കടുകുമണ്ണ ഊരിൽനിന്ന് ആനവായിലേക്ക് പോകാൻ കുന്നിറങ്ങുന്ന കടുകുമണ്ണ ഊരുവാസികൾ
അഗളി: പ്രസവമടുത്താൽ അട്ടപ്പാടി ഊരുകളിലെ ഗർഭിണികളുടെ മനസ്സിൽ ആധിയാണ്. അടിയന്തരസാഹചര്യങ്ങളിൽ എങ്ങനെ ആശുപത്രിയിലെത്തുമെന്ന കാര്യത്തിൽ യാതൊരു നിശ്ചയവുമില്ല. തുണിമഞ്ചലുകളും മറ്റും മുൻകൂട്ടി തയ്യാറാക്കിവെക്കേണ്ട ഗതികേടാണ്. ഇത്തരം സാഹചര്യങ്ങളൊഴിവാക്കാൻ ലക്ഷ്യമിട്ടാണ് അട്ടപ്പാടിയിൽ ‘അമ്മവീട്’ പദ്ധതി കൊണ്ടുവന്നത്. എന്നാൽ, ഗർഭിണികൾക്കും അവരുടെ ബന്ധുക്കൾക്കും ഏറെ ആശ്രയമാവേണ്ട പദ്ധതിപോലും സമയബന്ധിതമായി പൂർത്തിയാക്കുന്നില്ല.
കോട്ടത്തറ ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രിയിലെ ‘അമ്മവീടി’ന്റെ നിർമാണമാണ് പാതിവഴിയിലായത്. ബിനോയ് വിശ്വം എം.പി.യുടെ ഫണ്ടിൽനിന്നുള്ള 57 ലക്ഷം രൂപ ചെലവഴിച്ച് 2020-ലാണ് നിർമാണം തുടങ്ങിയത്.
മൂന്നുമാസംമുൻപ് 95 ശതമാനം നിർമാണം പൂർത്തിയായെങ്കിലും അവശേഷിക്കുന്ന മിനുക്കുപണികൾ പൂർത്തിയാക്കേണ്ടതുണ്ട്. മുറ്റത്ത് ഇഷ്ടിക വിരിക്കുന്ന പണികളാണ് ബാക്കിയുള്ളത്. നിർമാണം പൂർത്തിയാക്കിയാലേ കോട്ടത്തറ ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രിക്ക് കെട്ടിടം കൈമാറാനാകൂ.
അതേസമയം, അടുത്തമാസം കെട്ടിടം കൈമാറുമെന്ന് അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മരുതി മുരുകൻ പറഞ്ഞു.
ഊരുകളിൽ 10 ഗർഭിണികൾ
അട്ടപ്പാടി പ്രാക്തന ഗോത്രവർഗമേഖലയായ കുറുംബ ഊരുകളിൽ നിലവിൽ 10 ഗർഭിണികളുണ്ട്. ഇതിൽ തുടുക്കിയിൽ ഒരു ഗർഭിണി കിണറ്റുകരയിലും കിണറ്റുകരയിലെ ഒരുഗർഭിണി മുക്കാലിയിലും ബന്ധുവീടുകളിലാണ് താമസിക്കുന്നത്.
തുടുക്കിയിൽനിന്ന് ഒൻപതുകിലോമീറ്ററും കടുകുമണ്ണയിൽനിന്ന് മൂന്നരക്കിലോമീറ്ററും നടന്നാലെ വാഹനസൗകര്യമുള്ള ആനവായിൽ ഇവർക്ക് എത്താനാവൂ. ആനവായിൽനിന്ന് വാഹനത്തിൽ 35 കിലോമീറ്ററോളം സഞ്ചരിച്ചാലെ കോട്ടത്തറ ട്രൈബൽ സ്പെഷാലിറ്റി ആശുപത്രിയിലെത്താനുമാവൂ.
‘അമ്മവീട്ടി’ൽ
ഏഴുമുറികളും ഒരു പൊതു അടുക്കളയുമുള്ളതാണ് കെട്ടിടം. ഒരു ഹാളും ഒരു കിടപ്പുമുറിയും ഇതിനോടനുബന്ധിച്ച് ശൗചാലയവുമടങ്ങിയതാണ് ഒരുമുറിയിലെ സൗകര്യങ്ങൾ.
പദ്ധതിപ്രകാരം ആദിവാസിവിഭാഗക്കാരായ ഗർഭിണികൾക്ക് പ്രസവതീയതിക്കുമുൻപുതന്നെ ‘അമ്മവീട്ടി’ലെത്തി കുടുംബത്തോടൊപ്പം താമസിക്കാം. പൊതു അടുക്കളയിൽ ഗർഭിണികൾക്ക് ഇഷ്ടമുള്ളഭക്ഷണം പാചകംചെയ്തുകഴിക്കാം.
പ്രസവം കഴിഞ്ഞ് അമ്മയും കുഞ്ഞും പൂർണ ആരോഗ്യം കൈവരിക്കുന്നതോടെ ഊരിലേക്ക് മടങ്ങുന്നരീതിയിലുള്ള പദ്ധതിയാണ് അമ്മവീട്.
Content Highlights: attappadi amma veedu project has not yet finished
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..