ആലപ്പുഴ: സമൂഹത്തില്‍ ഒറ്റപ്പെടുത്തേണ്ടവരല്ല ഓട്ടിസം ബാധിച്ചവരെന്ന് ഓര്‍മപ്പെടുത്താന്‍ വീണ്ടുമൊരു ദിനാചരണം. ലോകമെങ്ങും ശനിയാഴ്ച ഓട്ടിസം ദിനമായി ആചരിക്കുകയാണ്. 2007 ല്‍ ഐക്യരാഷ്ട സഭയാണ് ഏപ്രില്‍ രണ്ട് ലോക ഓട്ടിസം ദിനമായി പ്രഖ്യാപിച്ചത്. ഓട്ടിസം ബാധിച്ചവരെ തളച്ചിടരുതെന്ന തിരിച്ചറിവുണ്ടാക്കുകയാണ് ദിനാചരണം ലക്ഷ്യമാക്കുന്നത്.
 
കുട്ടികളിലെ ആശയവിനിമയ ശേഷിയെയും സഹവര്‍ത്തിത്വ ശേഷിയെയുമാണ് ഓട്ടിസം ബാധിക്കുന്നത്. ഇവയെ നിയന്ത്രിക്കുന്ന തലച്ചോറിലെ കേന്ദ്രങ്ങളുടെ വളര്‍ച്ചയിലുണ്ടാകുന്ന തകരാറാണ് ഓട്ടിസത്തിന് കാരണമായി വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. പദസമ്പത്തിന്റെ കുറവ്, വൈകാരിക പ്രകടനങ്ങളിലെ കുറവ്, ആവര്‍ത്തിച്ചുള്ള ചേഷ്ടകളും ശീലങ്ങളും എന്നിവയാണ് പൊതുസ്വഭാവങ്ങള്‍.ആജീവനാന്തം നിലനില്ക്കുന്ന ഈ അവസ്ഥ ജന്മനാമുതല്‍ പ്രകടമാകാം.
 
മരുന്ന് കൊണ്ട് മാറ്റാന്‍ കഴിയാത്ത ഈ അവസ്ഥയെ ആശയവിനിമയശേഷി വര്‍ധിപ്പിച്ചും കഴിവുകള്‍ തിരിച്ചറിഞ്ഞ് പ്രോത്സാഹിപ്പിച്ചും സ്വയം പ്രാപ്തരാക്കുകയാണ് ചെയ്യേണ്ടതെന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ സൈക്യാട്രി വിഭാഗം അസി. പ്രൊഫസര്‍ ഡോ. അരുണ്‍ ബി. നായര്‍ പറഞ്ഞു.

കേരളത്തില്‍ ഓട്ടിസം ബാധിച്ച കുട്ടികള്‍ക്ക് വളരാന്‍ പരിമിതമായ സാഹചര്യമാണുള്ളതെന്ന് ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന സംഘടനകള്‍ പറയുന്നു. സംസ്ഥാന സാമൂഹിക നീതി വകുപ്പ് അടുത്തിടെ നടത്തിയ സര്‍വെയില്‍ 3521 പേര്‍ക്ക് ഓട്ടിസമുണ്ടെന്നാണ് കണ്ടെത്തിയത്. എന്നാല്‍, ഇതില്‍ കൂടുതല്‍ പേരുണ്ടാകാമെന്നാണ് സംഘടനകള്‍ പറയുന്നത്.
 
ഇത്തരക്കാരെ തിരിച്ചറിയാന്‍ വേണ്ട പരിശീലനം സിദ്ധിച്ചവരെയല്ല സര്‍വെയ്ക്കായി നിയോഗിച്ചതെന്നാണ് ഇവരുടെ ആക്ഷേപം. ഓട്ടിസം ബാധിച്ചവരെ കണ്ടെത്തി കഴിവുകള്‍ പ്രോത്സാഹിപ്പിക്കാനും രക്ഷിതാക്കളെ ബോധവത്കരിക്കുന്നതിനുമായി കേരളം ഓട്ടിസം ക്ലബ്ബിന് രൂപം നല്കിയിട്ടുണ്ട്. ഓട്ടിസം ബാധിച്ച കുട്ടികളുടെ രക്ഷിതാക്കളുെട നേതൃത്വത്തിലാണ് ക്ലബ് രൂപംകൊണ്ടത്. പത്ത് ജില്ലകളില്‍ ഇതിനോടകം ജില്ലാ ഓട്ടിസം ക്ലബ്ബിനും രൂപം കൊടുത്തു.
 
കൂടാതെ 'ഓട്ടിസം വോയ്‌സ്' എന്ന പേരില്‍ മാസികയും പ്രസിദ്ധീകരിക്കുന്നുണ്ട്. ദിനാചരണത്തിനോട് അനുബന്ധിച്ച് വിവിധ ആവശ്യങ്ങള്‍ അടങ്ങിയ നിവേദനവും സര്‍ക്കാറിന് കൊടുക്കുന്നുണ്ട്. എല്ലാ ജില്ലാകേന്ദ്രങ്ങളിലും ഓട്ടിസം കണ്ടുപിടിക്കാനുള്ള കേന്ദ്രങ്ങള്‍ തുടങ്ങുക, അങ്കണവാടികളില്‍ മൂന്ന് മുതല്‍ അഞ്ച് വരെ പ്രായമുള്ള ഓട്ടിസക്കാര്‍ക്ക് പ്രവേശനം നല്കുക, പൊതുവിദ്യാലയങ്ങളില്‍ പ്രവേശനം ഉറപ്പുവരുത്തുക തുടങ്ങിയവയാണ് ആവശ്യങ്ങള്‍.