സ്മാര്‍ട്ട്ഫോണ്‍, ടാബ്ലെറ്റ്, കംപ്യൂട്ടര്‍ എന്നിവയുടെ സ്ക്രീനില്‍നിന്ന് പുറപ്പെടുന്ന നീലവെളിച്ചം ഉറക്കത്തെ ബാധിക്കുമെന്ന് പഠനം. വൈകുന്നേരങ്ങളില്‍ ഇത്തരം ഉപകരണങ്ങളുടെ ഉപയോഗം പരിമിതപ്പെടുത്തിയാല്‍ കൗമാരക്കാരിലെ ഉറക്കക്കുറവ്, ക്ഷീണം, ഏകാഗ്രതക്കുറവ്, മാനസികാവസ്ഥയിലെ ഏറ്റക്കുറച്ചിലുകള്‍ എന്നിവ ഒരാഴ്ചയ്ക്കുള്ളില്‍ പരിഹരിക്കാനാവും.
ദിവസം ഒരുമണിക്കൂറില്‍ താഴെ ഫോണ്‍ ഉപയോഗിക്കുന്നവരുമായി താരതമ്യപ്പെടുത്തിയപ്പോള്‍ നാലു മണിക്കൂറിലധികം ഫോണ്‍ ഉപയോഗിക്കുന്നവര്‍ക്കു 30 മിനിറ്റ് വൈകിയാണ് നല്ല ഉറക്കം ലഭിക്കുന്നതെന്നും ഉറക്കമുണരുന്നതെന്നും ഗവേഷകര്‍ കണ്ടെത്തി.
കൗമാരപ്രായക്കാര്‍ മൊബൈലിലും കംപ്യൂട്ടറിലും അധികസമയം ചെലവഴിക്കുന്നവരാണ്. അതിനാല്‍, അവരില്‍ ഉറക്കക്കുറവിന്റെ പ്രശ്നങ്ങള്‍ സര്‍വസാധാരണമാണ് -നെതര്‍ലന്‍ഡ്സിലെ ആംസ്റ്റര്‍ഡാം യു.എം.സി. ആശുപത്രിയിലെ ഗവേഷകന് ഡിര്‍ക് ജാന്‍ സ്റ്റെന്വേഴ്സ് പറഞ്ഞു.
ഇലക്ട്രോണിക് ഉപകരണങ്ങളില്‍ നിന്നുള്ള പ്രകാശം മസ്തിഷകപ്രവര്ത്തനങ്ങളെയും ഉറക്കത്തിനുസഹായിക്കുന്ന ഹോര്‍മോണായ മെലാറ്റോണിന്റെ ഉത്പാദനത്തെയും ബാധിക്കുമെന്നും നേരത്തേ കണ്ടെത്തിയിട്ടുണ്ട്. ഇത് ഉറക്കസമയത്തെയും ഉറക്കത്തിന്റെ ഗുണമേന്മയെയും തടസ്സപ്പെടുത്തും.
ഉറക്കക്കുറവ് ക്ഷീണത്തിനും ഏകാഗ്രതകുറയ്ക്കാനും മാത്രമല്ല കാരണമാകുന്നത്. ദീര്‍ഘകാലം നീണ്ടുനില്ക്കുന്നതും ഗുരുതരവുമായ പൊണ്ണത്തടി, പ്രമേഹം, ഹൃദയരോഗങ്ങള്‍ എന്നിവയ്ക്കു വഴിവെക്കുമെന്നും പഠനം ചൂണ്ടിക്കാട്ടുന്നു. മൊബൈല്‍ഫോണ്‍ ഉപയോഗം കുറച്ചും ഫോണിലെ വെളിച്ചത്തിന്റെ തീവ്രത കുറച്ചും എളുപ്പത്തില്‍ ഈ പ്രശ്നങ്ങള്‍ ഒരുപരിധിവരെ പരിഹരിക്കാമെന്നും സ്റ്റെന്വേഴ്സ് പറഞ്ഞു.
Content Highlight: Bedtime mobile phone use, Problems of Bedtime mobile phone use, Bed time mobile use