Representative Image| Photo: Canva.com
കണ്ണൂർ: സ്തനാർബുദം കൂടുന്നതിൽ കേരളം വികസിത രാജ്യങ്ങളെപ്പോലെയാണ്. യു.എസിലും യൂറോപ്പിലും കാണുന്നതുപോലെ രോഗികൾ കൂടുന്നു. സംസ്ഥാനത്ത് ഏറ്റവും കൂടുന്ന കാൻസറും ഇതുതന്നെ. പക്ഷേ, രോഗം നേരത്തേ കണ്ടെത്തുന്നതിൽ അവികസിത രാജ്യത്തിന്റെ നിലയിലാണ്. രണ്ടും മൂന്നും സ്റ്റേജിൽ എത്തിയാണ് ഭൂരിഭാഗം സ്തനാർബുദവും നിർണയിക്കപ്പെടുന്നത്. അതിനാൽ ചികിത്സയും വൈകുന്നു. ഫലവും കുറയുന്നു. ചെലവ് കൂടുന്നു.
പാശ്ചാത്യരാജ്യങ്ങളിൽ സ്തനാർബുദം ഭേദമാക്കുന്ന നിരക്ക് 90 ശതമാനത്തിന് മുകളിലെത്തി. രോഗനിർണയം വൈകുന്നതിനാൽ നമ്മൾ പിറകിലാണ്. രണ്ടുപതിറ്റാണ്ടിനിടെ സ്തനാർബുദ മരണനിരക്ക് 45 ശതമാനം കുറയ്ക്കാൻ വികസിത രാജ്യങ്ങൾക്കായി എന്നതും വലിയ നേട്ടമാണ്.
സ്തനാർബുദം നേരത്തേ കണ്ടെത്തി ചികിത്സ ലഭ്യമാക്കാൻ ലോകാരോഗ്യസംഘടന പദ്ധതി നടപ്പാക്കുന്നുണ്ട്. ഗ്ലോബൽ ബ്രസ്റ്റ് കാൻസർ ഇനീഷ്യേറ്റീവ് പദ്ധതി ഇന്ത്യയുൾപ്പെടെയുള്ള വികസ്വര രാജ്യങ്ങൾക്ക് വഴികാട്ടിയാണ്.
Also Read
എന്നുവരും കാൻസർ രജിസ്ട്രി
കേരളത്തിൽ ഇപ്പോഴും ജനസംഖ്യാധിഷ്ഠിത കാൻസർ രജിസ്ട്രി ഇല്ല. കാൻസറിനെതിരേ പോരാടാൻ രജിസ്ട്രി നിർബന്ധമാണ്. എങ്കിലേ കൃത്യമായ കണക്കുകൾ ലഭ്യമാകൂ. മൂന്ന് കാൻസർ സെന്ററുകളിലെയും മെഡിക്കൽ കോളേജിലെയും കണക്കുകൾവെച്ച് സാമാന്യവത്കരിക്കുകയാണിപ്പോൾ. ഈ രീതി ശരിയല്ല. 66 ശതമാനമാളുകളും സംസ്ഥാനത്ത് സ്വകാര്യ ചികിത്സയാണ് തേടുന്നത് എന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.
60 ദിവസത്തിനകം രോഗനിർണയം
സ്തനത്തിൽ തടിപ്പോ മറ്റുലക്ഷണങ്ങളോ ഉണ്ടെങ്കിൽ അത് കാൻസറാണെന്ന് 60 ദിവസത്തിനകം സംശയരഹിതമായി നിർണയിച്ചിരിക്കണം. അടുത്ത 60 ദിവസത്തിനുള്ളിൽ ചികിത്സ ലഭ്യമാക്കിയിരിക്കണം. മെഡിക്കൽ, സർജിക്കൽ, റേഡിയേഷൻ ഓങ്കോളജിസ്റ്റുകളെല്ലാം ഉൾപ്പെടുന്ന സംഘം സംയുക്ത തീരുമാനമെടുത്ത് വേണം ചികിത്സിക്കാൻ(മൾട്ടി മോഡാലിറ്റി ട്രീറ്റ്മെന്റ്). ഇതിൽ 80 ശതമാനം രോഗികൾക്കെങ്കിലും നിശ്ചയിച്ച ചികിത്സ കൃത്യമായി ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം.- ഡബ്ല്യു.എച്ച്.ഒ.യുടെ ഗ്ലോബൽ ബ്രസ്റ്റ് കാൻസർ ഇനീഷ്യേറ്റീവ് പദ്ധതിയുടെ അടിസ്ഥാന സമീപനത്തെക്കുറിച്ച് ഉപദേശകസമിതി അംഗവും യു.എസിലെ തോമസ് ജെഫേഴ്സൺ യൂണിവേഴ്സിറ്റിയിലെ ക്ലിനിക്കൽ ഓങ്കോളജി പ്രൊഫസറുമായ ഡോ. എം.വി.പിള്ള പറയുന്നു.
Content Highlights: breast and cancer cases on the rise in kerala
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..