-
കഴിഞ്ഞ ഡിസംബറില്‍ ചൈനയില്‍ നിന്നും വ്യാപിച്ചുതുടങ്ങിയ കൊറോണ വൈറസ് ലക്ഷങ്ങളെ കൊന്നൊടുക്കിക്കൊണ്ട് ഇപ്പോഴും പടരുകയാണ്. ഈ മഹാമാരിയെ പിടിച്ചുകെട്ടുന്നതിനുള്ള ഒരു വാക്‌സിന്‍ കണ്ടെത്താന്‍ വേണ്ടി നിരവധി ഗവേഷകരാണ് രാപകല്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്.
ഇതിനിടയിലാണ് കൊറോണ വൈറസിന്റെ വീക്ക്‌നെസ്സ് കണ്ടെത്തിയെന്ന വാദവുമായി റഷ്യന്‍ ശാസ്ത്രജ്ഞര്‍ രംഗത്തെത്തിയിരിക്കുന്നത്. റഷ്യയുടെ വെക്ടര്‍ സ്റ്റേറ്റ് റിസര്‍ച്ച് സെന്റര്‍ ഓഫ് വൈറോളജി ആന്‍ഡ് ബയോടെക്‌നോളജിയിലെ ഗവേഷകരാണ് പുതിയ പഠനവുമായി രംഗത്തെത്തിയിരിക്കുന്നത്.
സാധാരണ റൂം ടെംപറേച്ചറിലുള്ള വെള്ളമാണ് കൊറോണ വൈറസിന്റെ വീക്ക്‌നെസ്സ്. സാധാരണ താപനിലയിലുള്ള വെള്ളത്തിന് കൊറോണ വൈറസിന്റെ വളര്‍ച്ചയെ തടയാന്‍ സാധിക്കുമെന്നും വൈറസിന്റെ 90 ശതമാനത്തോളവും സാധാരണ റൂം ടെംപറേച്ചറിലുള്ള വെള്ളത്തില്‍ 24 മണിക്കൂറിനുള്ളില്‍ നശിച്ചുപോകുമെന്നും ഗവേഷകര്‍ പറയുന്നു. 72 മണിക്കൂറിനുള്ളില്‍ തന്നെ വൈറസിന്റെ 99.9 ശതമാനവും നശിപ്പിക്കപ്പെടും. തിളച്ച വെള്ളത്തിലാണെങ്കില്‍ വൈറസ് ഉടന്‍ തന്നെ നശിക്കുമെന്നും ഗവേഷകര്‍ പറയുന്നു.
ക്ലോറിന്‍ വെള്ളത്തിലും സമുദ്രത്തിലെ വെള്ളത്തിലും കൊറോണ വൈറസിന് അതിജീവിക്കാന്‍ സാധിക്കുമെങ്കിലും അവയ്ക്ക് പെറ്റുപെരുകാന്‍ സാധിക്കില്ലെന്നും പഠനത്തില്‍ കണ്ടെത്തിയിട്ടുണ്ടെന്നും റഷ്യന്‍ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു.
കൊറോണ വൈറസിന്റെ ജീവിതകാലവും വെള്ളത്തിന്റെ താപനിലയും സംബന്ധിച്ച് പരസ്പര ബന്ധമുണ്ടെന്നും ഗവേഷകര്‍ പറയുന്നു.
ഗവേഷണഫലങ്ങള്‍ പുറത്തുവന്നെങ്കിലും റഷ്യ ഉള്‍പ്പടെയുള്ള ലോകരാജ്യങ്ങളെല്ലാം കോവിഡിനെ പ്രതിരോധിക്കാനുള്ള വാക്‌സിനു വേണ്ടിയുള്ള ഗവേഷണങ്ങളിലാണ്. കൊറോണ വൈറസിനെതിരെ ഒക്ടോബറില്‍ രാജ്യവ്യാപകമായി കുത്തിവെപ്പ് നടത്താന്‍ റഷ്യയിലെ ആരോഗ്യവിഭാഗം അധികൃതര്‍ തയ്യാറെടുക്കുന്നതായി അടുത്തിടെ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ഡോക്ടര്‍മാരും അധ്യാപകരും ഉള്‍പ്പടെയുള്ള കോവിഡ് മുന്നണി പോരാളികള്‍ക്കാണ് ആദ്യം വാക്‌സിന്‍ നല്‍കുക എന്നാണ് ലഭിക്കുന്ന വിവരം.
അഡെനോ വൈറസ് അടിസ്ഥാനമാക്കിയുള്ള വാക്‌സിന്റെ ആദ്യഘട്ട പരീക്ഷണങ്ങള്‍ കഴിഞ്ഞ മാസം പൂര്‍ത്തിയാക്കിയതായി റഷ്യന്‍ ശാസ്ത്രജ്ഞര്‍ അവകാശപ്പെട്ടിരുന്നു.
Content Highlights: Boiling water can kill Covid19 Corona Virus immediately say Russian scientists, Health
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..