3-ഡി റീകൺസ്ട്രക്റ്റീവ് ശസ്ത്രക്രിയയിലൂടെ പുനഃനിർമിച്ച തലയോട്ടിയുടെ ചിത്രം | Photo: Lakeshore Hospital
കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ തലയോട്ടി മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തീകരിച്ച് കൊച്ചി വിപിഎസ് ലേക്ഷോര് ഹോസ്പിറ്റലിലെ ന്യൂറോസര്‍ജിക്കല്‍ ടീം. ബ്ലാക്ക് ഫംഗസ് എന്നറിയപ്പെടുന്ന മ്യൂകോര്‍മൈകോസിസ് ബാധ മൂലം തലയോട്ടിയുടെ 75 ശതമാനവും കേടുപറ്റി ഗുരുതരാവസ്ഥയിലായ 30 വയസ്സുകാരനാണ് 3-ഡി റീകണ്‍സ്ട്രക്റ്റീവ് സര്‍ജറിയിലൂടെ സാധാരണ ജീവിതത്തിലേക്ക് മടങ്ങിയെത്തിയത്. കടുത്ത ഫംഗസ് ബാധ മൂലം മറ്റൊരു ആശുപത്രിയില്‍ രണ്ടു വര്‍ഷം മുന്‍പു തന്നെ തലയോട്ടിയില്‍ വലിയൊരു അസ്ഥിമാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയനാകേണ്ടി വന്ന രോഗിയിലാണ് ഇപ്പോള്‍ വീണ്ടും ശസ്ത്രക്രിയ നടന്നത്. ആദ്യശസ്ത്രക്രിയയ്ക്കു ശേഷവും ചികിത്സ തുടരുകയും പിന്നീട് തലയോട്ടിയുടെ 75%വും നീക്കം ചെയ്യേണ്ടി വരികയും ചെയ്തതാണ് വെല്ലുവിളിയായത്.
ശ്വാസകോശത്തിൽ മലിനജലം എത്തിയതുമൂലമുണ്ടായ അണുബാധ ന്യൂമോണിയ ആകുകയും പിന്നീട് തലയോട്ടിയിൽ ഗുരുതരമായ ബ്ലാക്ക് ഫംഗസ് ബാധിക്കുകയുമായിരുന്നു. ഇതേ തുടർന്നാണ് ഫംഗല്‍ ബാധയേറ്റ തലയോട്ടിയുടെ 75%വും രണ്ട് വർഷം മുൻപ് ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തത്. ഇത്തരമൊരു വലിയ ശസ്ത്രക്രിയയിലൂടെ രോഗിയുടെ രൂപത്തിലും വ്യത്യാസം സംഭവിക്കുകയും കവചം നഷ്ടപ്പെട്ടതിലൂടെ തലച്ചോറിനുള്ള അതീവ ഗുരുതരമായ അപകടസാധ്യത തുടരുകയും ചെയ്തു. രൂപമാറ്റം രോഗിയുടെ ആത്മവിശ്വാസത്തെയും സാമൂഹിക ജീവിതത്തെയും തകര്‍ക്കുന്നതുമായിരുന്നു. ഇതു കണക്കിലെടുത്ത് വിശദമായ സൗന്ദര്യാത്മക പുനഃനിര്‍മാണം ലക്ഷ്യമിട്ടുള്ള ശസ്ത്രക്രിയയ്ക്കാണ് വി.പി.എസ്. ലേക്ഷോറിലെ ന്യൂറോസര്‍ജിക്കല്‍ ടീം തയ്യാറെടുത്തത്. രോഗിയ്ക്ക് ഇണങ്ങുന്ന തരം ടൈറ്റാനിയം നിര്‍മിത തലയോട്ടി ഇംപ്ലാന്റ് ഉപയോഗിച്ചുള്ള അതീവസൂക്ഷ്മമായ ത്രിഡി ശസ്ത്രക്രിയയാണ് നടന്നത്.
മൂന്നു മണിക്കൂറിലേറെ നീണ്ടുനിന്ന ശസ്ത്രക്രിയയ്ക്ക് സീനിയര്‍ കണ്‍സള്‍ട്ടന്റ് ന്യൂറോസര്ജന് ഡോ. അരുണ്‍ ഉമ്മന്‍, സീനിയര്‍ കണ്‍സള്‍ട്ടന്റും ന്യൂറോസര്‍ജറി വിഭാഗം തലവനുമായ ഡോ. സുധീഷ് കരുണാകരന് എന്നിവര്‍ നേതൃത്വം നല്കി. അത്യപൂര്‍വമായ ഈ ശസ്ത്രക്രിയയുടെ തുടക്കത്തില്‍ കേടു വന്ന ഭാഗം പൂര്‍ണമായും തുറന്ന് ബാക്കികിടന്ന അസ്ഥിഖണ്ഡങ്ങള്‍ പൂര്‍ണമായും നീക്കം ചെയ്തു. തുടര്‍ന്നാണ് ടൈറ്റാനിയം ഇംപ്ലാന്റ് വെച്ചു പിടിപ്പച്ചത്. അസോസിയേറ്റ് കണ്‍സള്‍ട്ടന്റ് ന്യൂറോസര്ജന് ഡോ. സി അനില്‍, കണ്‍സള്‍ട്ടന്റ് ന്യൂറോസര്ജന് ഡോ അജയ് കുമാര്‍, ചീഫ് ഓഫ് ന്യൂറോഅനസ്തേഷ്യ ഡോ. ഫ്രാന്‍സിസ് മണവാളന്, കണ്‍സള്‍ട്ടന്റ് അനസ്തേറ്റിസ്റ്റ് ഡോ. അനു തുടങ്ങിയവരുടെ സേവനവും ഈ ഘട്ടത്തിലുണ്ടായി.
ആഗോള മെഡിക്കല്‍ ടെക്നോളജിക്കല്‍ സ്ഥാപനമായ ലൂസിഡ് ഇംപ്ലാന്റ്സാണ് രോഗിയ്ക്കിണങ്ങിയ ടൈറ്റാനിയം ഇംപ്ലാന്റ് നിര്‍മിച്ചു നല്‍കിയത്. ഇത്തരത്തില്‍പ്പെട്ട ഏറ്റവും വലിയ ഇംപ്ലാന്റാണ് തങ്ങള്‍ നിര്‍മിച്ചു നല്‍കിയതെന്ന് ലൂസിഡ് ഇംപ്ലാന്റ്സ് അധികൃതര്‍ അവകാശപ്പെടുന്നു. തങ്ങളുടെ അറിവില്‍ ഏഷ്യയിലെത്തന്നെ ഇത്തരത്തില്‍പ്പെട്ട ഏറ്റവും വലിയ ഇംപ്ലാന്റാണ് ഇതെന്നും അവര്‍ പറഞ്ഞു. ശസ്ത്രക്രിയയെത്തുടര്‍ന്ന് രോഗി അതിവേഗം സാധാരണ ജീവിതത്തിലേയ്ക്ക് തിരിച്ചു വരികയാണെന്ന് വിപിഎസ് ലേക്ഷോറില്‍ നിന്നുള്ള വാര്‍ത്താക്കുറിപ്പിൽ അറിയിച്ചു.
Content Highlights: black fungus ,30-year-old man with 75% brain damage, cured by surgery
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..