തിരുവനന്തപുരം: മണത്തക്കാളിച്ചെടിയിൽനിന്നു വേർതിരിച്ചെടുത്ത ഉട്രോസൈഡ്ബി എന്ന സംയുക്തം കരൾ അർബുദത്തിനെതിരേ ഫലപ്രദമെന്ന് രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്‌നോളജിയുടെ(ആർ.ജി.സി.ബി.) ഗവേഷണഫലം.

വീടുകളിലും വഴിയോരങ്ങളിലും കാണുന്ന കുറ്റിച്ചെടിയായ മണത്തക്കാളി (സോളാനം നൈഗ്രം)യുടെ ഇലകൾക്ക് കരളിനെ അനിയന്ത്രിതമായ കോശവളർച്ചയിൽനിന്നു സംരക്ഷിക്കാനുള്ള ഗുണങ്ങളുണ്ടെന്നാണ് പഠനം.

manithakkali
മണത്തക്കാളി

പഠനത്തിന് അമേരിക്കയുടെ എഫ്.ഡി.എ.യിൽനിന്ന് ഓർഫൻ ഡ്രഗ് എന്ന അംഗീകാരം ലഭിച്ചു. അപൂർവരോഗങ്ങൾക്കുള്ള പുതിയ ചികിത്സകളുടെ വികസനത്തെയും വിലയിരുത്തലിനെയും പിന്തുണയ്ക്കുകയും മരുന്നുകളുടെ വേഗത്തിലുള്ള അംഗീകാരത്തിനു സഹായിക്കുകയും ചെയ്യുന്നതാണ് ഓർഫൻ ഡ്രഗ് പദവി.

ആർ.ജി.സി.ബി.യിലെ സീനിയർ സയന്റിസ്റ്റ് ഡോ. റൂബി ജോൺ ആന്റോയും വിദ്യാർഥിനിയായ ഡോ. ലക്ഷ്മി ആർ. നാഥും പേറ്റന്റ് നേടിയ സാങ്കേതികവിദ്യ അമേരിക്കൻ മരുന്നുകമ്പനിയായ ക്യുബയോമെഡ് വാങ്ങി. ഒക്‌ലഹോമ മെഡിക്കൽ റിസർച്ച് ഫൗണ്ടേഷൻ (ഒ.എം.ആർ.എഫ്.) വഴിയാണ് സാങ്കേതിക കൈമാറ്റം നടത്തിയത്.

ഡോ. റൂബിയും ഡോ. ലക്ഷ്മിയും ചേർന്ന് മണത്തക്കാളിച്ചെടിയുടെ ഇലകളിൽനിന്ന് ഉട്രോസൈഡ്ബി എന്ന തന്മാത്ര വേർതിരിച്ചെടുക്കുകയായിരുന്നു.

അർബുദമുൾപ്പെടെയുള്ള കരൾരോഗങ്ങളുടെ ചികിത്സയിൽ ഈ ഗവേഷണം വഴിത്തിരിവാകുമെന്ന് ആർ.ജി.സി.ബി. ഡയറക്ടർ ഡോ. ചന്ദ്രഭാസ് നാരായണ പറഞ്ഞു.

മണത്തക്കാളി ഇലകളിൽനിന്ന് സംയുക്തം വേർതിരിച്ചെടുക്കുന്നതിനുള്ള പുതിയ രീതി വികസിപ്പിച്ചെടുത്ത തിരുവനന്തപുരം സി.എസ്‌.ഐ.ആർ.എൻ.ഐ.എസ്.ടി.യിലെ ഡോ. എൽ. രവിശങ്കറുമായി സഹകരിച്ച് ഡോ. റൂബിയും സംഘവും സംയുക്തത്തിന്റെ പ്രവർത്തനരീതി പഠിക്കുകയും കരളിലെ കൊഴുപ്പുരോഗം, നോൺ ആൽക്കഹോളിക് സ്റ്റീറ്റോ ഹെപ്പറ്റൈറ്റിസ്, ഭക്ഷ്യവിഷം മൂലമുണ്ടാകുന്ന കരൾ അർബുദം എന്നിവയ്ക്കെതിരായ ഫലപ്രാപ്തി വിലയിരുത്തുകയും ചെയ്തുവരുന്നു.

കരൾ അർബുദ ചികിത്സയ്ക്ക് എഫ്.ഡി.എ. അംഗീകാരമുള്ള ഒരു മരുന്നു മാത്രമേ നിലവിലുള്ളൂവെന്ന് ഡോ. റൂബി പറഞ്ഞു.

നേച്ചർ ഗ്രൂപ്പ് ഓഫ് ജേണലിലൊന്നായ ‘സയന്റിഫിക് റിപ്പോർട്ട്‌സി’ലാണ് ഗവേഷണപ്രബന്ധം പ്രസിദ്ധീകരിച്ചത്‌.

Content highlights: black nightshade is good for liver cancer new study found