രക്തമൂലകോശം ദാനംചെയ്ത വിഞ്ചു സലിമിനെ പത്തനാപുരം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എസ്.തുളസി അനുമോദിക്കുന്നു. ജീവനം കാൻസർ സൊസൈറ്റി ഭാരവാഹികളായ ബിജു തുണ്ടിൽ, ജോജി മാത്യു ജോർജ് എന്നിവർ സമീപം
പത്തനാപുരം: തന്റെ രക്തമൂലകോശം ശ്രീനന്ദന് യോജിച്ചില്ലെങ്കിലും ആ പരിശോധന പാഴായില്ലല്ലോ എന്ന ആശ്വാസത്തിലാണ് വിഞ്ചു സലിം. മറ്റൊരാളെയത് ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരുമല്ലോയെന്ന സന്തോഷവും.
രക്താർബുദ ബാധിതനായ എറണാകുളം സ്വദേശിക്കാണ് പത്തനാപുരം നെടുമ്പറമ്പ് കാലായിൽ തെക്കേതിൽ വിഞ്ചു സലിം (39) അപ്രതീക്ഷിതമായി രക്ഷകനായത്. അർബുദം ബാധിച്ച അഞ്ചൽ സ്വദേശി ശ്രീനന്ദനെന്ന വിദ്യാർഥിക്കുവേണ്ടിയാണ് രണ്ടുമാസംമുമ്പ് നാട് ഒന്നിച്ചത്. കുട്ടിയുടെ ജീവൻ രക്ഷിക്കാൻ അസ്ഥിമജ്ജ മാറ്റിവയ്ക്കുകയാണ് ഏകപരിഹാരമെന്ന് വൈദ്യശാസ്ത്രം വിധിയെഴുതിയതോടെ യോജിക്കുന്ന രക്തമൂലകോശ ദാതാവിനെ കണ്ടെത്താൻ സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളിൽ രജിസ്ട്രേഷൻ ക്യാമ്പുകൾ നടന്നു. സാമ്യമുള്ള മൂലകോശം കണ്ടെത്തുന്നത് ശ്രമകരമായ ദൗത്യമായതിനാൽ പരമാവധിപ്പേരെ രക്തപരിശോധന നടത്താനായിരുന്നു ദൗത്യം ഏറ്റെടുത്ത ധാത്രിയുടെ ശ്രമം. ജീവനം കാൻസർ സൊസൈറ്റിയുടെ സഹകരണത്തോടെ പത്തനാപുരത്തും ശ്രീനന്ദനുവേണ്ടി ക്യാമ്പ് നടന്നു. നൂറുകണക്കിനാളുകൾ രക്തപരിശോധന നടത്തിയെങ്കിലും ശ്രീനന്ദന് യോജിക്കുന്ന ദാതാവിനെ കണ്ടെത്താനായില്ല.
പത്തനാപുരത്തെ ക്യാമ്പിൽ പങ്കെടുത്ത വിഞ്ചു സലിമിനെ തേടി ഒരാഴ്ചമുമ്പ് എറണാകുളത്തുനിന്ന് വിളിയെത്തി. രക്താർബുദം ബാധിച്ച് മരണാസന്നനായ യുവാവിന്റെ രക്തമൂലകോശവുമായി സാമ്യമുള്ള മൂലകോശമാണ് വിഞ്ചു സലിമിന്റേതെന്ന് കണ്ടെത്തിയതിനെത്തുടർന്നായിരുന്നു ഇത്. ഇത്തരം രോഗബാധിതർക്ക് പ്രയോജനപ്പെടാൻവേണ്ടി എല്ലാ രക്തപരിശോധനാ ഫലങ്ങളും അധികൃതർ പ്രസിദ്ധീകരിച്ചതാണ് ആ യുവാവിന് തുണയായത്. രോഗിയെ സംബന്ധിച്ച വിവരങ്ങൾ അധികൃതർ പരസ്യപ്പെടുത്തിയിട്ടില്ല. ഉദ്ദേശിച്ച ആളിന് പ്രയോജനപ്പെട്ടില്ലെങ്കിലും ജീവിതത്തിലിന്നുവരെ കണ്ടിട്ടില്ലാത്ത ഒരാളെ ജീവിതത്തിലേക്ക് കൈപിടിച്ചുനടത്താൻ ഏറെ സന്തോഷത്തോടെ വിഞ്ചു സലിം തയ്യാറാകുകയായിരുന്നു.
എറണാകുളം അമൃത ആശുപത്രിയിൽ എത്തി വിഞ്ചു സലിം രക്തമൂലകോശം എടുക്കാനുള്ള ചികിത്സയ്ക്ക് വിധേയനായി. പ്രത്യേക മരുന്നുകൾ കുത്തിവെച്ച് അസ്ഥിമജ്ജയെ ഉത്തേജിപ്പിക്കുകയും കൂടുതലായി ഉണ്ടാകുന്ന മൂലകോശങ്ങൾ രക്തത്തിൽ കലരുകയും ചെയ്യും. ഇത് വേർതിരിച്ചെടുത്ത് ബാക്കിരക്തം ദാതാവിന് തിരികെനൽകുകയും ചെയ്യുന്ന പ്രക്രിയയ്ക്ക് ശനിയാഴ്ച വിഞ്ചു സലിം വിധേയനായി. മരുന്നുകൾ കുത്തിവെച്ചശേഷം പത്തനാപുരത്ത് എത്തിയ അദ്ദേഹം സംതൃപ്തനാണ്. തന്റെ ജീവിതം ഒരാൾക്ക് വെളിച്ചമാകുന്നു. അച്ഛനമ്മമാരും ഭാര്യയും രണ്ടു കുട്ടികളും അടങ്ങുന്ന കുടുംബം ഇക്കാര്യത്തിൽ പിന്തുണനൽകിയതായി അദ്ദേഹം പറഞ്ഞു. ജീവനം കാൻസർ സൊസൈറ്റി പത്തനാപുരത്ത് സംഘടിപ്പിച്ച അനുമോദനച്ചടങ്ങിൽ വിഞ്ചു സലിമിനെ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എസ്.തുളസി പൊന്നാടയണിയിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..