തൃശ്ശൂർ: ഗുളികകളുടെയും കാപ്സ്യൂളുകളുടെയും സ്ട്രിപ്പുകൾ കാഴ്ചപരിമിതർക്ക് പരസഹായമില്ലാതെ മനസ്സിലാക്കാൻ കാലം കുറേക്കൂടി കഴിയും. ഇവ അന്ധസൗഹൃദമാക്കാനുള്ള ആവശ്യവും പരിഹാരനിർദേശങ്ങളും മനസ്സിലാക്കുന്നതിന് ഉന്നതതല സമിതിയുണ്ടാക്കണമെന്നാണ് ശുപാർശ. ഔഷധരംഗവുമായി ബന്ധപ്പെട്ട നയങ്ങൾ രൂപവത്‌കരിക്കുന്നതിന് സർക്കാരിനെയും മറ്റും ഉപദേശിക്കുന്ന ഡ്രഗ്സ് കൺസൾട്ടേറ്റീവ് കമ്മിറ്റിയാണ് ശുപാർശ നൽകിയിരിക്കുന്നത്.
പൂർണമായും ഭാഗികമായും കാഴ്ചയില്ലാത്ത ആളുകൾക്ക് മരുന്നുകളുടെ പേരും കാലാവധിയും മറ്റും തിരിച്ചറിയാനുള്ള അവസരമില്ലായെന്ന പരാതിയാണ് ആരോഗ്യമന്ത്രാലയത്തിനു മുന്നിൽ വന്നത്. മരുന്നുകളുടെ സ്ട്രിപ്പിലും മറ്റും ബ്രെയ്ലി ലിപിയിൽ വിവരങ്ങൾ നൽകണമെന്ന നിർദേശവും ഉയർന്നു. ഇതിന്റെ സാധ്യത പരിശോധിക്കുന്നതിനാണ് ഡി.സി.സി.യോട് ആവശ്യപ്പെട്ടത്. ഇക്കാര്യത്തിൽ ഉത്തരവിടാൻതക്ക വിധത്തിൽ നിയമമില്ല. ഇതിനെത്തുടർന്ന് ഔഷധനിർമാതാക്കളുമായി വിഷയം ചർച്ചചെയ്തു. എന്നാൽ, സ്ട്രിപ്പുകളും മറ്റും ബ്രെയ്ലി ലിപിയിൽ ചേർക്കാൻ കൂടുതൽ സ്ഥലം ആവശ്യമായി വരുമെന്നും അതിനിപ്പോഴത്തെ സാഹചര്യത്തിൽ സാധിക്കില്ലെന്നുമാണ് അവർ നിലപാടെടുത്തത്.
വിദേശരാജ്യങ്ങളിൽപ്പോലും ഇതിന് മാതൃകകളില്ലെന്നും അവർ വാദിച്ചു. എന്നാൽ, മരുന്നിന്റെ വിവരങ്ങൾ അറിയുവാനുള്ള അവകാശം നിഷേധിക്കുന്നത് ശരിയല്ലായെന്ന അഭിപ്രായം കഴിഞ്ഞദിവസം കൂടിയ ഡി.സി.സി.യിലുണ്ടായി. ഈ സാഹചര്യത്തിലാണ് ഉപസമിതിയെ നിയമിക്കാൻ തീരുമാനിച്ചത്.
Content Highlights:Braille font does not appear immediately on prescription strips, Health, Medicines