Representative Image| Photo: Canva.com
ന്യൂഡൽഹി: രാജ്യത്ത് 2047 -ഓടെ അരിവാൾ രോഗം തുടച്ചുനീക്കാൻ ലക്ഷ്യമിട്ട് രോഗനിർമാർജന യജ്ഞം നടപ്പാക്കാൻ സംസ്ഥാനങ്ങളോട് കേന്ദ്രം. പരിശോധനയുടെ അപര്യാപ്തതയും അവബോധക്കുറവുമാണ് രോഗവ്യാപനത്തിനുള്ള പ്രധാന കാരണങ്ങൾ. രോഗം മുൻകൂട്ടി അറിയുന്നതിനുള്ള പരിശോധന വ്യാപിപ്പിക്കണമെന്നും കൃത്യമായ ചികിത്സാ സംവിധാനങ്ങൾ ഒരുക്കണമെന്നും സംസ്ഥാനങ്ങൾക്ക് കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ നിർദേശം നൽകി.
പരിശോധന ഏഴുകോടിപ്പേരിൽ
പൊതുബജറ്റിലെ നിർദേശപ്രകാരം ആദിവാസി മേഖലകളിലെ അരിവാൾ രോഗബാധിത പ്രദേശങ്ങളിൽ 40 വയസ്സുവരെയുള്ള ഏഴുകോടിപ്പേരെ പരിശോധിക്കും. പ്രാഥമിക രക്തപരിശോധനയായ സോലിബിലിറ്റി ടെസ്റ്റ്, പൂർണ സ്ഥിരീകരണത്തിനുള്ള ഇലക്‌ട്രോ ഫോസസ് എന്നിവ നടത്തും.
ആരോഗ്യവകുപ്പിന്റെ ആഭിമുഖ്യത്തിലാണ് പരിശോധനാ ക്യാമ്പുകൾ സംഘടിപ്പിക്കേണ്ടത്. രോഗസാധ്യതയുള്ള ഗർഭിണികളെ നിർബന്ധമായും പരിശോധനയ്ക്ക് വിധേയമാക്കണം. പ്രധാനമന്ത്രി ജൻ ആരോഗ്യയോജന വഴി രോഗത്തിനു സൗജന്യചികിത്സ ലഭ്യമാക്കുന്നുണ്ടെന്ന വിവരം ജനങ്ങളിലെത്തിക്കണം.
പ്രതിരോധമരുന്നുകളായ ഹൈഡ്രോക്സി യൂറിയ, ന്യൂമോകോക്കൽ എന്നിവയുടെ ലഭ്യത ആരോഗ്യവകുപ്പ് ഉറപ്പാക്കണം.
പോർട്ടൽ പ്രവർത്തനക്ഷമം
രോഗനിർമാർജന നടപടികളുടെ ഏകോപനത്തിനുള്ള പോർട്ടൽ പ്രവർത്തനക്ഷമമാണെന്നും ഗോത്രജനങ്ങളുമായുള്ള ആശയവിനിമയം, ബോധവത്‌കരണം, മെഡിക്കൽ ഇതര പരിചരണം എന്നിവയ്ക്ക് ആദിവാസിക്ഷേമ മന്ത്രാലയം നേതൃത്വം നൽകുമെന്നും ആരോഗ്യമന്ത്രാലയവൃത്തങ്ങൾ അറിയിച്ചു. കേരളത്തിൽ വയനാട്ടിലും (1,057 പേർ) പാലക്കാട് അട്ടപ്പാടിയിലുമാണ് (128) രോഗബാധിതരിലേറെയും.
ഇവരിൽ 90 ശതമാനവും ഗോത്രവിഭാഗക്കാരാണ്. ഇന്ത്യയിൽ ഗോത്രവർഗക്കാരിലെ 86 പേരിൽ ഒരാൾക്ക് എന്ന നിലയിൽ രോഗം ബാധിക്കുന്നുണ്ടെന്നാണ് ആരോഗ്യമന്ത്രാലയത്തിന്റെ കണക്ക്.
Content Highlights: centre is onboarding states to start screening for sickle cell disease


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..