ചേർത്തലയിലെ വീട്ടിൽ തിരിച്ചെത്തിയ അൻവിത മാതാപിതാക്കൾക്കൊപ്പം
ചേര്‍ത്തല: യാത്ര നടക്കില്ലെന്നു തോന്നിയ ഘട്ടത്തില്‍ സര്‍ക്കാര്‍ കൈവിടാതെ ചേര്‍ത്തുനിര്‍ത്തി. ആരോഗ്യമന്ത്രി ശൈലജ ടീച്ചര്‍ ഇടപെട്ടത് അമ്മയുടെ വാത്സല്യത്തോടെ. തിരക്കുകള്‍ക്കിടയിലും മുഖ്യമന്ത്രിയുടെ ശക്തമായ ഇടപെടലുകള്‍. മാതൃഭൂമി ന്യൂസിന്റെ ഇടപെടലുകള്‍. സഹായിച്ചവരെയെല്ലാം നന്ദിപൂര്‍വം ഓര്‍ക്കുകയാണ് അന്‍വിതയുടെ കുടുംബം.
കണ്ണിലെ അപൂര്‍വ അര്‍ബുദത്തിന് ഹൈദരാബാദില്‍ കീമോതെറാപ്പി പൂര്‍ത്തിയാക്കി ഞായറാഴ്ച പുലര്‍ച്ചേ ഒന്നോടെയാണ് ഒന്നരവയസ്സുകാരി അന്‍വിത ചേര്‍ത്തലയിലെ വീട്ടില്‍ മടങ്ങിയെത്തിയത്. ശനിയാഴ്ച രാവിലെ ഹൈദരാബാദില്‍നിന്ന് പുറപ്പെട്ടു. മടക്കയാത്രയിലും തടസ്സങ്ങളേതുമില്ലായിരുന്നു.
സഹായിച്ച എല്ലാവര്‍ക്കും നന്ദിയുണ്ടെന്ന് അന്‍വിതയുടെ മാതാപിതാക്കളായ ചേര്‍ത്തല കിഴക്കേനാല്‍പ്പതില്‍ മുണ്ടുപറമ്പത്തുവെളി വിനീതും ഗോപികയും പറഞ്ഞു. അടച്ചിടല്‍മൂലം രണ്ടാമത്തെ കീമോ ചെയ്യാന്‍ പറ്റുമെന്ന് സ്വപ്നത്തില്‍പ്പോലും വിചാരിച്ചതല്ല. മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും പുറമേ എ.എം.ആരിഫ് എം.പി., മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, ബെന്നി ബെഹന്നാന്‍ എം.പി., ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍, ആംബുലന്‍സ് ഡ്രൈവര്‍മാരായ എം.മനോജ്, ജി.ആര്‍.രാജീസ്, ഹൈദരാബാദില്‍ സഹായിച്ച കണ്ണാട്ട് സുരേന്ദ്രന്‍നായര്‍, സാമൂഹികസുരക്ഷാ വകുപ്പ്, പോലീസ് തുടങ്ങി ഒട്ടേറെപ്പേര്‍ സഹായിച്ചു. എല്ലാവര്‍ക്കും നന്ദി അറിയിക്കുന്നെന്നും വിനീത് പറഞ്ഞു.
അന്‍വിതയുടെ മൂന്നാമത്തെ കീമോയ്ക്ക് 28ന് വീണ്ടും ഹൈദരാബാദിലെ ആശുപത്രിയിലെത്തണം. 26ന് പുറപ്പെടണം. അടച്ചിടല്‍ തുടരുന്ന സാഹചര്യത്തില്‍ വീണ്ടും സര്‍ക്കാര്‍ സഹായം ആവശ്യമാകും. ആരോഗ്യവകുപ്പിനെ ഇക്കാര്യം അറിയിച്ചിട്ടുണ്ടെന്നും വിനീത് പറഞ്ഞു.
Content Highlights: anvitha parents expressed their gratitude to shailaja teacher
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..