Representative Image | Photo: AP
കോവിഡ് മഹാമാരി അവസാനിച്ചിട്ടില്ലെന്നും ജാഗ്രത തുടരണമെന്നും അടുത്തിടെ ലോകാരോഗ്യസംഘടന വ്യക്തമാക്കിയിരുന്നു. കോവിഡ് മഹാമാരിക്ക് മാറ്റംവന്നെങ്കിലും അത് അവസാനിച്ചിട്ടില്ലെന്നും 110 രാജ്യങ്ങളില്‍ രോഗികളുടെ എണ്ണം വര്‍ധിക്കുകയാണെന്നുമാണ് ലോകാരോഗ്യസംഘടന മുന്നറിയിപ്പ് നൽകിയത്. ഇപ്പോഴിതാ വർധിക്കുന്ന കോവിഡ് കേസുകളുടെ പശ്ചാത്തലത്തിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയാണ് ഓസ്ട്രേലിയ.
കോവിഡ് 19 കേസുകൾ റെക്കോഡ് തലത്തിൽ ഉയരുകയും ആശുപത്രികളിൽ രോഗികൾ നിറയുകയും ചെയ്യുന്ന സാഹചര്യത്തിലാണ് നിയന്ത്രണങ്ങൾ കടുപ്പിക്കാൻ തീരുമാനമായത്. സ്ഥാപനങ്ങൾ കഴിയുന്നതും വർക് ഫ്രം ഹോം സംവിധാനം നടപ്പിലാക്കണമെന്നാണ് പ്രധാന നിർദേശങ്ങളിലൊന്ന്. മാസ്കുകൾ ധരിക്കുന്നതിൽ വിട്ടുവീഴ്ച്ച ചെയ്യരുതെന്നും ബൂസ്റ്റർ വാക്സിൻ സ്വീകരിക്കാൻ വൈകരുതെന്നും നിർദേശമുണ്ട്.
ഒമിക്രോൺ വകഭേദങ്ങളായ BA.4, BA.5 എന്നിവയാണ് ഓസ്ട്രേലിയയിൽ മൂന്നാംതരംഗത്തിന് വഴിവെച്ചിരിക്കുന്നത്. കഴിഞ്ഞ ഏഴുദിവസത്തിനുള്ളിൽ മൂന്നുലക്ഷം കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ചൊവ്വാഴ്ച്ച മാത്രം അമ്പതിനായിരം പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നു. രണ്ടുമാസത്തിനിടെ പുറത്തുവന്ന കണക്കുകളിൽ ഏറ്റവും ഉയർന്ന നിരക്കാണിത്.
ഹ്രസ്വകാലത്തേക്കെങ്കിലും മാറ്റങ്ങൾ വരുത്തിയേ മതിയാവൂ എന്നതുകൊണ്ടാണ് പുതിയ തീരുമാനങ്ങളിലേക്ക് കടക്കുന്നതെന്ന് ഓസ്ട്രേലിയയിലെ ചീഫ് മെഡിക്കൽ ഓഫീസർ പോൾ കെല്ലി പറഞ്ഞു. ആശുപത്രികളിൽ പ്രവേശിപ്പിക്കുന്നവരുടെ എണ്ണം വൈകാതെ ഇരട്ടിയാകുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.
കോവിഡ് ബാധിച്ച് 5,300ൽപരം പേർ നിലവിൽ വിവിധ ആശുപത്രികളിലായി ചികിത്സയിലാണ്. ജനുവരിയിൽ BA.1 വ്യാപനത്തെത്തുടർന്ന് 5,390 പേർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ആളുകൾ ബൂസ്റ്റർ ഡോസ് എടുക്കാതിരിക്കുന്നതും വൈകിക്കുന്നതുമാണ് വ്യാപനം കൂട്ടുന്നതെന്നാണ് ആരോഗ്യ വിദഗ്ധരുടെ കണ്ടെത്തൽ.
നിലവിൽ ബിഎ.4, ബിഎ.5 വകഭേദങ്ങള്‍മൂലമുള്ള കോവിഡ് പലയിടത്തും പടരുകയാണ്. 110 രാജ്യങ്ങളില്‍ കോവിഡ് നിരക്ക് ഉയര്‍ന്നതോടെ ലോകത്ത് കോവിഡ് രോഗികളുടെ എണ്ണം 20 ശതമാനത്തോളമാണ് വര്‍ധിച്ചത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..