ഭാരത് ബയോടെക് വികസിപ്പിച്ച ഇന്ത്യയുടെ കോവിഡ് വാക്‌സിനായ കൊവാക്‌സിന് ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ അംഗീകാരം നല്‍കി. യാത്രക്കാര്‍ക്കുള്ള വാക്‌സിന്‍ എന്ന നിലയിലാണ് (Traveller's Vaccination Status) ഓസ്‌ട്രേലിയയുടെ തെറാപ്യൂട്ടിക് ഗുഡ്‌സ് അഡ്മിനിസ്‌ട്രേഷന്‍ കൊവാക്‌സിന് അംഗീകാരം നല്‍കിയത്. 

ഓസ്‌ട്രേലിയയുടെ ഇന്ത്യയിലേക്കുള്ള ഹൈക്കമ്മീഷണര്‍ ബാരി ഒ ഫാരല്‍ ആണ് ഇക്കാര്യം ട്വീറ്റ് ചെയ്തത്. അംഗീകൃത വാക്‌സിനുകളുടെ പട്ടികയിലാണ് കൊവാക്‌സിനെ ഉള്‍പ്പെടുത്തിയിട്ടുള്ളത്. നേരത്തെ ഇന്ത്യയില്‍ നിര്‍മ്മിച്ച കോവിഷീല്‍ഡ് വാക്‌സിന് ഓസ്‌ട്രേലിയ ഇതേരീതിയില്‍ അംഗീകാരം നല്‍കിയിരുന്നു. നേരത്തെ ഈ വാക്‌സിന്‍ ഓസ്‌ട്രേലിയയുടെ അംഗീകൃത ലിസ്റ്റില്‍ ഉള്‍പ്പെട്ടിരുന്നില്ല. 

ഓസ്‌ട്രേലിയയിലേക്ക് യാത്രചെയ്യുന്നതിന് രണ്ട് ഡോസ് വാക്‌സിനേഷന്‍ നിര്‍ബന്ധമാണ്. കോവിഡ് വാക്‌സിനുകള്‍ അംഗീകരിക്കുന്ന ഓസ്‌ട്രേലിയന്‍ സംവിധാനമാണ് തെറാപ്യൂട്ടിക് ഗുഡ്‌സ് അഡ്മിനിസ്‌ട്രേഷന്‍. 

അതേസമയം, കൊവാക്‌സിന് ഇതുവരെ ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ലഭിച്ചിട്ടില്ല. ഉടന്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കൊവാക്‌സിന്‍ നിര്‍മ്മാതാക്കളായ ഭാരത് ബയോടെക്.

Content Highlights: Bharat Biotech's covaxin added to approved list of covid19 vaccines for travel to Australia