കണ്ണൂര്‍: കുട്ടികള്‍ക്ക് കോവിഡ് പ്രതിരോധത്തിനുള്ള ഹോമിയോമരുന്നിനെതിരേ ശിശുരോഗവിദഗ്ധര്‍. ശാസ്ത്രീയമായ പഠനങ്ങളും പരീക്ഷണങ്ങളും നടത്താതെ ആര്‍സനിക് ആല്‍ബം എന്ന ഹോമിയോമരുന്ന് കുട്ടികളില്‍ പരീക്ഷിക്കരുതെന്ന് ഇന്ത്യന്‍ അക്കാദമി ഓഫ് പീഡിയാട്രിക്സ് (ഐ.എ.പി.) സംസ്ഥാന സമ്മേളനം അഭിപ്രായപ്പെട്ടു. ഈ മരുന്നിനെതിരേ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ നേരത്തെ രംഗത്തെത്തിയിരുന്നു.

മരുന്ന് ഗുരുതരമായ ആരോഗ്യ-സാമൂഹിക പ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്ന് സമ്മേളനം ചര്‍ച്ചചെയ്തു. ആദ്യം മൃഗങ്ങളിലും പിന്നീട് യുവാക്കളായ വൊളന്റിയര്‍മാരിലും നടത്തുന്ന പരീക്ഷണത്തിനും ശേഷമേ കുട്ടികളിലേക്ക് ഏതൊരു മരുന്നും നല്‍കാന്‍ പാടുള്ളൂ എന്നാണ് ലോകാരോഗ്യസംഘടന പറയുന്നത്. ഈ മാനദണ്ഡങ്ങള്‍ മറികടന്നാണ് കേരളത്തില്‍ സ്‌കൂള്‍ വിദ്യാര്‍ഥികളില്‍ ആര്‍സെനിക് ആല്‍ബം പരീക്ഷിക്കുന്നത്.

ആര്‍സെനിക്, ലെഡ് തുടങ്ങിയ ഹെവി മെറ്റലുകള്‍ വൃക്കകളെയും കരളിനെയും ഗുരുതരമായി ബാധിക്കുമെന്ന് പറയുന്നു.

ഈ സാഹചര്യത്തില്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ആര്‍സനിക് ആല്‍ബം നല്‍കാനുള്ള നടപടിയില്‍നിന്ന് സര്‍ക്കാര്‍ പിന്തിരിയണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു.

ഐ.എ.പി. സംസ്ഥാന പ്രസിഡന്റ് ഡോ. ടി.പി. ജയരാമന്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. ദേശീയ പ്രസിഡന്റ് ഡോ. രമേശ് കുമാര്‍ മുഖ്യാതിഥിയായിരുന്നു. ഡോ. എം.കെ. നന്ദകുമാര്‍, ഐഡി ചാപ്റ്റര്‍ പ്രസിഡന്റ് ഡോ. അഞ്ചു ദീപക്, ഐ.എ.പി. സംസ്ഥാന സെക്രട്ടറി ഡോ. ജോണി സെബാസ്റ്റ്യന്‍, ബ്രാഞ്ച് പ്രസിഡന്റ് ഡോ. പദ്മനാഭ ഷേണായി, ഡോ. നിഹാസ് നഹ, ഡോ. ഇര്‍ഷാദ്, ഡോ. അജിത് സുഭാഷ് എന്നിവര്‍ സംസാരിച്ചു. 50 പ്രതിനിധികള്‍ നേരിട്ടും അഞ്ഞൂറോളം പ്രതിനിധികള്‍ ഓണ്‍ലൈനായും പങ്കെടുത്തു.

കോവിഡ് പശ്ചാത്തലത്തില്‍ കുട്ടികളെ സാംക്രമികരോഗങ്ങള്‍ എങ്ങനെ ബാധിക്കും എന്നതിനെക്കുറിച്ച് ആറ് ഗവേഷണപ്രബന്ധങ്ങള്‍ വിദഗ്ധര്‍ അവതരിപ്പിച്ചു. ഡോ. എസ്. ബാലസുബ്രഹ്‌മണ്യന്‍ (ചെന്നൈ), ഡോ. അഭയ് കെ. ഷാ (അഹമ്മദാബാദ്), ഡോ. വിജയ് യാവ്ലെ (മുംബൈ), ഡോ. പി.എം. അനിത (മഞ്ചേരി), ഡോ. ഷീജ സുഗുണന്‍ (തിരുവനന്തപുരം), ഡോ. അനന്ത കേശവന്‍ (തൃശ്ശൂര്‍) എന്നിവരാണ് ഗവേഷണപ്രബന്ധങ്ങള്‍ അവതരിപ്പിച്ചത്.

അന്തരിച്ച കണ്ണൂരിലെ ശിശുരോഗവിദഗ്ധന്‍ ഡോ. എസ്.വി. അന്‍സാരിയെ സമ്മേളനം അനുസ്മരിച്ചു. മുതിര്‍ന്ന ശിശുരോഗവിദഗ്ധരായ ഡോ. പ്രീത ആനന്ദ്, ഡോ. ഇബ്രാഹിംകുട്ടി, ഡോ. അബ്ദുള്‍ മജീദ് എന്നിവരെ ആദരിച്ചു.

ഡോ. എം. നാരായണന്‍, ഡോ. നാരായണ നായിക്ക്, ഡോ. സി. ജയകുമാര്‍, ഡോ. മനോജ് നാരായണന്‍, ഡോ. ജീസണ്‍ സി. ഉണ്ണി, ഡോ. എം.ടി. മുഹമ്മദ്, ഡോ. വിജയകുമാര്‍, ഡോ. ബാലചന്ദര്‍, ഡോ. പുരുഷോത്തമന്‍, ഡോ. സുധാകരന്‍, ഡോ. ജോസ് തുടങ്ങിയവര്‍ വിവിധ സെഷനുകള്‍ നിയന്ത്രിച്ചു.

ഡോ. അജിത്ത് മേനോന്‍, ഡോ. സുബ്രഹ്‌മണ്യം, ഡോ. പ്രശാന്ത്, ഡോ. സുല്‍ഫിക്കര്‍ അലി, ഡോ. മൃദുല ശങ്കര്‍, ഡോ. അഷ്റഫ്, ഡോ. ആഷ്ലി, ഡോ. ബാലചന്ദ്രന്‍, ഡോ. രാജീവന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Content Highlights: Arsenic album homeo medicine, covid19, Health