കോട്ടയം: ഗുരുതരാവസ്ഥയിലല്ലാത്ത കോവിഡ് രോഗികളുടെ ചികിത്സയ്ക്ക് ആയുഷ്-64 എന്ന ആയുർവേദ ഗുളിക ഉപയോഗിക്കാമെന്ന് കേന്ദ്ര ആയുഷ്‌ മന്ത്രാലയം ആയുർവേദ ഫിസിഷ്യന്മാർക്ക് നിർദേശം നൽകി.

നാഷണൽ ക്ലിനിക്കൽ മാനേജ്‌മെന്റ് ഓഫ് കോവിഡ് പ്രോട്ടോകോൾ ഈ മരുന്നുപയോഗിച്ചുള്ള ചികിത്സയ്ക്ക് അംഗീകാരം നൽകുകയുംചെയ്തു. ഇതനുസരിച്ച് രാജ്യത്ത് ഏഴുകേന്ദ്രങ്ങളിൽ ഗുരുതരാവസ്ഥയിലല്ലാത്ത കോവിഡ് രോഗികൾക്ക് ചികിത്സ നൽകിത്തുടങ്ങി. നിലവിൽ ഉപയോഗിച്ച രോഗികൾക്കെല്ലാം ഫലപ്രദമാണെന്നും പാർശ്വഫലങ്ങളില്ലെന്നും ആയുഷ്‌ മന്ത്രാലയം വെളിപ്പെടുത്തിയിട്ടുണ്ട്.

ആയുഷ്-64 ഗുളിക ഉപയോഗിക്കാമെന്ന് മന്ത്രാലയത്തിന്റെ നിർദേശം ലഭിച്ചെങ്കിലും കേരളത്തിൽ ഗുളിക ലഭ്യമായിത്തുടങ്ങിയിട്ടില്ലെന്ന് സർക്കാർ ആയുർവേദാശുപത്രി അധികൃതർ പറഞ്ഞു. സ്വകാര്യ കമ്പനികളുടെ ആയുഷ്-64 സംയുക്തങ്ങൾ വിപണിയിലെത്തിയിട്ടുണ്ട്.

ആർ.ടി.പി.സി.ആർ. പരിശോധനയിൽ കോവിഡ് പോസിറ്റീവെന്ന് തെളിഞ്ഞ് ഏഴുദിവസത്തിനുള്ളിൽ ആയുഷ്-64 ഗുളിക ഉപയോഗിക്കാം.

Content Highlights: AYUSH-64 pill guided to be used for Covid19 treatment, Health, Covid19