തിരുവനന്തപുരം: പ്രഖ്യാപിതരോഗങ്ങളുടെ പട്ടികയിലേക്ക് കാൻസറിനെയും ഉൾപ്പെടുത്തിയേക്കും. ഇതിനുമുന്നോടിയായി കാൻസർ രോഗികളുടെ സമഗ്രവിവരങ്ങൾ ഉൾപ്പെടുത്തി സംസ്ഥാനത്ത് ഏകീകൃത കാൻസർ രജിസ്ട്രിയുണ്ടാക്കും. ഇതിന്റെ ആദ്യപടിയായി കാൻസർ ചികിത്സയും പരിശോധനയും നടത്തുന്ന എല്ലാ സ്ഥാപനങ്ങളും രോഗികളുടെ വിവരം കൈമാറണമെന്ന് ആരോഗ്യവകുപ്പ് നിർദേശിച്ചു.

രോഗനിവാരണ, പ്രതിരോധപ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുന്നതിനായാണ് പ്രഖ്യാപിതരോഗങ്ങളുടെ പട്ടികയിൽ രോഗത്തെ ഉൾപ്പെടുത്തുന്നത്. ക്ഷയം, കുഷ്ഠം, എയ്‌ഡ്സ്, ഹെപ്പറ്റൈറ്റിസ്, മലേറിയ, ഡെങ്കി, കോളറ തുടങ്ങിയ രോഗങ്ങൾ ഈ പട്ടികയിലുണ്ട്. രോഗം തിരിച്ചറിയപ്പെട്ടാൽ ഒരുമാസത്തിനകം സർക്കാരിലേക്ക് റിപ്പോർട്ടുചെയ്യുകയാണ് ഡോക്ടർ, പതോളജിസ്റ്റ്, ആരോഗ്യസ്ഥാപനങ്ങൾ എന്നിവയുടെ ഉത്തരവാദിത്വം. കാൻസർ രോഗികൾക്കാവശ്യമായ ചികിത്സാ സൗകര്യങ്ങളൊരുക്കൽ, ക്ഷേമപദ്ധതികൾ ആവിഷ്കരിക്കൽ തുടങ്ങിയവയാണ് രജിസ്ട്രിയിലൂടെ ലക്ഷ്യമിടുന്നത്.

രജിസ്ട്രിയുടെ മേൽനോട്ടത്തിന് ആരോഗ്യസെക്രട്ടറി അധ്യക്ഷനായ സമിതി രൂപവത്‌കരിച്ചിട്ടുണ്ട്. തിരുവനന്തപുരം ആർ.സി.സി., മലബാർ കാൻസർ സെന്റർ, കൊച്ചി കാൻസർ സെന്റർ എന്നിവിടങ്ങളിലും മെഡിക്കൽ കോളേജുകളിലും മറ്റ് ചികിത്സാസ്ഥാപനങ്ങളിലും രോഗികളുടെ വിവരം ഉൾപ്പെടുത്തി വ്യത്യസ്ത രജിസ്ട്രി സൂക്ഷിക്കുന്നുണ്ട്. ഇവ ഏകോപിപ്പിച്ചാണ് സംസ്ഥാന രജിസ്ട്രിക്ക് രൂപംനൽകുന്നത്.

പ്രതിരോധപ്രവർത്തനം വികേന്ദ്രീകരിക്കും

കാൻസർ പ്രതിരോധ പ്രവർത്തനച്ചുമതല വികേന്ദ്രീകരിക്കുന്നതിനായി ജില്ലാഭരണകൂടത്തിനും തദ്ദേശസ്ഥാപനങ്ങൾക്കും കൂടുതൽ ചുമതല നൽകുന്നകാര്യം പരിഗണനയിലുണ്ട്.

കളക്ടർ അധ്യക്ഷനായും ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പേട്രൻ ആയും ഡി.എം.ഒ. കൺവീനറായും ജില്ലാ കാൻസർ കൺട്രോൾ സൊസൈറ്റിക്ക് രൂപംനൽകും.വർഷം ആയിരമോ അതിലധികമോ കാൻസർ രോഗികളെത്തുന്ന ജില്ലാ ആശുപത്രികളും മെഡിക്കൽകോളേജുകളും രജിസ്ട്രി തയ്യാറാക്കാൻ നിർദേശിച്ചിട്ടുണ്ട്.

Content Highlights:Cancer is also on the list of declared diseases, Health, Cancer