടെസ്റ്റ് ചെയ്യുന്നതാണ് വീഡിയോയിലുള്ളത്. ഒരു ടെസ്റ്റിങ് സെന്ററിന്റേതെന്നു കരുതുന്ന പരിസരത്തു നിന്നാണ് വീഡിയോ ആരംഭിക്കുന്നത്. നിലത്തുകിടക്കുന്ന യുവതിക്ക് മുകളിൽ ഒരാൾ ഇരിക്കുന്നത് കാണാം. യുവതിയുടെ കൈകൾ പിടിച്ചുവച്ച് അനങ്ങാതെ കിടത്തുകയാണ് ഇയാൾ. ശേഷം മുന്നിലിരിക്കുന്ന പിപിഇ കിറ്റ് ധരിച്ചുനിൽക്കുന്നയാൾ സ്രവപരിശോധന ചെയ്യുന്നതും കാണാം.
വീഡിയോയുടെ യഥാർഥ ഉറവിടമോ സ്ഥലമോ വ്യക്തമല്ല. ചൈനീസ് മൈക്രബ്ലോഗിങ് വെബ്സൈറ്റായ വെയ്ബോ വഴി ആദ്യം പുറത്തുവന്ന വീഡിയോ വൈകാതെ മറ്റ് പ്ലാറ്റ്ഫോമുകളിൽ കൂടി വൈറലാവുകയായിരുന്നു.
വീഡിയോ വൈറലായതോടെ നിരവധി പേരാണ് ബോധവൽക്കരിച്ച് ടെസ്റ്റുകൾ ചെയ്യുന്നതിന് പകരം ഇത്ര ക്രൂരമായ മാർഗങ്ങൾ സ്വീകരിക്കുന്നതിനെവിമർശിച്ച് കമന്റുകൾ ചെയ്യുന്നത്. ചൈനയിൽ നിന്നുതന്നെയുള്ള സമാനമായ വീഡിയോ പങ്കുവെക്കുന്നവരും ഉണ്ട്. പ്രായമായവരുടെയും മറ്റും വീടുകളിലെത്തി ബലംപ്രയോഗിച്ച് കോവിഡ് ടെസ്റ്റ് നടത്തുന്ന ആരോഗ്യപ്രവർത്തകരുടെ വീഡിയോ ആണ് അവയിൽ ചിലത്.
ഷാങ്ഹായ് ഉൾപ്പെടെ ചൈനയിലെ പലഭാഗങ്ങളിലും കോവിഡ് കേസുകൾ വർധിച്ചതോടെ ലോക്ക്ഡൗൺ ഉൾപ്പെടെയുള്ള നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചിരുന്നു. ഷാങ്ഹായിൽ ഒരുമാസത്തിനിപ്പുറവും ലോക്ക്ഡൗൺ അവസാനിപ്പിച്ചിട്ടില്ല. വ്യാപകമായ ടെസ്റ്റുകളും നടന്നുവരികയാണ്. പ്രതിരോധന നടപടികളുടെ ഭാഗമായി ബീജിങ്ങിൽ നാൽപതോളം സബ് വേ സ്റ്റേഷനുകളും 158 ബസ് റൂട്ടുകളും അടച്ചിട്ടിരിക്കുകയാണ്.
Content Highlights: chinese woman pinned down covid test done forcibly
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..