ശ്വാസകോശ അര്‍ബുദത്തിനുള്ള കീമോതെറാപ്പി സ്ത്രീകളില്‍ നേരത്തേയുള്ള ആര്‍ത്തവവിരാമത്തിനു കാരണമായേക്കുമെന്ന് പഠനം. അമ്പതുവയസ്സിനു താഴെയുള്ള സ്ത്രീകളിലെ അമെനോറീയ നിരക്ക് (സാധാരണരീതിയില്‍ ആര്‍ത്തവം ഉണ്ടാകുന്ന സ്ത്രീകളില്‍ മൂന്നുമാസത്തേക്ക് ആര്‍ത്തവം ഇല്ലാതിരിക്കുന്ന അവസ്ഥ) വിശദപഠനത്തിനു വിധേയമാക്കിയപ്പോഴാണ് ഇക്കാര്യം കണ്ടെത്തിയത്. 

ശ്വാസകോശ അര്‍ബുദത്തിനു കീമോതെറാപ്പി ചികിത്സതേടുന്ന, ഭാവിയില്‍ കുട്ടികള്‍ വേണമെന്നാഗ്രഹിക്കുന്ന സ്ത്രീകള്‍ ചികിത്സയ്ക്കു മുമ്പായി കീമോതെറാപ്പിയുടെ പാര്‍ശ്വഫലങ്ങളെക്കുറിച്ചും മറ്റു മാര്‍ഗങ്ങളെക്കുറിച്ചും അറിഞ്ഞിരിക്കണമെന്നും ഭാവിയിലേക്കു അണ്ഡവും ഭ്രൂണവും സംരക്ഷിക്കുന്നതു സംബന്ധിച്ച് ഡോക്ടര്‍മാരുടെ ഉപദേശം തേടണമെന്നും പഠനം ഓര്‍മിപ്പിക്കുന്നു. 

മയോ ക്ലിനിക് എപിഡമോളജി ആന്‍ഡ് ജനറ്റിക്സ് ഓഫ് ലങ് കാന്‍സര്‍ റിസേര്‍ച്ച് പ്രോഗാമിന്റെ ഭാഗമായി നടത്തിയ പഠനത്തില്‍ ആര്‍ത്തവവിരാമത്തോടടുത്തു നില്‍ക്കുന്ന 182 സ്ത്രീകളില്‍ (ശരാശരി പ്രായം 43) 1999 മുതല്‍ 2016 വരെയുള്ള കാലയളവിലാണ് പഠനം നടത്തിയത്. ഓരോ വര്‍ഷവും അവരുടെ ആര്‍ത്തവനിലയും നിരീക്ഷിക്കപ്പെട്ടു.  

ശ്വാസകോശ അര്‍ബുദത്തിനു കീമോതെറാപ്പി ചികിത്സയ്ക്കു വിധേയയായി സുഖം പ്രാപിച്ച സ്ത്രീകളില്‍ നേരത്തേ ആര്‍ത്തവം നിലയ്ക്കുന്നുവെന്ന് പഠനത്തില്‍ തെളിഞ്ഞു. സ്തനാര്‍ബുദം, ലിംഫോമ തുടങ്ങിയവയ്ക്കു കീമോതെറാപ്പിക്കു വിധേയരാകുന്നവരിലും ആര്‍ത്തവം നേരത്തേ നിലയ്ക്കുന്നുണ്ടോയെന്നും പ്രത്യുത്പാദനശേഷി ഇല്ലാതാകുന്നുണ്ടോയെന്നും അറിയാന്‍ കൂടുതല്‍ പഠനം നടത്തണമെന്ന് വിദഗ്ധര്‍ നിര്‍ദേശിക്കുന്നു.

Content Highlights: Chemotherapy increases early menopause risk