തിരുവനന്തപുരം/കൊച്ചി: കന്യാകുമാരി സ്വദേശി അരവിന്ദിന്റെ ഹൃദയവും കരളും വൃക്കകളും നാലുപേര്‍ക്ക് പുതുജീവന്‍ നല്‍കി. കഴിഞ്ഞദിവസം വാഹനാപകടത്തിലാണ് കന്യാകുമാരി അഗസ്തീശ്വരം വെസ്റ്റ് സ്ട്രീറ്റിലെ ആദിലിംഗത്തിന്റെയും സുശീലയുടെയും മകന്‍ അരവിന്ദിന് (25) ഗുരുതരമായി പരിക്കേല്‍ക്കുന്നത്. തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചു. യുവാവിന്റെ ബന്ധുക്കള്‍ അവയവദാനത്തിനുള്ള സന്നദ്ധത 'മൃതസഞ്ജീവനി' നോഡല്‍ ഓഫീസര്‍ ഡോ. നോബിള്‍ ഗ്രേഷ്യസിനെ നേരിട്ട് അറിയിക്കുകയായിരുന്നു.

ഹൃദയം എറണാകുളം ലിസി ആശുപത്രിയിലും കരള്‍ ആസ്റ്റര്‍ മെഡ്സിറ്റിയിലും വൃക്കകള്‍ കിംസ് ആശുപതിയിലും മാറ്റിവെച്ചു.

കായംകുളം സ്വദേശിയായ സൂര്യനാരായണനാണ് (18) ഹൃദയം വെച്ചുപിടിപ്പിച്ചത്. ഹൃദയം ക്രമാതീതമായി വികസിക്കുന്ന 'ഡൈലേറ്റഡ് കാര്‍ഡിയോ മയോപ്പതി' എന്ന രോഗമാണ് സൂര്യനാരായണന്.

ബുധനാഴ്ച രാത്രിയാണ് കെ.എന്‍.ഒ.എസില്‍ നിന്ന ഹൃദയം ലഭ്യമാണെന്ന് ലിസി ആശുപത്രിയില്‍ സന്ദേശമെത്തിയത്. തുടര്‍ന്ന് മുഖ്യമന്ത്രിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് ഹെലിക്കോപ്റ്റര്‍ ദൗത്യത്തിന് ലഭ്യമായത്. രാവിലെ 10 മണിയോടെ നാലംഗ മെഡിക്കല്‍ സംഘം ലിസി ആശുപത്രിയില്‍ നിന്ന് കിംസിലേക്ക് പുറപ്പെട്ടു. മൂന്ന് മണിയോടെ ആരംഭിച്ച, ഹൃദയം വേര്‍പെടുത്തുന്നതിനുള്ള ശസ്ത്രക്രിയ പൂര്‍ത്തീകരിച്ച ശേഷം മെഡിക്കല്‍ സംഘം 5.30-ന് തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് യാത്രതിരിച്ചു. 6.15-ന് ബോള്‍ഗാട്ടി ഗ്രാന്റ് ഹയാത്തിലെ ഹെലിപാഡില്‍ ഇറങ്ങിയ മെഡിക്കല്‍ സംഘത്തിന് അസി. കമ്മിഷണര്‍ കെ. ലാല്‍ജിയുടെ നേതൃത്വത്തില്‍ പോലീസ് സേന 'ഗ്രീന്‍ കോറിഡോര്‍' ഒരുക്കി. നാല് മിനിറ്റിനുള്ളില്‍ ലിസി ആശുപത്രിയില്‍ ഹൃദയം എത്തിച്ച് സൂര്യനാരായണനില്‍ വച്ചുപിടിപ്പിക്കുന്നതിനുള്ള ശസ്ത്രക്രിയ ആരംഭിച്ചു.

ഡോ. ജോസ് ചാക്കോ പെരിയപ്പുറത്തിന്റെ നേതൃത്വത്തിലുള്ള മെഡിക്കല്‍ സംഘമാണ് ശസ്ത്രക്രിയ നടത്തിയത്.

6.38-നാണ് കരള്‍ ആസ്റ്റര്‍ മെഡ്സിറ്റിയിലെത്തിയത്. തുടര്‍ന്ന് എട്ടു മണിക്കൂര്‍ നീളുന്ന ശസ്ത്രക്രിയ ആരംഭിച്ചു. അടിയന്തരമായി അവയവം മാറ്റിവയ്‌ക്കേണ്ട മൃതസഞ്ജീവനിയുടെ ലിസ്റ്റില്‍ ഉള്‍പ്പെട്ട എറണാകുളം സ്വദേശിയായ 46-കാരനാണ് കരള്‍ സ്വീകരിക്കുന്നത്. വൃക്കകള്‍ കിംസ് ആശുപത്രിയിലെ തന്നെ രോഗികള്‍ക്കും മാറ്റിവച്ചു. തുടര്‍നടപടികള്‍ക്ക് ശേഷം അരവിന്ദിന്റെ മൃതദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങി ശവസംസ്‌കാരത്തിനായി നാട്ടിലേക്ക് കൊണ്ടുപോയി.

ജഗന്‍, ആനന്ദ്, മുരുഗേശ്വരി എന്നിവര്‍ അരവിന്ദിന്റെ സഹോദരങ്ങളാണ്. സംസ്ഥാന സര്‍ക്കാരിന്റെ അവയവദാന പദ്ധതിയായ 'മൃതസഞ്ജീവനി'യുടെ നേതൃത്വത്തില്‍ പൂര്‍ത്തിയാകുന്ന 319-ാമത്തെ അവയവദാനമാണിത്.

Content Highlights: Aravind revived the heart, liver and kidneys of four people