Photo: AFP
ആലപ്പുഴ: കോവിഡും ഒമിക്രോണും വ്യാപിക്കുമ്പോൾ സ്വയംപരിശോധന നടത്തുന്നവർ ആരോഗ്യവകുപ്പിനു തലവേദനയാകുന്നു. മെഡിക്കൽഷോപ്പുകളിൽനിന്നു ലഭിക്കുന്ന ആന്റിജൻകിറ്റ് വാങ്ങി സ്വയം പരിശോധിച്ചു ചികിത്സ നടത്തുന്നവരുടെ എണ്ണം കൂടുകയാണ്. ഇവരിൽ പോസിറ്റീവാകുന്ന ബഹുഭൂരിപക്ഷംപേരും ആരോഗ്യവകുപ്പിനെ വിവരമറിയിക്കുന്നില്ല. അതുകൊണ്ടുതന്നെ അംഗീകൃത കോവിഡ് കണക്കിൽ ഇവർ ഉൾപ്പെടുന്നുമില്ല.
സർക്കാരും മറ്റു സ്ഥാപനങ്ങളും ആൻറിജൻ പരിശോധനാഫലം അംഗീകരിക്കുന്നില്ല. അംഗീകൃത ലാബുകളിൽനിന്നുള്ള ആർ.ടി.പി.സി.ആർ. ഫലം മാത്രമാണു സ്വീകാര്യം. എങ്കിലും ആന്റിജൻ പരിശോധന വ്യാപകമായി നടക്കുന്നുണ്ട്. വിദ്യാർഥികളും യുവാക്കളുമാണു സ്വയംപരിശോധനാ കിറ്റ് വാങ്ങി ഉപയോഗിക്കുന്നതിൽ ഭൂരിപക്ഷവും. ആന്റിജൻ പരിശോധനാ കിറ്റിന് 250 രൂപയാണു മെഡിക്കൽഷോപ്പുകളിൽ വാങ്ങുന്നത്. ഇതു മൊത്തവിതരണക്കാർ നൽകുന്നതു വെറും 80 രൂപയ്ക്കാണ്. ലാഭം കിട്ടുന്നരീതിയിൽ വില ഏകീകരിച്ച് മെഡിക്കൽ ഷോപ്പുടമകൾ വിൽക്കുകയാണ്. കിറ്റിന് പ്രചാരം നൽകുന്നതിലും ചിലർ പങ്കുവഹിക്കുന്നുണ്ട്.
ആന്റിജൻ കിറ്റുകൾ വാങ്ങിക്കുന്നവരുടെ വിവരം വ്യക്തമായി രേഖപ്പെടുത്തണമെന്നുമുണ്ട്. മിക്ക കടകളിലും ഇതില്ല. ഡ്രഗ്സ് ഇൻസ്പെക്ടർമാരുടെ പരിശോധനയും ഉണ്ടാകുന്നില്ല. കിറ്റുകളുടെ വിൽപ്പനയ്ക്കു നിരോധനമില്ലെന്നും വ്യക്തികൾക്കു കൊടുക്കുന്നതു തടയാനാകില്ലെന്നുമാണ് ഡ്രഗ്സ് ഇൻസ്പെക്ടർമാർ പറയുന്നത്.
സ്വയം പരിശോധനക്കാർ കോവിഡ് മാനദണ്ഡങ്ങളും കാറ്റിൽപ്പറത്തുകയാണ്. കോവിഡ് ബാധിതനായയാൾ ചുരുങ്ങിയത് ഏഴുദിവസം പുറത്തിറങ്ങാതെ വിശ്രമിക്കണമെന്നാണു സർക്കാർ നിർദേശം. സ്വയം പരിശോധന നടത്തുന്നവർ പോസിറ്റീവാണെങ്കിലും രണ്ടുദിവസം കഴിയുമ്പോൾത്തന്നെ പുറത്തേക്കിറങ്ങുന്ന അവസ്ഥയാണ്. അതുകൊണ്ടുതന്നെ ഇത്തരക്കാരിലൂടെ രോഗവ്യാപനം രൂക്ഷമാകും.
അപകടകരം
സ്വയംപരിശോധനയും ചികിത്സയും ശരിയല്ല. കിറ്റ് വാങ്ങിയാലും മൂന്നാമതൊരാളുടെ സഹായമില്ലെങ്കിൽ തൊണ്ടയിൽനിന്നും മൂക്കിൽനിന്നും സ്രവംകിട്ടാൻ സാധ്യത കുറവാണ്. അപ്പോൾ, പോസിറ്റീവായ ആളുടെ ഫലം നെഗറ്റീവായിപ്പോകും. രോഗമില്ലെന്ന ധാരണയിൽ ഇവർ രോഗം പരത്തുകയും ചെയ്യും
ഡോ. സാബു സുഗതൻ
കെ.ജി.എം.ഒ.എ. സംസ്ഥാന എത്തിക്സ് കമ്മിറ്റി, ചെയർമാൻ
Content Highlights: antigen kit for covid, antigen kit accuracy, covid rapid antigen kit
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..