Health workers transport a Covid-19 coronavirus patient. Photo: AFP
ബീജിങ്: ചൈന ഉൾപ്പെടെയുള്ള നിരവധി വിദേശ രാജ്യങ്ങളിൽ കോവിഡ് കേസുകൾ കുതിച്ചുകൊണ്ടിരിക്കുകയാണ്. രോഗവിവരം സംബന്ധിച്ചും മരണനിരക്കു സംബന്ധിച്ചും ചൈന കൃത്യമായ വിവരങ്ങൾ പങ്കുവെക്കുന്നില്ലെന്ന് ലോകാരോഗ്യസംഘടന ഉൾപ്പെടെ ആരോപിച്ചിരുന്നു. ഇപ്പോഴിതാ മരണനിരക്ക് സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടിരിക്കുകയാണ് ചൈന. ഒരു മാസത്തിനിടെ അറുപതിനായിരത്തോളം കോവിഡ് അനുബന്ധ മരണങ്ങളാണ് ചൈനയിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കുന്നു.
59,938 കോവിഡ് അനുബന്ധ മരണങ്ങളാണ് ഒരുമാസത്തിനിടെ ചൈനയിൽ റിപ്പോർട്ട് ചെയ്തതെന്ന് നാഷണൽ ഹെൽത്ത് മിഷനു കീഴിലുള്ള മെഡിക്കൽ അഡ്മിനിസ്ട്രേഷൻ ബ്യൂറോയുടെ മേധാവിയായ ജിയാവോ യഹുയി പറഞ്ഞു. 2022 ഡിസംബർ എട്ടുമുതൽ ഈവർഷം ജനുവരി 12 വരെയുള്ള കണക്കാണ് ഇപ്പോൾ പ്രസിദ്ധീകരിച്ചിരിക്കുന്നത്.
ഇവയിൽ 5,503 മരണങ്ങൾ വൈറസ് മൂലമുള്ള ശ്വാസകോശ സംബന്ധമായ രോഗത്തെത്തുടർന്നാണെന്ന് ജിയാവോ വ്യക്തമാക്കി. 54,435 പേർ മരണപ്പെട്ടത്, കാൻസർ, ഹൃദ്രോഗസംബന്ധമായ രോഗങ്ങൾ തുടങ്ങിയ ഗുരുതര ആരോഗ്യ പ്രശ്നങ്ങൾക്കു പിന്നാലെ കോവിഡ് വന്നതിനെ തുടർന്നാണെന്നും അദ്ദേഹം പറഞ്ഞു.
മരണമടഞ്ഞവരുടെ ശരാശരി പ്രായം എൺപത് ആണെന്നും ഗുരുതരാവസ്ഥയിലേക്ക് പോയവരിൽ 90 ശതമാനവും 65 വയസ്സോ അതിനു മുകളിലോ പ്രായമുള്ളവർ ആണെന്നും സൗത് ചൈനാ മോണിങ് റിപ്പോർട്ട് ചെയ്യുന്നു.
കൃത്യമായ രോഗ-മരണനിരക്കുകൾ റിപ്പോർട്ട് ചെയ്യാത്തതിന്റെ പേരിൽ കഴിഞ്ഞദിവസവും ചൈനയ്ക്കെതിരെ ലോകാരോഗ്യസംഘടന രംഗത്തെത്തിയിരുന്നു. എന്നാൽ കണക്കുകൾ മറച്ചുവെച്ചിട്ടില്ലെന്നും അതുമായി ബന്ധപ്പെട്ട് ലോകാരോഗ്യ സംഘടനയുമായി ചൈനീസ് ശാസ്ത്രജ്ഞർ ചർച്ചകൾ നടത്തുകയാണെന്നുമാണ് ബീജിങ് എംബസിയുടെ വക്താവായ ലിയു പെങ്ക്യു പറഞ്ഞത്.
2020-ന്റെ തുടക്കത്തിൽ കോവിഡ് വ്യാപനം രൂക്ഷമായതോടെ ചൈനയിൽ ആരംഭിച്ച നിയന്ത്രണങ്ങൾ സമീപകാലംവരെ വിട്ടുവീഴ്ചയില്ലാതെ തുടരുകയായിരുന്നു. എന്നാൽ, സീറോ കോവിഡ് നയത്തിനെതിരേ രാജ്യവ്യാപക പ്രതിഷേധമുയർന്നതിനെത്തുടർന്നാണ് ഈയടുത്ത് ഇളവുകള്‍ നൽകിത്തുടങ്ങിയത്. അതോടെ കോവിഡ് രോഗികളുടെ എണ്ണവും മരണനിരക്കും വൻതോതിൽ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ വരികയായിരുന്നു.
Content Highlights: china reports nearly 60,000 covid related deaths In 35 days
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..