കുഴഞ്ഞുവീണയാൾക്ക് രക്ഷയായി പോലീസ് ഉദ്യോ​ഗസ്ഥന്റെ സമയോചിത ഇടപെടൽ; സി.പി.ആർ ചെയ്യുംവിധം


എന്താണ് സി.പി.ആര്‍. എന്നും അത് എങ്ങനെ ചെയ്യാം എന്നും ഓരോരുത്തരും അറിഞ്ഞിരിക്കേണ്ടതുണ്ട്.

Representative Image | Photo: Gettyimages.in

ഗുരുവായൂർ ക്ഷേത്രപരിസരത്തുവച്ച് കുഴഞ്ഞുവീണ അനന്ദകുമാർ എന്നയാളുടെ ജീവൻ സമയോചിത ഇടപെടലിലൂടെ രക്ഷിച്ച സബ്ഇൻസ്പെക്ടർ സഞ്ജുവിന്റെ വാർത്ത പുറത്തുവന്നിരുന്നു.കേരള പോലീസും ഔദ്യോഗിക ഫേസ്ബുക്കിലൂടെ സംഭവത്തിന്റെ വിശദവിവരങ്ങള്‍ പങ്കുവെച്ചിരുന്നു. ക്ഷേത്രപരിസരത്തെ ബഞ്ചിലിരുന്ന ഒരാൾ പെട്ടന്ന് മറിഞ്ഞുവീഴുന്നത് സഞ്ജുവിന്റെ ശ്രദ്ധയിൽപെടുകയും ശ്വാസോച്ഛ്വാസം നിലച്ചതായി തിരിച്ചറിഞ്ഞതോടെ വേറൊന്നും ചിന്തിക്കാതെ അയാൾക്ക് കൃത്രിമ ശ്വാസോച്ഛ്വാസം കൊടുക്കുകയുമാണ് ചെയ്തത്‌.

നിലത്ത് മലർത്തി കിടത്തി കൈയില്‍ നിന്നും കർച്ചീഫ് എടുത്ത് മുഖത്തിട്ടാണ് കൃത്രിമ ശ്വാസോച്ഛ്വാസം കൊടുത്തത്. ഒപ്പം CPR - (Cardio-pulmonary Resuscitation ) ഉം തുടങ്ങി. CPR തുടരുന്നതിനിടെ ആംബുലൻസ് എത്തി. ശ്വാസ്വോച്ഛ്വാസം ശരിയാകുന്നതിന് മുൻപ് CPR മതിയാക്കി രോഗിയെ കൊണ്ടുപോകുന്നത് ശരിയല്ലെന്നും ഈ അവസ്ഥയിൽ അത് അപകടമാണെന്നും തിരിച്ചറിഞ്ഞ് CPR തുടർന്നു. കണ്ണുമറഞ്ഞ് ചലനമറ്റുകിടന്നിരുന്ന അയാൾ പെട്ടന്ന് തലയനക്കുകയും ചുമയ്ക്കുകയും ചെയ്തു. ഉടൻതന്നെ അയാളെ ആംബുലൻസിൽ കയറ്റി പോലീസുദ്യോഗസ്ഥരും ബന്ധുക്കളും ചേർന്ന് ദേവസ്വം ആശുപത്രയിലേക്ക് കൊണ്ടുപോവുകയും ആശുപത്രിയിൽ അടിയന്തിര പ്രാഥമിക ചികിത്സ നൽകി കുന്ദംകുളത്തെ ആശുപത്രിയിലെത്തിക്കുകയും ചെയ്തു. യഥാസമയം ലഭിച്ച CPR ആണ് അനന്ദകുമാറിന് രക്ഷയായതെന്ന് രോഗിയെ പരിശോധിച്ച ശേഷം ഡോക്ടർമാർ പറഞ്ഞു. ക്ഷേത്രദർശനം കഴിഞ്ഞ് അല്പസമയം വിശ്രമിക്കാനായി ഇരുന്നതായിരുന്നു ഹൃദയസംബന്ധമായ അസുഖങ്ങളുള്ള അനന്ദകുമാർ.

എന്താണ് സി.പി.ആര്‍. ?

ഹൃദയാഘാതം വന്ന് മിടിപ്പ് താണുപോകുന്നവർക്ക് നെഞ്ചിൽ പ്രത്യേക ക്രമത്തിൽ മർദം ഏല്പിക്കുന്ന അതീവപ്രാധാന്യമുള്ള പ്രഥമ ശുശ്രൂഷയാണ് ‘ഹൃദയശ്വസന പുനരുജ്ജീവനം’ അഥവാ ‘കാർഡിയോ പൾമനറി റിസ്യൂസിറ്റേഷൻ’ (സി.പി.ആർ). എന്താണ് സി.പി.ആര്‍. എന്നും അത് എങ്ങനെ ചെയ്യാം എന്നും ഓരോരുത്തരും അറിഞ്ഞിരിക്കേണ്ടതുണ്ട്. അടിയന്തര ഘട്ടങ്ങളില്‍ ഒരാളുടെ ജീവന്‍ രക്ഷിക്കാന്‍ ഇത് സഹായിച്ചേക്കും.

ഹൃദയത്തിന്റെ സ്പന്ദനം നിലച്ചുപോകുന്ന അവസ്ഥയാണ് കാര്‍ഡിയാക് അറസ്റ്റ് അഥവാ ഹൃദയസ്തംഭനം. ഹൃദയസ്തംഭനം സംഭവിച്ചാല്‍ ആ വ്യക്തി തളര്‍ന്നുവീഴും. ബോധം കെടും. ഓഫീസിലോ വീട്ടിലോ റോഡിലോ ഒക്കെ ആളുകള്‍ ബോധംകെട്ടു വീഴാറുണ്ട്. ഇങ്ങനെ കുഴഞ്ഞുവീഴുന്നവര്‍ക്ക് അടിയന്തര ചികിത്സ കിട്ടിയില്ലെങ്കില്‍ രോഗിയുടെ ജീവന്‍ നഷ്ടമാകും. രോഗിയെ ആശുപത്രിയില്‍ എത്തിക്കാനും ഡോക്ടര്‍ വരുന്നതുവരെ കാത്തിരിക്കാനുമൊന്നും സമയം കിട്ടില്ല. രോഗിയുടെ ജീവന്‍ രക്ഷിക്കാന്‍ വെറും അഞ്ച് മിനിറ്റ് സമയം മാത്രമേ ഉണ്ടാവൂ. ഇതിനിടയില്‍ പരിചരണം കിട്ടിയില്ലെങ്കില്‍ ആളുടെ ജീവന്‍ നഷ്ടപ്പെടും. ഹൃദയസ്തംഭനത്താല്‍ ഒരാള്‍ ബോധം കെട്ടു വീണ സമയത്ത് നിങ്ങളുടെ മനസ്സും കൈകളും പ്രവര്‍ത്തിച്ചാല്‍ ഒരു ജീവന്‍ രക്ഷിക്കാനാകും. കാഴ്ചക്കാരായി നില്‍ക്കാതെ ഉടന്‍ പ്രവര്‍ത്തിക്കുകയാണ് വേണ്ടത്. കുഴഞ്ഞുവീണ രോഗിക്ക് പുനരുജ്ജീവന ചികിത്സ നല്‍കുകയാണ് ഇതിനുള്ള പ്രതിവിധി. ഇത് ആര്‍ക്കും എവിടെ വെച്ചും ചെയ്യാന്‍ കഴിയുന്നതുമാണ്. ഇതെങ്ങനെ ചെയ്യാമെന്ന് അറിയാം.

അപകട സ്ഥലത്ത് ചെയ്യേണ്ടത്

ബോധം കെട്ടുവീണയാളെ ഒരിക്കലും ഇരുത്താന്‍ ശ്രമിക്കരുത്. ബോധം കെട്ടുവീണയാളുടെ തലച്ചോറിലേക്ക് രക്തപ്രവാഹം കൂട്ടുകയാണ് വേണ്ടത്. ഇതിനായി രോഗിയെ ഉറപ്പുള്ള പ്രതലത്തില്‍ മലര്‍ത്തിക്കിടത്തണം. തലഭാഗം ഉയര്‍ത്തി വെക്കരുത്.

ചുമലില്‍ തട്ടിവിളിച്ചിട്ടും ബോധം കെട്ടു വീണയാള്‍ പ്രതികരിക്കുന്നില്ലെങ്കില്‍ സ്ഥിതി അപകടകരമാണെന്ന് വിലയിരുത്തണം. രോഗി പ്രതികരിക്കാതിരിക്കുന്നതിന്റെ കാരണം പലതാവാം. വിവേകപൂര്‍വം അടിയന്തിരമായി പ്രഥമ ശുശ്രൂഷ നല്‍കേണ്ട ഘട്ടമാണിത്. പുനരുജ്ജീവന ചികിത്സ നല്‍കുന്നതിനൊപ്പം രോഗിയെ എത്രയും പെട്ടെന്ന് ആശുപത്രിയിലെത്തിക്കാനുള്ള സൗകര്യമൊരുക്കണം. ആംബുലന്‍സ് ഏര്‍പ്പാട് ചെയ്യാം. രോഗിയെ കൊണ്ടുവരുന്നതായി ആശുപത്രിയില്‍ അറിയിക്കുന്നതും നല്ലതാണ്.

പുനരുജ്ജീവന ചികിത്സ

മൃതാവസ്ഥയിലുള്ള രോഗിയെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാനുള്ള സുപ്രധാന വഴികളാണ് പുനരുജ്ജീവന ചികിത്സയില്‍ ചെയ്യുന്നത്.

ബോധം കെട്ടു കിടക്കുന്ന രോഗി ശ്വാസം എടുക്കുന്നുണ്ടോ എന്ന് നോക്കുക. പത്ത് സെക്കന്‍ഡ് മാത്രം നിരീക്ഷിച്ചാല്‍ മതി. വയറും നെഞ്ചും ചലിക്കുന്നില്ലെങ്കില്‍ ഹൃദയസ്തംഭനം സംഭവിച്ചതായി കരുതി ഉടന്‍ പുനരുജ്ജീവന ചികിത്സ ആരംഭിക്കണം. നെഞ്ചില്‍ മര്‍ദം ഏല്‍പിച്ചുള്ള എക്‌സ്റ്റേണല്‍ കാര്‍ഡിയാക് കംപ്രഷന്‍, ശ്വാസവഴി ശുദ്ധിയാക്കല്‍, വായോട് വായ് ചേര്‍ത്ത് ശ്വാസം നല്‍കല്‍, ഡീ ഫീബ്രിലേഷന്‍ എന്നിങ്ങനെ പല ഘടകങ്ങള്‍ ഇതിലുണ്ട്.

നെഞ്ചില്‍ മര്‍ദം ഏല്‍പിക്കല്‍ (എക്‌സ്റ്റേണല്‍ കാര്‍ഡിയാക് കംപ്രഷന്‍)

ഹൃദയസ്തംഭനം വന്നവരുടെ പുനരുജ്ജീവന ചികിത്സയിലെ പ്രധാന ഭാഗമാണിത്. നെഞ്ചില്‍ എവിടെ, എങ്ങനെ, എത്രതവണയാണ് മര്‍ദം ഏല്‍പിക്കേണ്ടതെന്ന കാര്യം മനസ്സിലാക്കിയാല്‍ ആര്‍ക്കും ഇത് ചെയ്യാനാകും.

  • ബോധംകെട്ടയാളുടെ നെഞ്ചില്‍ മര്‍ദം നല്‍കുന്നയാള്‍ മുട്ടുകുത്തി ഇരിക്കുക. കൈപ്പത്തിയുടെ അടിഭാഗം (കൈപ്പത്തി മണിബന്ധവുമായി ചേരുന്ന ഭാഗം) രോഗിയുടെ നെഞ്ചില്‍ അമര്‍ത്തിവെക്കുക.
  • നെഞ്ചില്‍ മുലക്കണ്ണുകള്‍ മുട്ടുന്ന തരത്തില്‍ ഒരു വരയും അതിന് ലംബമായി മറ്റൊരു വരയും വരച്ചാല്‍ കൂട്ടിമുട്ടുന്ന സ്ഥലത്താണ് മര്‍ദം നല്‍കേണ്ടത്. നെഞ്ചില്‍ കൈപ്പത്തിയുടെ അടിഭാഗം അമര്‍ത്തിയ ശേഷം മറ്റേ കൈ അതിന് മേലെ വെക്കുക. എന്നിട്ട് മുകളിലെ കൈവിരലുകള്‍ കീഴിലെ കൈവിരലുകളുമായി കോര്‍ത്തുവെക്കുക.
  • കൈമുട്ട് നിവര്‍ത്തിപ്പിടിച്ചിരിക്കണം.
  • ഈ അവസ്ഥയില്‍ നെഞ്ചില്‍ ശക്തിയായി മര്‍ദം നല്‍കാം. മര്‍ദം നല്‍കുമ്പോള്‍ നമ്മുടെ ശരീരഭാരം കൈപ്പത്തിയിലൂടെ രോഗിയുടെ നെഞ്ചിലേക്ക് പകരുകയാണ് ചെയ്യുന്നത്.
  • ഒരു മിനിറ്റില്‍ 100 തവണയെങ്കിലും ഇങ്ങനെ മര്‍ദം നല്‍കണം.
  • ഓരോ തവണ അമര്‍ത്തുമ്പോഴും നെഞ്ച് അഞ്ചു സെന്റിമീറ്റര്‍ താഴണം.
  • ബോധംകെട്ടയാള്‍ കണ്ണ് തുറന്ന് സംസാരിക്കുന്നത് വരെയോ ഡോക്ടറുടെ സേവനം ലഭ്യമാവുന്നത് വരെയോ ഇത് തുടരാം.
വിവരങ്ങള്‍ക്ക് കടപ്പാട്

ഡോ. വേണുഗോപാലന്‍ പി.പി.
ഡയറക്ടര്‍
എമര്‍ജന്‍സി മെഡിസിന്‍
ആസ്റ്റര്‍ ഡി.എം. ഹെല്‍ത്ത് കെയര്‍

Content Highlights: artificial respiration, cardiopulmonary resuscitation, cpr procedure

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Yuan Wang-5

1 min

ഇന്ത്യയുടെ ആശങ്കകള്‍ തള്ളി ശ്രീലങ്ക; ചൈനീസ് ചാരക്കപ്പലിന് നങ്കൂരമിടാന്‍ അനുമതി നല്‍കി

Aug 13, 2022


IN DEPTH

11:43

ഷെയര്‍ മാര്‍ക്കറ്റിലെ വിജയമന്ത്രം; ഓഹരി രാജാവ് വിടപറയുമ്പോള്‍ | Rakesh Jhunjunwala

Aug 14, 2022


bjp

1 min

നെഹ്‌റുവിനെ ലക്ഷ്യമിട്ട് വിഭജനത്തേക്കുറിച്ചുള്ള വീഡിയോയുമായി ബിജെപി; തിരിച്ചടിച്ച് കോണ്‍ഗ്രസ്

Aug 14, 2022

Most Commented