തിരുവനന്തപുരം: കോവിഡ് വ്യാപകമായി പടരുന്ന ന്യൂഡൽഹിയിലേക്ക് വിദഗ്ധസേവനത്തിന് ശ്രീചിത്രയിൽനിന്ന്‌ ഡോക്ടർമാരെയും നഴ്‌സുമാരെയും ആവശ്യപ്പെട്ട് കേന്ദ്രം. ഡോക്ടർമാർ, നഴ്‌സുമാർ, മറ്റ് ആരോഗ്യവിഭാഗം ജീവനക്കാർ എന്നിവരെ അയക്കാനുള്ള സാധ്യതയാരാഞ്ഞ് ശാസ്ത്രസാങ്കേതികമന്ത്രാലയമാണ് ശ്രീചിത്ര ഡയറക്ടർക്ക് കത്തയച്ചത്.

മന്ത്രാലയത്തിന് കീഴിലുള്ള രാജ്യത്തെ ഏക ആശുപത്രിയാണ് ശ്രീചിത്ര. സ്വമേധയാ വരാൻ തയ്യാറാകുന്നവരുടെ വിവരം എത്രയും വേഗം അറിയിക്കണമെന്നും നിർദേശമുണ്ട്. ഇതുപ്രകാരം ഡൽഹിയിലേക്ക് പോകാൻ താത്‌പര്യമുള്ള ആരോഗ്യപ്രവർത്തകരുടെ പട്ടിക ശ്രീചിത്ര അധികൃതർ തയ്യാറാക്കിത്തുടങ്ങി.

നേരത്തേ, കേന്ദ്രമന്ത്രി ഹർഷവർധന്റെ കീഴിൽ ശാസ്ത്രസാങ്കേതിക മന്ത്രാലയം ന്യൂഡൽഹിയിലെ കാമ്പസിൽ ആശുപത്രി നിർമിച്ച് അത് കോവിഡ് രോഗികൾക്കായി മാറ്റാൻ തീരുമാനിച്ചിരുന്നു. ഡോക്ടർമാർ ഉൾപ്പെടെയുള്ള ആരോഗ്യപ്രവർത്തകരുടെ രൂക്ഷമായ ക്ഷാമമാണ് ഇവിടെ അനുഭവപ്പെടുന്നത്. നിലവിൽ 65 ഡോക്ടർമാരാണ് ശ്രീചിത്രയിലുള്ളത്. അമ്പതിലധികം പി.ജി.വിദ്യാർഥികളുമുണ്ട്. ഡൽഹിയിലേക്ക് പോകാൻ തയ്യാറായി ആരെങ്കിലും താത്പര്യപ്പെട്ടാൽ അയക്കുമെന്ന് ശ്രീചിത്ര ഡയറക്ടർ പ്രൊഫ. കെ. ജയകുമാർ പറഞ്ഞു.

ഇതിൽ ശ്രീചിത്രയിലെ ഒരുവിഭാഗം ആരോഗ്യപ്രവർത്തകർക്ക് കടുത്ത എതിർപ്പാണുള്ളത്. കേരളത്തിലും കോവിഡ് രോഗികളുടെ എണ്ണം കൂടുകയാണ്. ഈ സാഹചര്യത്തിൽ പി.ജി.വിദ്യാർഥികളെ ഉൾപ്പെടെ കോവിഡ് പ്രതിരോധത്തിന് ഉപയോഗിക്കാനുള്ള ശ്രമത്തിലാണ് സംസ്ഥാനസർക്കാർ. അതിനിടെ ഡൽഹിയിലേക്ക് ഡോക്ടർമാരെ അയക്കുന്നത് ഇവിടത്തെ പ്രവർത്തനങ്ങൾ തടസ്സപ്പെടുമെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.

ശ്രീചിത്ര ആശുപത്രി കോവിഡ് രോഗികൾക്കായി ഏറ്റെടുക്കണമെന്ന ആവശ്യം നടപ്പാക്കരുതെന്ന് അധികൃതർ ബുധനാഴ്ചനടന്ന ഉന്നതതലയോഗത്തിൽ ആവശ്യപ്പെട്ടു.

Content Highlights: Centre asks doctors from Sree Chitra hospital for Covid19 treatment, Covid19, Corona Virus