മലപ്പുറം: മരച്ചീനിയുടെ ഇലയില്‍ അര്‍ബുദത്തെ തടയുന്ന ഘടകങ്ങളുണ്ടെന്ന കണ്ടെത്തല്‍. തിരുവനന്തപുരം സെന്‍ട്രല്‍ ട്യൂബര്‍ ക്രോപ്പ്സ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് (സി.ടി.സി.ആര്‍.ഐ.) പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് പൊന്നാനി ഗ്രാമം സ്വദേശി സി.എ. ജയപ്രകാശിന്റെ നേതൃത്വത്തില്‍ നടന്ന ഗവേഷണത്തിലാണ് ഈ കണ്ടെത്തല്‍. മരച്ചീനി ഇലയിലെ സയനോജന്‍ എന്ന ഘടകത്തിനാണ് അര്‍ബുദത്തെ തടയാനുള്ള ശേഷിയുള്ളത്. അന്താരാഷ്ട്ര ഗവേഷണ ജേണലായ 'ടോക്‌സിക്കോളജി'യില്‍ പ്രബന്ധം പ്രസിദ്ധീകരിച്ചു. ടി. ജോസഫ്., എസ്. ശ്രീജിത്ത് എന്നീ വിദ്യാര്‍ഥികളാണ് ഗവേഷണത്തിലെ പങ്കാളികള്‍. പൂജപ്പുരയിലുള്ള ശ്രീ ചിത്തിര ഗവേഷണ സ്ഥാപനത്തില്‍ ഡോ. മോഹനനാണ് ഗവേഷണത്തിന് മേല്‍നോട്ടം വഹിച്ചത്.

മരച്ചീനി ഇലയില്‍നിന്ന് വേര്‍തിരിച്ച സയനോജന്‍ തന്മാത്ര ഉപയോഗിച്ച് ഡോ. ജയപ്രകാശ് നേരത്തേ ജൈവകീടനാശിനി കണ്ടുപിടിച്ചിരുന്നു. വിക്രം സാരാഭായി സ്‌പേസ് റിസര്‍ച്ച് സെന്ററിന്റെ (വി.എസ്.എസ്.സി.) സഹായത്തോടെ ഇതിനുള്ള യന്ത്രവും സി.ടി.സി.ആര്‍.ഐ.യില്‍ സ്ഥാപിച്ചു. ഈ കണ്ടുപിടിത്തിന് അദ്ദേഹത്തിന് പേറ്റന്റ് ഉണ്ട്. തുടര്‍ഗവേഷണമാണ് മരച്ചീനി ഇലയില്‍ അര്‍ബുദത്തെ തടയുന്ന ഘടകങ്ങളുണ്ടെന്ന അനുമാനത്തിലേക്ക് നയിച്ചത്.

ഇലയുടെ കയ്പ് രസത്തിനു കാരണം സയനോജന്‍ ആണെന്ന് ഡോ. ജയപ്രകാശ് പറഞ്ഞു. ലിനാമറിന്‍, ലോട്ടോസ്ട്രാലിന്‍ എന്നീ ഘടകങ്ങളുടെ സംയുക്തമാണ് സയനോജന്‍. ഇത് അര്‍ബുദ കോശത്തിന്റെ വളര്‍ച്ച തടഞ്ഞ് രോഗത്തെ തടയുമെന്നാണ് കണ്ടെത്തല്‍. ഇസ്രയേലിലെ ശാസ്ത്രജ്ഞരും നേരത്തേ ഈ നിഗമനത്തിലെത്തിയിരുന്നു. എന്നാല്‍ സയനോജനെ മരച്ചീനി ഇലയില്‍നിന്ന് വേര്‍തിരിക്കുന്ന സാങ്കേതികത്വം വികസിപ്പിച്ചിരുന്നില്ല. ഇസ്രയേല്‍ സംഘം സി.ടി.സി. ആറുമായി ധാരണാപത്രത്തില്‍ ഒപ്പിടാന്‍ താത്പര്യം പ്രകടിപ്പിച്ചതായി ഡയറക്ടര്‍ ഡോ. എം.എന്‍. ഷീല പറഞ്ഞു. ഇതിന് ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ അഗ്രിക്കള്‍ച്ചറല്‍ റിസര്‍ച്ചിന്റെ (ഐ.സി.എ.ആര്‍.) അംഗീകാരം വേണം.

Content Highlights: Cancer prevention particle cyanogen at tapioca leaf says kerala scientist study published