പുള്ള്: കാന്‍സര്‍രോഗത്തോട് പൊരുതി വ്യഥകളെ പുഞ്ചിരിയോടെ നേരിട്ട ലാല്‍സണ്‍ യാത്രയായി. അന്നനാളം കരിഞ്ഞുണങ്ങിയിട്ടും അസാമാന്യ ചങ്കൂറ്റത്തോടെ രോഗത്തെ നേരിട്ടായിരുന്നു ലാല്‍സന്റെ ജീവിതം. മരണമെത്തുന്നതിന് മണിക്കൂറുകള്‍ക്കുമുമ്പും തന്റെ നിശ്ചയദാര്‍ഢ്യവും ആത്മബലവും പ്രകടമാക്കുന്ന കുറിപ്പുകള്‍ സാമൂഹികമാധ്യമങ്ങളില്‍ ലാല്‍സണ്‍ പങ്കുവെച്ചിരുന്നു. ചാഴൂര്‍, പുള്ള് പരേതനായ ചിറമ്മല്‍ കൊച്ചാപ്പുവിന്റെ മകനാണ്.
നാട്ടിലും വിദേശത്തും രാഷ്ട്രീയ, ജീവകാരുണ്യപ്രവര്‍ത്തനരംഗത്ത് സജീവമായിരുന്നു ലാല്‍സണ്‍. ശരീരം തളര്‍ന്നിട്ടും 'ജീവിതം പൊരുതുവാനുള്ളതാണ്, അത് പൊരുതിത്തന്നെ നേടണ'മെന്ന് അക്ഷരങ്ങളിലൂടെ മറ്റുള്ളവര്‍ക്ക് ആത്മവിശ്വാസം പകര്‍ന്നിരുന്നു. രോഗാവസ്ഥയില്‍ തനിക്ക് തണലും തുണയുമായി ജീവിക്കുന്ന ഭാര്യയെക്കുറിച്ചും ലാല്‍സണ്‍ കുറിക്കാറുണ്ടായിരുന്നു. 'പുഞ്ചിരിയാണ് ഈ ലോകത്തെ ഏറ്റവും മനോഹരമായ കാഴ്ച. വിടര്‍ന്നുനില്‍ക്കുന്ന പൂവിനെപ്പോലെയാണ് പുഞ്ചിരി...' ഇങ്ങനെയായിരുന്നു മറ്റൊരു കുറിപ്പ്.
ബഹ്റൈനില്‍ ജോലിയുണ്ടായിരുന്ന ലാല്‍സണ്‍ അവധിക്കു നാട്ടിലെത്തിയപ്പോഴാണ് താടിയില്‍ തടിപ്പ് ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് ഡോക്ടറെ കാണുന്നത്. പരിശോധനയില്‍ കാന്‍സര്‍ ആണെന്നു സ്ഥിരീകരിച്ചു. തുടര്‍ന്ന് തിരുവനന്തപുരം ആര്‍.സി.സി.യില്‍ ചികിത്സ.
മുപ്പത് റേഡിയേഷനും അയഡിന്‍ തെറാപ്പിയും നടത്തി. ഉമിനീരിറക്കാന്‍പോലും ആവാത്ത അവസ്ഥയിലും പ്രതീക്ഷ കൈവിടാത്ത ലാല്‍സന്റെ മനോവീര്യം മാധ്യമങ്ങളില്‍ പലതവണ വാര്‍ത്തയായിരുന്നു.
ലോകത്തിന്റെ നാനാഭാഗത്തുനിന്നും ചികിത്സാസഹായം കിട്ടി. ലേക് ഷോര്‍ ആശുപത്രിയില്‍ പലപ്രാവശ്യം പ്രവേശിപ്പിക്കപ്പെട്ട് ചികിത്സ തുടര്‍ന്നെങ്കിലും വെള്ളിയാഴ്ച രാവിലെ 10.30-ന് അന്തരിച്ചു.
സാമൂഹികമാധ്യമത്തില്‍ ലാല്‍സണ്‍ പങ്കുവെച്ച അവസാനത്തെ പോസ്റ്റ് ഇതായിരുന്നു... ''ദൈവത്തിന്റെ വലിയ കാരുണ്യം. വയറിനുള്ളില്‍ പോയ ട്യൂബ് ഏകദേശം പത്ത് മിനിറ്റുമുന്‍പ് പുറത്തുവന്നു. ഒഴിഞ്ഞുപോയത് വലിയ ഒരു സര്‍ജറി ആണ്. ഏകദേശം ഒമ്പത് സര്‍ജറി ഈ വര്‍ഷംതന്നെ നടന്ന എന്റെ ശരീരം ഇനി ഒരു സര്‍ജറികൂടി താങ്ങാന്‍ പറ്റാത്ത അവസ്ഥ ആയിരുന്നു. എനിക്കുവേണ്ടി പ്രാര്‍ത്ഥിച്ച എല്ലാവര്‍ക്കും എന്റെ ഹൃദയത്തില്‍നിന്നും നന്ദി. എല്ലാറ്റിലും ഉപരി സര്‍വശക്തന്‍ ദൈവത്തിനോട് നന്ദി... നന്ദി... നന്ദി... ജീവിതം പൊരുതിനേടാന്‍ ഉള്ളതാണെങ്കില്‍ പൊരുതിനേടുകതന്നെ ചെയ്യും.''
ലാല്‍സന്റെ അമ്മ: ഓമന. ഭാര്യ: സ്റ്റെഫി. മകന്‍: ഇവാന്‍. ശവസംസ്‌കാരം ശനിയാഴ്ച നാലിന് പുറത്തൂര്‍ സെന്റ് ആന്റണീസ് ദേവാലയത്തില്‍.
Content Highlights: Cancer patient Lalson dies, Cancer patient, Lalson, Nandu Mahadeva