ആന്റിബയോട്ടിക്കുകളില്‍ അവസാനവാക്കാണ് കൊളിസ്റ്റിന്‍. ആ കൊളിസ്റ്റിനെപ്പോലും പ്രതിരോധിക്കാന്‍ ശേഷിയുള്ള ബാക്ടീരിയകള്‍ നമ്മുടെ കുടലിനകത്തുവരെ ജീവിക്കുന്നുണ്ടെന്നതിനു തെളിവുമായെത്തിയിരിക്കുകയാണ് ഒരുകൂട്ടം ഇന്ത്യന്‍ ഡോക്ടര്‍മാര്‍. ഭക്ഷണത്തിലൂടെയാണിവ വയറ്റിലെത്തുന്നത്. ചെന്നൈ അപ്പോളോ ആശുപത്രിയിലെ അണുരോഗ വിദഗ്ധന്‍ ഡോ. അബ്ദുള്‍ ഗഫൂറിന്റെ നേതൃത്തില്‍ മദ്രാസ് സര്‍വകലാശാലയുടെ സഹായത്തോടെ നടത്തിയ പഠനത്തിലാണ് കണ്ടെത്തല്‍. പഠനവിധേയമാക്കിയവരില്‍ 51 ശതമാനം പേരുടെ കുടലിലും കൊളിസ്റ്റിനെ പ്രതിരോധിക്കുന്ന ബാക്ടീരിയയെ കണ്ടെത്തി. കൊളിസ്റ്റിന്‍ അടങ്ങിയ ഭക്ഷണം തീറ്റയായി നല്‍കുന്നതിലൂടെ കോഴികളിലും ഫാമിലെ മൃഗങ്ങളിലുമാണ് ഇത്തരം ബാക്ടീരിയ ആദ്യം വളരുക. ഇറച്ചി കഴിക്കുന്നതിലൂടെ പിന്നീട് നമ്മളിലേക്കും. ഈ ബാക്ടീരിയ നമ്മുടെ ശരീരത്തിലെത്തിയാല്‍ എന്താണു സംഭവിക്കുക? ഒരു മാരക അണുബാധ വന്നാല്‍ ഒരു മരുന്നും ഫലിക്കാതെ വരും. ഏറ്റവുമൊടുവില്‍ മാത്രം ഉപയോഗിക്കേണ്ട വീര്യമേറിയ മരുന്നാണല്ലോ കൊളിസ്റ്റിന്‍. അതിനെവരെ ചെറുത്തുനില്‍ക്കുന്ന ബാക്ടീരിയയെ മറ്റൊരു മരുന്നുപയോഗിച്ചും നശിപ്പിക്കാമെന്ന പ്രതീക്ഷ വേണ്ടെന്നര്‍ഥം.
പ്രതിരോധശേഷി 'പകര്‍ത്തും'
കൊളിസ്റ്റിനെ പ്രതിരോധിക്കാന്‍ ശേഷിയുള്ള അപകടകാരിയായ ബാക്ടീരിയ കുടലിലെത്തുമ്പോള്‍ ഇവയിലടങ്ങിയ കൊളിസ്റ്റിന്‍ റസിസ്റ്റന്‍സ് ഉണ്ടാക്കുന്ന ജനിതകഘടകങ്ങള്‍ കുടലിനകത്തുള്ള മറ്റ് ബാക്ടീരിയയിലേക്കും പടരാന്‍ സാധ്യതയുണ്ട്.
ആഗോളതലത്തില്‍
പല രാജ്യങ്ങളിലും കുടലിലെ ബാക്ടീരിയസാന്നിധ്യം തിരിച്ചറിയാന്‍ പഠനങ്ങള്‍ നടന്നിട്ടുണ്ട്. ഭൂരിഭാഗമിടങ്ങളിലും എടുത്ത സാമ്പിളുകളില്‍ ഒന്നുമുതല്‍ 30 ശതമാനം വരെ പേരിലാണ് കൊളിസ്റ്റിനെ പ്രതിരോധിക്കുന്ന ബാക്ടീരിയയെ കണ്ടെത്തിയത്. വിയറ്റ്‌നാമില്‍ ഇത് 70 ശതമാനമായിരുന്നു.
കൊളിസ്റ്റിനെ വെല്ലുന്ന ബാക്ടീരിയ രണ്ടുതരം
കുടലില്‍ കൊളിസ്റ്റിനെ പ്രതിരോധിക്കുന്ന രണ്ടുതരം ബാക്ടീരിയയുണ്ട്. ഭക്ഷണത്തിലൂടെ എത്തുന്നവയും ആശുപത്രികളില്‍നിന്നു പകരുന്നവയും. ആശുപത്രിയില്‍ നിന്നുണ്ടാകുന്ന ഉഗ്രശേഷിയുള്ള അണുബാധകള്‍ ഒട്ടേറെപ്പേരുടെ ജീവനെടുക്കുന്നുണ്ട്. എന്നാല്‍, ഭക്ഷണത്തിലൂടെയെത്തുന്ന ബാക്ടീരിയയാണ് ഇതിലുമേറെയെന്ന് (പഠനം നടത്തിയതില്‍ 75 ശതമാനവും) പുതിയ പഠനത്തില്‍ കണ്ടെത്തി. നമ്മള്‍ കൊളിസ്റ്റിന്‍ ഉപയോഗിച്ചില്ലെങ്കില്‍പ്പോലും അവയെ പ്രതിരോധിക്കുന്ന അണുക്കള്‍ നമ്മളിലെത്തുമെന്നര്‍ഥം.
കൊളിസ്റ്റിന്‍ നിരോധനം ഉറപ്പാക്കണം
ഫാമുകളില്‍ സര്‍ക്കാര്‍ കൊളിസ്റ്റിന്‍ നിരോധിക്കുന്നതിനു മുമ്പുനടത്തിയ പഠനമാണിത്. അതുകൊണ്ടുതന്നെ നിരോധനം ഉറപ്പുവരുത്തുകയാണ് മുമ്പിലുള്ള വഴി.
പഠനമിങ്ങനെ
2017നും 2018നുമിടയില്‍ 35 സ്ത്രീകളും 30 പുരുഷന്മാരുമടക്കം 65 പേരെയാണ് പഠനവിധേയരാക്കിയത്. മലപരിശോധനയിലൂടെ രോഗികളുടെ കുടലില്‍ കൊളിസ്റ്റിനെ പ്രതിരോധിക്കുന്ന
എന്ററോ ബാക്ടീരിയേസിയേ (Enterobacteriaceaeഇകൊളി, ക്ലെബ്‌സിയെല്ല) സാന്നിധ്യമുണ്ടോയെന്ന് കണ്ടെത്തുകയായിരുന്നു ലക്ഷ്യം.
കണ്ടെത്തലുകള്‍
65ല്‍ 33 (51 ശതമാനം) പേരിലും കൊളിസ്റ്റിന്‍ റസിസ്റ്റന്‍സുള്ള ബാക്ടീരിയയുടെ സാന്നിധ്യമുണ്ട്. ആശുപത്രികളില്‍നിന്ന് പകരുന്ന ബാക്ടീരിയയെക്കാള്‍ കൂടുതലും ഭക്ഷണത്തിലൂടെ എത്തുന്നവയാണ് (75 ശതമാനം).
Content Highlights: antibiotics fail in the fight against bacteria