പാലക്കാട്: കോവിഡല്ലാത്ത സാധാരണ പനിയെ നിസ്സാരമായി കാണരുതെന്ന് ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്. കോവിഡ് വ്യാപകമായതിനുശേഷം സാധാരണഗതിയില്‍ പനി ബാധിച്ചാല്‍ കോവിഡ് പരിശോധന നടത്തുകയും നെഗറ്റീവായാല്‍ സാധാരണ പനിക്കുള്ള വീട്ടുചികിത്സ നടത്തുകയും പതിവുണ്ട്. ഇത് ഡെങ്കിപ്പനിയാകാനുള്ള സാഹചര്യമുള്ളതിനാല്‍ പനിയെ നിസ്സാരമായി കാണരുതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ.പി. റീത്ത പറഞ്ഞു.

മഴ, കോവിഡ് എന്നിവയ്ക്കുശേഷമുള്ള സ്‌കൂള്‍ തുറക്കലിനോടനുബന്ധിച്ച് ജില്ലാ മെഡിക്കല്‍ ഓഫീസിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന ജില്ലാതല സാംക്രമിക രോഗപ്രതിരോധ നിയന്ത്രണയോഗത്തില്‍ സംസാരിക്കുകയായിരുന്നു ഡി.എം.ഒ.

ജില്ലയില്‍ എലിപ്പനി, മഞ്ഞപ്പിത്തം, മലേറിയ എന്നീ രോഗങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തില്‍ പകര്‍ച്ചവ്യാധിപ്രതിരോധം വീടുകളില്‍നിന്ന് ആരംഭിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.

കോവിഡ് അടച്ചുപൂട്ടലിനുശേഷം സ്‌കൂളുകള്‍ തുറക്കുമ്പോള്‍ ക്ലാസ് റൂമുകള്‍, ജലസംഭരണികള്‍, സ്റ്റോര്‍ റൂമുകള്‍, കൂളറുകള്‍ എന്നിവ പ്രത്യേകം വൃത്തിയാക്കണമെന്ന് ഡി.എം.ഒ. യോഗത്തില്‍ നിര്‍ദേശിച്ചു. ചെക്പോസ്റ്റുകളില്‍ എത്തുന്നവര്‍, ഭക്ഷ്യവസ്തുക്കള്‍, മൃഗങ്ങള്‍ എന്നിവയുടെ പരിശോധന കര്‍ശനമാക്കുക, സിവില്‍ സ്റ്റേഷന്‍ പരിസരം, പി.ഡബ്ല്യു.ഡി, അഗ്‌നിരക്ഷാസേന എന്നിവയുടെ സഹകരണത്തോടെ വൃത്തിയാക്കുക തുടങ്ങിയ നിര്‍ദേശങ്ങളും യോഗത്തില്‍ അറിയിച്ചു.

കളക്ടര്‍ മൃണ്മയി ജോഷിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട് ജില്ലയിലെ പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ സര്‍വൈലന്‍സ് ഓഫീസര്‍ ഡോ. ടി.എ. അനൂപ് കുമാര്‍, മൃഗസംരക്ഷണം, ആയുര്‍വേദം, ഹോമിയോ, വിദ്യാഭ്യാസവകുപ്പ് ഉദ്യോഗസ്ഥര്‍, വാട്ടര്‍ അതോറിറ്റി, നഗരസഭ, ഐ.എം.എ പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.

Content Highlights: Beware of Non-covid19 fever, Health, Kids Health