ലണ്ടൻ: ലോകത്ത് 5.2 കോടി കുട്ടികൾക്ക് 2016-ൽ കരൾവീക്കം (ഹെപ്പറ്റൈറ്റിസ്) ബാധിച്ചെന്ന് റിപ്പോർട്ട്. ബ്രസീലിൽനടന്ന   ലോക ഹെപ്പറ്റൈറ്റിസ് ഉച്ചകോടിയിൽ പുറത്തുവിട്ട  റിപ്പോർട്ടിലാണ് ഇതുസംബന്ധിച്ച വിവരങ്ങളുള്ളത്.  ലോകത്താകമാനം 32.5 കോടിപേർക്ക്  വൈറൽ ഹെപ്പറ്റൈറ്റിസ് ബാധിച്ചിട്ടുണ്ട്. 

19 വയസ്സിൽ താഴെയുള്ള 40 ലക്ഷം പേർക്ക് ഹെപ്പറ്റൈറ്റിസ് സി.യും 4.8 കോടിപ്പേർക്ക് ഹെപ്പറ്റൈറ്റിസ് ബി.യും സ്ഥിരീകരിച്ചിട്ടുണ്ട്. കരൾരോഗങ്ങളിലേക്കും കരളിലെ  കാൻസറിനും കാരണമാകുന്ന വൈറസ് ബാധകളാണ് ഇവ രണ്ടും. കുട്ടികളിലെ വൈറൽ ഹെപ്പറ്റൈറ്റിസ് അപകടകരമായ തോതിൽ ഉയർന്നിട്ടുണ്ടെന്നും ഇത് പൊതുജനാരോഗ്യരംഗത്ത്  വലിയ പ്രത്യാഘാതമുണ്ടാക്കുമെന്നും ലണ്ടൻ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന സന്നദ്ധസംഘടനയായ വേൾഡ്  ഹൈപ്പറ്റൈറ്റിസ് അലയൻസ് സി.ഇ.ഒ. റാഖേൽ പെക്ക് പറഞ്ഞു.

കുട്ടികളിലെ ഹെപ്പറ്റൈറ്റിസ് സി ബാധയ്ക്ക് 80 ശതമാനവും കാരണക്കാർ ലോകത്തെ 21 രാജ്യങ്ങളാണെന്ന് പഠനത്തിൽ കുറ്റപ്പെടുത്തുന്നു. രോഗം ബാധിക്കുന്ന കുട്ടികളുടെ എണ്ണം  വികസ്വരരാജ്യങ്ങളിൽ കൂടുതലാണ്. അമ്മയിൽനിന്ന്  കുഞ്ഞുങ്ങളിലേക്ക് പകരുന്നതാണ് കുട്ടികളിലെ ഹെപ്പറ്റൈറ്റിസ് സി ബാധയുടെ പ്രധാനകാരണം. എന്നാൽ, പ്രതിരോധവാക്സിനുകൾ ഗർഭിണികളിലോ  നവജാതശിശുക്കളിലോ ഉപയോഗിക്കാനാവില്ലെന്ന വാസ്തവവും നിലനിൽക്കുന്നു.

കുട്ടികളിൽ ഹെപ്പറ്റൈറ്റിസ് സി.യെ അപേക്ഷിച്ച് ഹെപ്പറ്റൈറ്റിസ് ബി ബാധ കുറയുന്നുണ്ടെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.  21 ലക്ഷം പേർക്ക് 2016-ൽ എച്ച്.ഐ.വി. ബാധയുണ്ടായതായും  റിപ്പോർട്ടിലുണ്ട്. ലോകരാജ്യങ്ങളിൽ 84 ശതമാനത്തിൽ മാത്രമാണ് നിലവിൽ ഹെപ്പറ്റൈറ്റിസ് ബി പ്രതിരോധവാക്സിനുകൾ നൽകിവരുന്നത്.