ന്യൂഡല്‍ഹി: കോവിഡ് രോഗികളില്‍ കണ്ടുവരുന്ന 'മ്യൂക്കോര്‍മൈക്കോസിസ്' എന്ന ഫംഗസ് ബാധ മതിയായ ചികിത്സ ലഭിച്ചില്ലെങ്കില്‍ മരണകാരണമായേക്കാമെന്ന മുന്നറിയിപ്പുമായി കേന്ദ്രം. രോഗനിര്‍ണയം, ലക്ഷണങ്ങള്‍, ചികിത്സ എന്നിയടങ്ങിയ മാര്‍ഗനിര്‍ദേശം ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചും കേന്ദ്ര ആരോഗ്യമന്ത്രാലയവും ചേര്‍ന്നാണ് ഇറക്കിയത്. മഹാരാഷ്ട്രയില്‍ കഴിഞ്ഞ ദിവസം ഇതുബാധിച്ച് എട്ടുപേര്‍ മരിച്ചിരുന്നു. ഗുജറാത്തിലും തെലങ്കാനയിലും രോഗം പടരുന്നതായി റിപ്പോര്‍ട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ്.

കോവിഡ് ബാധിതരായ പ്രമേഹരോഗികളിലും ഏറെനാള്‍ ഐ.സി.യു. വാസം അനുഭവിച്ചവരിലുമാണ് ഇതു കണ്ടുവരുന്നത്. കോവിഡ് ചികിത്സയ്ക്കുപയോഗിക്കുന്ന മരുന്നുകള്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂട്ടും. ഇത് പ്രതിരോധശേഷിയെ ബാധിക്കും. അതാണ് കോവിഡ് രോഗികളില്‍ രോഗം പിടിപെടാന്‍ കാരണമാകുന്നത്. കണ്ണിനും മൂക്കിനും ചുറ്റിലും ചുവപ്പ്, പനി, തലവേദന, ചുമ, ശ്വാസതടസ്സം, രക്തം ഛര്‍ദിക്കല്‍, മാനസിക അസ്ഥിരത എന്നിവയാണ് ലക്ഷണങ്ങള്‍. അതേസമയം, പ്രമേഹരോഗികളായ കോവിഡ് ബാധിതരില്‍ സൈനസൈറ്റിസ്, മുഖത്തിന്റെ ഒരുഭാഗത്ത് മരവിപ്പും വേദനയും പല്ലുവേദന, മൂക്കിന്റെ പാലത്തില്‍ കറുപ്പ്, ഇരട്ടക്കാഴ്ച, നെഞ്ചുവേദന, ചര്‍മത്തില്‍ ക്ഷതം, രക്തം കട്ടപ്പിടിക്കല്‍ തുടങ്ങിയവയാണ് മ്യൂക്കോര്‍മൈക്കോസിസ് ലക്ഷണങ്ങള്‍.
 
 
രോഗം തടയാനായി കോവിഡ് മുക്തമായവരില്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് പരിശോധിക്കുക, സ്റ്റിറോയ്ഡുകള്‍ കൃത്യമായ അളവില്‍ കൃത്യമായ സമയത്ത് മാത്രം നല്‍കുക, ഓക്‌സിജന്‍ തെറാപ്പിയില്‍ ശുദ്ധീകരിച്ച വെള്ളംമാത്രം ഉപയോഗിക്കുക, ആന്റിബയോട്ടിക്‌സും ആന്റി ഫംഗല്‍ മരുന്നുകളും സൂക്ഷ്മതയോടെ ഉപയോഗിക്കുക തുടങ്ങിയ നിര്‍ദേശങ്ങളും കേന്ദ്രം മുന്നോട്ടുവെക്കുന്നു.
 
Content Highlights:  Black fungus in Covid19 patients; The Centre has issued guidelines for treatment, Health, Covid19,  Black fungus, Mucormycosis