ന്യൂഡല്‍ഹി: രാജ്യത്ത് മെഡിക്കല്‍ ഓക്‌സിജന്റെ ശേഖരം ആവശ്യത്തിനുണ്ടെങ്കിലും അത് യുക്തിസഹമായി ഉപയോഗിക്കണമെന്ന് കേന്ദ്രം സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു. കോവിഡ് ബാധിച്ച് കൂടുതല്‍പേര്‍ ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടതോടെ മെഡിക്കല്‍ ഓക്‌സിജന്‍ കുറയുകയാണെന്ന ആശങ്ക പലയിടങ്ങളിലുമുണ്ട്. ചിലയിടങ്ങളില്‍ ഓക്‌സിജന്‍ ദൗര്‍ലഭ്യം ഉള്ളതായും വാര്‍ത്തവന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് നിര്‍ദേശം. കോവിഡ് മൂര്‍ച്ഛിക്കുന്ന ഘട്ടത്തില്‍ അനിവാര്യമായ ചികിത്സാരീതിയാണ് ഓക്‌സിജന്‍ നല്‍കല്‍.

രാജ്യത്ത് ആവശ്യത്തിന് ഓക്‌സിജന്‍ ശേഖരമുണ്ടെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. ഉത്പാദനം കൂട്ടുകയും ശേഖരിച്ചുവെക്കുകയും ചെയ്തിട്ടുണ്ട്. 50,000 ടണ്‍ ശേഖരമാണ് ഇപ്പോഴുള്ളത്. ദിവസേന 7127 ടണ്‍ ഉത്പാദിപ്പിക്കാനുള്ള ശേഷിയുണ്ട്. ഇതിനുപുറമേ, ആവശ്യം വരുകയാണെങ്കില്‍ സ്റ്റീല്‍ പ്ലാന്റുകളുടെ പക്കല്‍ അധികമായുള്ള ഓക്‌സിജന്‍ ഉപയോഗപ്പെടുത്താനാവും. മന്ത്രിതലസമിതി ആവശ്യപ്പെട്ടതനുസരിച്ച് ഇപ്പോള്‍ ഉത്പാദനം പരമാവധി ആക്കിയിരിക്കയാണ്.

കഴിഞ്ഞ രണ്ടുദിവസങ്ങളായി ഓക്‌സിജന്റെ ആവശ്യകതയും ഉപയോഗവും കൂടിയിട്ടുണ്ട്. ഏപ്രില്‍ 12-ന് 3842 ടണ്‍ മെഡിക്കല്‍ ഓക്‌സിജനേ വേണ്ടിവന്നിരുന്നുള്ളൂ. അതായത്, ഉത്പാദനശേഷിയുടെ 54 ശതമാനം മാത്രം. ഇപ്പോള്‍ അതിലും കൂടുതലാണ് ആവശ്യം. മഹാരാഷ്ട്ര, ഗുജറാത്ത്, മധ്യപ്രദേശ്, യു.പി., കര്‍ണാടക, തമിഴ്നാട്, ഛത്തീസ്ഗഢ്, പഞ്ചാബ്, രാജസ്ഥാന്‍ എന്നിവിടങ്ങളിലാണ് കോവിഡ് രോഗികള്‍ക്ക് മെഡിക്കല്‍ ഓക്‌സിജന്‍ കൂടുതല്‍ വേണ്ടിവരുന്നത്. ഓക്‌സിജന്റെ ലഭ്യത, താഴെത്തട്ടിലുള്ള വിതരണം, ഉപയോഗം തുടങ്ങിയവയെല്ലാം നിത്യേന നിരീക്ഷിക്കാന്‍ സംവിധാനം കൊണ്ടുവരുന്നുണ്ട്.

ഓക്‌സിജന്‍ അധികമെന്നും ആവശ്യമില്ലാത്ത സംസ്ഥാനങ്ങളില്‍നിന്ന് അത് കൂടുതല്‍വേണ്ട ഇടങ്ങളിലെത്തിക്കുകയാണ് ഇപ്പോഴത്തെ വെല്ലുവിളിയെന്ന് മന്ത്രാലയം വിശദീകരിച്ചു. ദ്രവീകരിച്ച മെഡിക്കല്‍ ഓക്‌സിജന്‍ കൊണ്ടുപോകുന്നത് സുഗമമാക്കാന്‍ കേന്ദ്ര ഗതാഗത മന്ത്രാലയവും സംസ്ഥാന ഗതാഗതവകുപ്പുകളും ഉള്‍പ്പെട്ട ഒരു ഉപസമിതി രൂപവത്കരിച്ചിട്ടുണ്ട്.

നൈട്രജന്‍, ആര്‍ഗോണ്‍ എന്നീ വാതകങ്ങള്‍ കയറ്റിക്കൊണ്ടുപോകുന്ന ടാങ്കറുകളെ ഓക്‌സിജന്‍ ടാങ്കറുകളാക്കി മാറ്റാന്‍ പെട്രോളിയം സേഫ്റ്റി ഓര്‍ഗനൈസേഷന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആവശ്യമായ വൃത്തിയാക്കലുകള്‍ക്കുശേഷം ഇന്‍ഡസ്ട്രിയല്‍ സിലിന്‍ഡറുകളില്‍ മെഡിക്കല്‍ ഓക്‌സിജന്‍ കൊണ്ടുപോകാനും അനുമതി നല്‍കിയിട്ടുണ്ട്. ഒരുലക്ഷം ഓക്‌സിജന്‍ സിലിന്‍ഡറുകള്‍ ആരോഗ്യമന്ത്രാലയം വാങ്ങും.

Content Highlights: Centre urges states to use medical oxygen with caution, Health