ന്യൂഡല്‍ഹി: ഡെല്‍റ്റാ വകഭേദത്തെപ്പോലെതന്നെ ഒമിക്രോണിന് അതിവ്യാപനശേഷിയുണ്ടെന്നും അതിനാല്‍ ജാഗ്രത പാലിക്കണമെന്നും കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി.

ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ്‍ സംസ്ഥാനങ്ങള്‍ക്ക് ഇതുസംബന്ധിച്ച് കത്ത് അയച്ചു. നിലവില്‍ റിപ്പോര്‍ട്ട് ചെയ്തവയില്‍ മൂന്നിരട്ടി അധികമാണ് ഒമിക്രോണിന്റെ വ്യാപനശേഷി. കോവിഡ് മാനദണ്ഡങ്ങള്‍ ജനങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക. വാക്‌സിനേഷന്‍ വേഗത്തിലാക്കുക. ഒപ്പം ആശുപത്രികളില്‍ ഓക്‌സിജന്‍ സിലിന്‍ഡറുകള്‍, കിടക്കകള്‍, അവശ്യമരുന്നുകള്‍ തുടങ്ങിയവയുണ്ടെന്ന് പരിശോധിച്ച് ഉറപ്പാക്കുക. ആവശ്യമെങ്കില്‍ രാത്രികാല കര്‍ഫ്യൂ അടക്കം ഏര്‍പ്പെടുത്തുക -കത്തില്‍ പറയുന്നു.

രാജ്യത്ത് 200 കടന്നു

രാജ്യത്ത് കോവിഡ് വകഭേദമായ ഒമിക്രോണ്‍ രോഗബാധിതരുടെ എണ്ണം 200 കടന്നു. മഹാരാഷ്ട്ര(65), ഡല്‍ഹി(54) ,തെലങ്കാന (20), കര്‍ണാടക (19), രാജസ്ഥാന്‍ (18), കേരളം (15), ഗുജറാത്ത് (14) എന്നിങ്ങനെയാണ് രോഗികളുടെ എണ്ണം. സജീവരോഗികളുടെ എണ്ണം 133 ആണ്; ഡല്‍ഹിയിലാണ് (42) ഇവര്‍ കൂടുതല്‍. ഇതില്‍ 31 പേര്‍ ഒമിക്രോണ്‍ ബാധിത രാജ്യങ്ങളില്‍ നിന്നെത്തിയവരാണ്.

80 ശതമാനംപേരിലും രോഗലക്ഷണമില്ല

ഒമിക്രോണ്‍ സ്ഥിരീകരിച്ച 80 ശതമാനം പേരും പുറമേക്ക് രോഗലക്ഷണമില്ലാത്തവരാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ പറഞ്ഞു. ഒമിക്രോണ്‍ പ്രതിരോധത്തിന് നിലവിലുള്ള വാക്‌സിന്റെ കാര്യക്ഷമത പരിശോധിച്ചുവരികയാണ് - അദ്ദേഹം വ്യക്തമാക്കി.

വ്യാപനരീതിയെക്കുറിച്ച് വ്യക്തതയില്ല

വ്യാപനരീതി, രോഗകാഠിന്യം, രോഗബാധിതന്റെ പ്രതിരോധശേഷിയെ എങ്ങനെ നശിപ്പിക്കും തുടങ്ങിയ വിഷയങ്ങളില്‍ കൃത്യമായ വ്യക്തതയോ തെളിവോ ഇതുവരെ ലഭിച്ചിട്ടില്ലെന്ന് ജനിതകശ്രേണി പരിശോധനയ്ക്കായി രൂപവത്കരിച്ച ലബോറട്ടറികളുടെ സംഘമായ ഇന്‍സാകോഗ് (ഇന്ത്യന്‍ സാര്‍സ്-കൊവിഡ്- ജിനോമിക്‌സ് സീക്വന്‍സിങ് കണ്‍സോര്‍ഷ്യം) അറിയിച്ചു

Content Highlights: As Omicron spreads across India government issued alert