Representative Image| Photo: Gettyimages
അന്നനാളത്തെ ബാധിക്കുന്ന കാന്‍സറിനുവേണ്ടി നടത്തുന്ന കീമോതെറാപ്പി ചികിത്സയ്ക്ക് കഠിനമല്ലാത്ത വ്യായാമം ചെയ്യുന്നത് ഗുണകരമാണെന്ന് കണ്ടെത്തല്‍. അന്നനാളത്തെ കാന്‍സര്‍ ബാധിച്ച 40 രോഗികളിലാണ് പഠനം നടത്തിയത്. കാന്‍സര്‍ ചികിത്സയുടെ ഭാഗമായി കഠിനമല്ലാത്ത വ്യായാമം ഉള്‍പ്പെടുത്താന്‍ കഴിയുമെന്ന് ബ്രിട്ടീഷ് ജേണല്‍ ഓഫ് സ്‌പോര്‍ട്‌സ് മെഡിനില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു.
രോഗികളുടെ ഫിറ്റ്‌നെസില്‍ കീമോതെറാപ്പി ചികിത്സയുണ്ടാക്കുന്ന പ്രത്യാഘാതങ്ങള്‍ കുറയ്ക്കാന്‍ വ്യായാമം കൊണ്ട് കഴിയും. കൂടുതല്‍ രോഗികളിലേക്ക് കീമോതെറാപ്പി വ്യാപിപ്പിക്കാന്‍ കഴിയുമെന്നതാണ് ഇതുകൊണ്ട് അര്‍ത്ഥമാക്കുന്നത്-പഠനം പറയുന്നു. എന്നാല്‍, ഇതുസംബന്ധിച്ച് കൂടുതല്‍ ആഴമേറിയ പഠനം ആവശ്യമാണെന്ന് പഠനത്തിന് നേതൃത്വം നല്‍കിയ ഗവേഷകര്‍ വ്യക്തമാക്കി.
ഭൂരിഭാഗം കാന്‍സറുകള്‍ക്കും നല്‍കുന്ന ചികിത്സാരീതിയാണ് കീമോതെറാപ്പി. അന്നനാളത്തെബാധിക്കുന്ന കാന്‍സറിനും കീമോതെറാപ്പി ചികിത്സയാണ് നല്‍കുന്നത്. ക്ഷീണം, അണുബാധയുണ്ടാകാനുള്ള സാധ്യത, ഛര്‍ദി എന്നിവയെല്ലാം കീമോതെറാപ്പി ചികിത്സയുടെ പാര്‍ശ്വഫലങ്ങളാണ്. അതിനാല്‍, ചികിത്സ ആരംഭിക്കുന്നതിന് മുമ്പ് ഓരോ രോഗിയുടെയും ശാരീരികക്ഷമതയെക്കുറിച്ച് ഡോക്ടര്‍മാര്‍ കൃത്യമായി നീരിക്ഷിക്കും.
പഠനത്തിന്റെ ഭാഗമായി കീമോതെറാപ്പി തുടങ്ങുന്നതിനു മുമ്പും ശേഷവും ചെറിയതോതിലുള്ള വ്യായാമമുറകളാണ് രോഗികള്‍ക്ക് നല്‍കിയത്. ഇത് പതിവായി കുറച്ചുദിവസം തുടര്‍ന്നു. ഈ വ്യായാമമുറകള്‍ ആശുപത്രി വിട്ട് വീട്ടിലെത്തി തുടരേണ്ടത് എങ്ങനെയെന്നും രോഗികള്‍ക്ക് വിശദീകരിച്ചു കൊടുത്തു.
ഇതേപ്രായവും കീമോതെറാപ്പിക്ക് മുമ്പ് സമാനമായ ശാരീരിക അവസ്ഥയുമുള്ളവരുമായി ഈ രോഗികളെ താരതമ്യം ചെയ്തു. ഇരുകൂട്ടരുടെയും ശരീരത്തിലെ മുഴകളുടെ വലുപ്പം, സി.ടി. സ്‌കാന്‍, രോഗ പ്രതിരോധശേഷി എന്നിവ ഗവേഷകര്‍ വിലയിരുത്തി. വ്യായാമം ചെയ്ത കൂട്ടര്‍ കീമോതെറാപ്പിയോട് വളരെവേഗം പ്രതികരിച്ചതായി കണ്ടെത്താന്‍ കഴിഞ്ഞു. അവരുടെ ശരീരത്തിലെ മുഴകള്‍ കൂടുതല്‍ ചുരുങ്ങിയതായും കണ്ടെത്താന്‍ കഴിഞ്ഞു.
ലണ്ടനിലെ ഗൈയ്‌സ് ആന്‍ഡ് സെന്റ് തോമസ് ആശുപത്രിയിലെ അപ്പര്‍ ഗ്യാസ്‌ട്രോ ഇന്റസ്റ്റിനല്‍ സര്‍ജറി വിഭാഗം കണ്‍സള്‍ട്ടന്റ് ആന്‍ഡ്രൂ ഡേവീസ് ആണ് പഠനത്തിന് നേതൃത്വം നല്‍കിയത്.
മറ്റ് ശരീരഭാഗങ്ങളില്‍ കാന്‍സര്‍ ബാധിച്ചവരില്‍ വ്യായാമം ഗുണം ചെയ്യുമോ എന്നതുസംബന്ധിച്ച് കൂടുതല്‍ പഠനങ്ങള്‍ ആവശ്യമാണെന്നും തങ്ങളുടെ ചെറിയ കണ്ടെത്തല്‍ അതിലേക്ക് നയിക്കുമെന്ന് കരുതുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Content highlights: cancer treatment outcomes, can improve with moderate exercise program, says study
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..