ബ്രോക്കോളി

കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ കഷ്ടപ്പെടുന്നവര്‍ക്കൊരു സന്തോഷവാര്‍ത്ത. ഒരു പുതിയഇനം ബ്രോക്കോളി കഴിച്ചാല്‍ രക്തത്തിലെ ചീത്ത കൊളസ്‌ട്രോളിനെക്കുറിച്ച് ഭയക്കേണ്ടെന്നാണ് പുതിയ പഠനറിപ്പോര്‍ട്ട്.

 

ബ്രിട്ടനിലെ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫുഡ് റിസര്‍ച്ചിലെ ഗവേഷകരാണ് ബ്രോക്കോളിയുടെ  കൊളസ്‌ട്രോള്‍ കുറയ്ക്കാനുള്ള കഴിവു കണ്ടെത്തിയത്. രക്തത്തിലെ ചീത്ത കൊളസ്‌ട്രോള്‍ കുറയുന്നത് ഹൃദയാരോഗ്യം മെച്ചപ്പെടുന്നതിന് സഹായകരമാവുമെന്ന് ഗവേഷണത്തിന് നേതൃത്വംനല്‍കിയ ചാര്‍ലോട്ട് ആമഹ് പറഞ്ഞു. ഗ്ലുക്കോറഫാനിന്‍ എന്ന ഘടകം യഥേഷ്ടമുള്ളതാണ് ബ്രോക്കോളിക്ക് ചീത്ത കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ സഹായമാകുന്നത്. ബ്രിട്ടീഷ് സൂപ്പര്‍മാര്‍ക്കറ്റുകളില്‍ ബെനിഫോര്‍ട്ട് എന്നപേരില്‍ ഈ പുതിയ ഇനം ബ്രോക്കോളി ലഭ്യമാണ്.

130 പേര്‍ക്ക് ആഴ്ചയില്‍ സാധാരണ ഭക്ഷണത്തിനു പുറമെ 400 ഗ്രാം പുതിയയിനം ബ്രോക്കോളി നല്‍കിയായിരുന്നു പഠനം. മൂന്നുമാസത്തിനു ശേഷം നടത്തിയ പരിശോധനയില്‍ ഇവരുടെ രക്തത്തിലെ ചീത്ത കൊളസ്‌ട്രോളിന്റെ നില ആറു ശതമാനത്തിലധികം കുറഞ്ഞതായി കണ്ടെത്തുകയായിരുന്നു.