ര്‍ബുദത്താല്‍ നഷ്ടപ്പെടുമെന്നു കരുതിയ സാഹചര്യത്തില്‍നിന്നു തിരിച്ചുപിടിച്ച ജീവിതത്തോട് നൂറുമടങ്ങ് പ്രണയമാണെന്ന് പ്രശസ്ത സിനിമാതാരം മംമ്ത മോഹന്‍ദാസ്. രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജിയുടെ ആഭിമുഖ്യത്തില്‍ നടന്ന ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് കാന്‍സര്‍ റിസര്‍ച്ചിന്റെ (ഐ.എ.സി.ആര്‍.) വാര്‍ഷികസമ്മേളനത്തില്‍ അര്‍ബുദത്തെ അതിജീവിച്ച തിരുവനന്തപുരം റീജണല്‍ കാന്‍സര്‍ സെന്ററിലെ മുന്‍ അഡീഷണല്‍ ഡയറക്ടറായ ഡോ. എന്‍.ശ്രീദേവി അമ്മയ്ക്കും മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. പി.കുസുമകുമാരിക്കുമൊപ്പം വേദി പങ്കിടുകയായിരുന്നു മംമ്ത.

ചികിത്സാരീതികള്‍ വളരെ മുന്നേറിയിട്ടുള്ളതിനാല്‍ മുന്‍കാലങ്ങളില്‍ കരുതിയിരുന്നതുപോലെ അര്‍ബുദം കീഴടക്കാനാകാത്ത ഭീകരസത്വമല്ലെന്ന സന്ദേശമാണ് ഈ മൂന്നുപേരും പങ്കുെവച്ചത്.

പതിനൊന്നു വര്‍ഷത്തിനുമുന്‍പ് ഒട്ടേറെ സിനിമാ തിരക്കുകളുണ്ടായിരുന്ന സമയത്താണ് അര്‍ബുദം ബാധിച്ചതെന്ന് മംമ്ത പറഞ്ഞു. അപ്പോള്‍ തനിക്ക് 24 വയസ്സായിരുന്നു. അര്‍ബുദം പൂര്‍ണമായി ചികിത്സിച്ച് ഭേദമാക്കാനാകുന്ന പുതിയ ചികിത്സാരീതികള്‍ വികസിപ്പിക്കുന്നതിന് മുന്‍പ് ജീവന്‍ നഷ്ടപ്പെട്ടവരെക്കുറിച്ച് പലപ്പോഴും ചിന്തിക്കാറുണ്ടായിരുന്നു. അര്‍ബുദത്തോട് മല്ലിട്ട് ജീവന്‍ നഷ്ടപ്പെട്ട വ്യക്തികളെ ഓര്‍ക്കുന്നു. ഏത് തരത്തിലുള്ള അര്‍ബുദവും ഭേദമാക്കാവുന്നതാണെന്നും മംമ്ത ചൂണ്ടിക്കാട്ടി. അര്‍ബുദത്തെ കീഴടക്കാന്‍ ധൈര്യം കാണിക്കാന്‍ മുന്നോട്ടുവന്ന വ്യക്തികളോട് മംമ്ത നന്ദി പ്രകടിപ്പിച്ചു.

അര്‍ബുദം മുന്‍ നിര്‍ണയിക്കുകയും കൃത്യമായ ചികിത്സ തേടുകയും ചെയ്താല്‍ പൂര്‍ണമായും ഭേദമാക്കാനാകും എന്നതിനു ജീവിച്ചിരിക്കുന്ന ഉദാഹരണമാണ് താനെന്ന് മുതിര്‍ന്ന ഡോക്ടറായ ശ്രീദേവി അമ്മ പറഞ്ഞു.

ആര്‍.സി.സി. പോലുള്ള പ്രമുഖ സ്ഥാപനത്തില്‍ വിഭവങ്ങളും സാങ്കേതികവിദ്യയും പരിമിതപ്പെടുത്തിയിരുന്ന കാലത്തെ അപേക്ഷിച്ച് കുട്ടികളെ ചികിത്സിക്കുന്നതില്‍ വളരെയധികം മുന്നേറ്റമുണ്ടായിട്ടുണ്ടെന്ന് പ്രമുഖ പീഡിയാട്രിക് ഓങ്കോളജിസ്റ്റ് ഡോ. കുസുമകുമാരി അഭിപ്രായപ്പെട്ടു. രോഗബാധിതയായ അവസരങ്ങളില്‍ ജോലിയുടെ സമ്മര്‍ദ്ദം വളരെ കഠിനമായിരുന്നുവെന്നും ഒരു ഘട്ടത്തില്‍ താന്‍ ജോലി ഉപേക്ഷിക്കുന്നതിന്റെ വക്കിലെത്തിയെന്നും അവര്‍ പറഞ്ഞു.

പ്രൊഫ. മക്‌സൂദ് സിദ്ദിഖിയായിരുന്നു ചര്‍ച്ചയ്ക്കു നേതൃത്വം നല്‍കിയത്. അര്‍ബുദത്തിലൂടെ കടന്നുപോയവരുടെയും പോരാടി തിരിച്ചുവന്നവരുടെയും അനുഭവങ്ങള്‍ കേള്‍ക്കുന്നത് അര്‍ബുദ ചികിത്സയുടെ ഒരു വശമാണെന്ന് ഐ.എ.സി.ആര്‍. ഇപ്പോഴത്തെ പ്രസിഡന്റും ആര്‍.ജി.സി.ബി. ഡയറക്ടറുമായ പ്രൊഫ. എം.രാധാകൃഷ്ണ പിള്ള പറഞ്ഞു.

Content Highlights: Cancer Survivor Mamta Mohandas sharing experience