Representative Image | Photo: Gettyimages.in
കൊച്ചി: ജില്ലയിൽ മൂന്നു മാസത്തിനുള്ളിൽ ‘ചിക്കൻപോക്സ്’ ബാധിച്ചത് 93 പേർക്ക്. ജനുവരി, ഫെബ്രുവരി, മാർച്ച് മാസങ്ങളിലായാണ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടത്.
ജനുവരിയിൽ 19, ഫെബ്രുവരിയിൽ 29, മാർച്ചിൽ 45 എന്ന തോതിലാണ് കേസുകൾ. ജില്ലയിൽ കേസുകൾ കൂടുതലായി റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ ജാഗ്രത വേണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. വി. ജയശ്രീ പറഞ്ഞു.
ഗർഭിണികൾ, പ്രമേഹരോഗികൾ, നവജാത ശിശുക്കൾ, അർബുദം ബാധിച്ചവർ തുടങ്ങിയവർ കൂടുതൽ ജാഗ്രതപുലർത്തണം. രോഗപ്രതിരോധത്തിനുള്ള വാക്സിൻ സ്വകാര്യ ആശുപത്രികളിൽ ലഭ്യമാണ്.
പച്ചക്കറികൾ ധാരാളമടങ്ങിയ നാടൻ ഭക്ഷണങ്ങളാണ് ചിക്കൻപോക്സ് ബാധിച്ചവർക്ക് അനുയോജ്യം. ഒപ്പം, വെള്ളവും ധാരാളം ഉൾപ്പെടുത്തണം. തിളപ്പിച്ചാറിയ വെള്ളം, ഇളനീർ, പഴച്ചാറുകൾ ഇവ പ്രയോജനപ്പെടുത്താം.
പോഷകഭക്ഷണം കഴിക്കാൻ ശ്രദ്ധിക്കുക. ഫലപ്രദമായ ആന്റിവൈറൽ മരുന്നുകൾ രോഗതീവ്രത കുറയ്ക്കും. സർക്കാർ ആശുപത്രികളിലും ആരോഗ്യകേന്ദ്രങ്ങളിലും ചിക്കൻപോക്സിനുള്ള സൗജന്യചികിത്സ ലഭ്യമാണ്. സ്വയംചികിത്സ അരുത്.
പ്രധാന ലക്ഷണങ്ങൾ
‘വേരിസെല്ലസോസ്റ്റർ’ എന്ന വൈറസാണ് ചിക്കൻപോക്സ് പടർത്തുന്നത്. പൊതുവേ ശ്രദ്ധിക്കാതെ പോകുന്ന ഘട്ടമാണ് ചിക്കൻപോക്സിന്റെ ആദ്യഘട്ടം. കുമിളകൾ പൊങ്ങുന്നതിന് മുമ്പുള്ള ഒന്നോ രണ്ടോ ദിവസമാണിത്. ശരീരവേദന, കഠിനമായ ക്ഷീണം, നടുവേദന തുടങ്ങിയവയാണ് ലക്ഷണങ്ങൾ.
കുമിളകൾ പ്രത്യക്ഷപ്പെടുന്നതാണ് മിക്കവരിലും ചിക്കൻപോക്സ് പ്രകടമാക്കുന്ന ആദ്യലക്ഷണം. ചുവന്ന തടിപ്പ്, കുരു, കുമിള, പഴുപ്പ്, ഉണങ്ങൽ എന്നീ ക്രമത്തിലാണ് ഇവ രൂപാന്തരപ്പെടുന്നത്. ഒരേ സമയത്തുതന്നെ പലഘട്ടത്തിലുള്ള കുമിളകൾ ചിക്കൻപോക്സിൽ സാധാരണയാണ്.
Content Highlights: chickenpox causes symptoms treatment diagnosis, chickenpox is caused by
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..