റെക്കോഡിങ് റൂമിലെ അരണ്ടവെളിച്ചത്തിൽ ഒരു പാട്ട് ഒഴുകിയെത്തി. ‘ഗുരുവായൂരമ്പലം ശ്രീകോവിൽ മുന്നിൽ ഇടനെഞ്ചുപൊട്ടി ഞാൻ...’ ഒരു പെൺകുട്ടിയുടെ ശബ്ദമാണ്. മുറിഞ്ഞോ വലിഞ്ഞോ പോവാതെ സ്പഷ്ടമായ ഭാഷയിൽ ശ്രുതിമധുരമായ സംഗീതം. ഓട്ടിസം ബാധിച്ച കുട്ടിയാണ് പാടിയതെന്ന് ആരും പറയില്ല.
ഇത് അനന്യാ ബിജേഷ്. കൊല്ലം ശൂരനാട് സൗത്ത് കൃപയിൽ 12 വയസ്സുകാരി. ഓട്ടിസത്തെ തോല്പിച്ച് സ്വന്തം പ്രയത്നത്തിൽ സംഗീതവും കീബോർഡും കൈപ്പിടിയിലൊതുക്കിയ മിടുക്കി. ഇത്തവണ അദ്‌ഭുതപ്പെടുത്തിയത് ആൽബത്തിനുവേണ്ടി പാട്ട് റെക്കോഡ് ചെയ്തുകൊണ്ടാണ്.

‘‘രണ്ടു വയസ്സുകഴിഞ്ഞപ്പോഴാണ് ഓട്ടിസത്തിന്റെ ലക്ഷണങ്ങൾ കാണിച്ചുതുടങ്ങിയത്. പാട്ട് ഇഷ്ടമാണ്. മൂളിപ്പാട്ടു പാടി നടക്കും. പിന്നെ കംപ്യൂട്ടറിൽ സ്വയം പാട്ടുകൾ ഡൗൺലോഡ് ചെയ്ത് കേട്ടു പഠിച്ചു തുടങ്ങി’’ -ഭാനുവെന്നു വിളിക്കുന്ന മകളുടെ പാട്ടിനോടുള്ള ഇഷ്ടത്തെക്കുറിച്ച് അമ്മ എസ്. അനുപമ.
പാട്ടു മാത്രമല്ല കീബോർഡും സ്വയം പഠിച്ചെടുത്തതാണ്. കൈയിലുള്ള ടാബിൽ ഡൗൺലോഡ് ചെയ്ത് അടിച്ചു പഠിച്ചു. കഴിവുകണ്ട് അദ്‌ഭുതപ്പെട്ട അച്ഛൻ എയർഫോഴ്സ് ഉദ്യോഗസ്ഥനായ അച്ഛൻ ബിജേഷ് അടുത്ത പിറന്നാളിന് സമ്മാനം നൽകിയത് ഒരു കീ ബോർഡായിരുന്നു.

അനന്യ പാടിയ ‘മൈനാകം കടലിൽ’ എന്ന സിനിമാഗാനം സാമൂഹികമാധ്യമങ്ങളിൽ അപ്‌ലോഡ് ചെയ്തതോടെയാണ് കുട്ടിയുടെ കഴിവ് മറ്റുള്ളവർ അറിഞ്ഞത്. പിന്നീട് വേദികൾ ലഭിച്ചു. ബെംഗളൂരുവിലാണ് താമസം.

കോട്ടയം സ്വദേശിയായ ശ്രീലതാ രാജു രചിച്ച് ഒറ്റപ്പാലം അകലൂരിലെ മുരളി അപ്പാടത്ത് സംഗീതം ചെയ്ത ആൽബത്തിലാണ് ഭാനു ഇപ്പോൾ പാടിയത്. ആദ്യം മുരളി പാടിയ ട്രാക്ക് അയച്ചു കൊടുത്തു. ഇത് കേട്ട് പഠിച്ച് പാടി റെക്കോഡ് ചെയ്തു.ബെംഗളൂരുവിലെ വാത്സല്യ സ്പെഷ്യൽ സ്കൂൾ എച്ച്.എ.എല്ലിൽ പഠിക്കുന്നുണ്ട് അനന്യ. അധ്യാപകനായ ജയന്തും പാട്ടിനും പഠനത്തിനും പിന്തുണ നൽകി ഒപ്പമുണ്ട്.